ശബരിമലയിലെ പ്രക്ഷോഭം ബി.ജെ.പിയുടെ ആസൂത്രണ പ്രകാരമാണ് നടന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് യുവമോര്‍ച്ചാ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ശ്രീധരന്‍പിള്ള ഇക്കാര്യം തുറന്ന് പറഞ്ഞത്. തുലാമാസ പൂജയ്ക്കിടെ സ്ത്രീകള്‍ സന്നിധാനത്തിന് അടുത്തെത്തിയപ്പോള്‍ തന്ത്രി തന്നെ വിളിച്ചിരുന്നതായും സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടാനുള്ള തീരുമാനം തന്റെ പിന്തുണയിന്മേലായിരുന്നു എന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പറയുന്നുണ്ട്.
നട അടച്ചിട്ടാല്‍ കോടതിയലക്ഷ്യമാകില്ലേ എന്ന് തന്ത്രി ചോദിച്ചു, എന്നാല്‍ അതില്‍ കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും അങ്ങനെ വന്നാല്‍
ഒരിക്കലും ഒറ്റയ്ക്കാകില്ലെന്നും താനും പതിനായിരങ്ങളും ഒപ്പമുണ്ടാകുമെന്നും ഉറപ്പുനല്‍കി. നമ്മള് ഒരു അജണ്ട മുന്നോട്ടുവെച്ചു. ആ അജണ്ടയ്ക്ക് പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞ് അണിനിരന്നുവെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ തുറന്നുപറയുന്നു.
ശബരിമല പ്രശ്നം നമുക്കൊരു സുവര്‍ണാവസരമാണ്. ഈ പോരാട്ടം തുടരുമ്പോള്‍ നമ്മളും എതിരാളിയായ ഭരണപക്ഷ പാര്‍ട്ടിയും മാത്രമായിരിക്കും അവശേഷിക്കുക എന്നും ശ്രീധരന്‍പിള്ള പറഞ്ഞു.