ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അറസ്റ്റിലായവരുടെ എണ്ണം 3500 കടന്നു. കഴിഞ്ഞദിവസം മാത്രം 52 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 531 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍കൂടി പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
നാനൂറോളം പേരെ ഇനിയും പിടികൂടാനുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍. ഇവരെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശമുണ്ട്. അതിനായി പുറത്തുവിട്ട ചിത്രങ്ങള്‍ വിവിധ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കൈമാറിയിട്ടുണ്ട്.
തുലാമാസ നടതുറപ്പ് സമയത്തുണ്ടായ സംഘര്‍ഷങ്ങള്‍ നവംബര്‍ അഞ്ചിന് വീണ്ടും ആവര്‍ത്തിച്ചേക്കാമെന്ന വിലയിരുത്തലില്‍ ഡി.ജി.പി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. തീര്‍ഥാടകരെയോ വാഹനങ്ങളോ വഴിതടഞ്ഞുള്ള പരിശോധന അനുവദിക്കരുത്. എല്ലാ ജില്ലയിലും പരമാവധി സേനയെ വിന്യസിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്കുള്ള സന്ദേശത്തില്‍ നിര്‍ദേശിച്ചു.
മൂന്നാം തീയതി രാവിലെ മുതല്‍ തന്നെ ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനായി ആറ് മേഖലകളായി തിരിച്ച് വന്‍ പോലീസ് വിന്യാസം ഒരുക്കനാണ് തീരുമാനം. സന്നിധാനത്തിന്റെ ചുമതല ഐജി പി. വിജയനാണ്. കൊല്ലം കമ്മീഷണര്‍ പി.കെ. മധുവും സന്നിധാനത്തുണ്ടാവും. 200 പോലീസുകാരെ സന്നിധാനത്ത് മാത്രം വിന്യസിക്കും. മരക്കൂട്ടത്ത് എസ്പി വി. അജിത്തിന്റെ നേതൃത്വത്തില്‍ 100 പോലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും. പമ്പയിലും നിലയ്ക്കലിലും 200 വീതം പോലീസും 50 വീതം വനിതാ പോലീസും ഉണ്ടാകും.