Skip to main content

cheruthoni after flood

 

(ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് നടത്തിയ യാത്രയില്‍ നിന്ന്)

കേരളത്തിലെ മഹാപ്രളയത്തിന് മുമ്പും, ഇടയിലും, ശേഷവും ആവര്‍ത്തിച്ച് കേട്ട പേരാണ് ചെറുതോണി. ഇടുക്കി അണക്കെട്ട് (ചെറുതോണി ഡാം) തുറന്നാല്‍ ആദ്യം വെള്ളമെത്തുന്നത് ചെറുതോണിയിലായതിനാല്‍ എല്ലാ മാധ്യമങ്ങളും ഇവിടെ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. പ്രളയത്തിന് മുമ്പ് തന്നെ വാര്‍ത്ത അറിയുന്ന എല്ലാവര്‍ക്കും ചെറുതോണി സുപരിചിതമായി. ഇടുക്കിയിലെ ഷട്ടറുകളൊന്നൊന്നായി ഉയര്‍ത്തുമ്പോള്‍ അതിന്റ തീവ്രത ആദ്യം പ്രതിഫലിച്ചത് ഈ കൊച്ചു പട്ടണത്തില്‍ തന്നെയായിരുന്നു. പ്രളയാനന്തരവും ചെറുതോണിയിലേക്കുള്ള ഒഴുക്ക് നിലയ്ക്കുന്നില്ല. നേരത്തെ അണക്കെട്ടില്‍ നിന്നുള്ള വെള്ളമായിരുന്നു ചെറുതോണിയെ ലാക്കാക്കി എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ കാഴ്ചക്കാരാണ് അവിടേക്ക് ഒഴുകുന്നത്.

 

പ്രളയത്തില്‍ കുലുങ്ങാതെ നിന്ന ചെറുതോണി പാലത്തില്‍ ഇപ്പോള്‍ ഗതാഗതത്തിരക്കാണ്. വെള്ളമെടുത്തുപോയ സമീപത്തെ ബസ് സ്റ്റാന്റും മറ്റ് ദുരന്തപാത്രങ്ങളായ ഇടങ്ങളും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന കാഴ്ച. അണക്കെട്ടടച്ചതോടെ ചിലയിടങ്ങളില്‍ കെട്ടിനില്‍ക്കുന്നതൊഴിച്ചാല്‍ പെരിയാറില്‍ വെള്ളമില്ല. ഒഴുകി വന്ന വലുതും ചെറുതുമായ കല്ലുകളാണ് നദിയില്‍ നിറയെ. വരുന്നവരെല്ലാം കല്ലുകള്‍ക്കിടയില്‍ നിന്നും കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങിയും പാലത്തെ പശ്ചാത്തലമാക്കിയും സെല്‍ഫി പകര്‍ത്തുന്നതില്‍ വ്യാപൃതര്‍. ഈ കാഴ്ചക്കാരെ ലക്ഷ്യമാക്കി ഐസ് ക്രീം വില്‍പ്പനയും ആരംഭിച്ചിട്ടുണ്ട്.

landslide

നേര്യമംഗലത്ത് നിന്നും തൊടുപുഴയില്‍ നിന്നും ചെറുതോണിയിലേക്ക് പോകുന്ന വഴികളില്‍ വലിയ തോതിലുള്ള മണ്ണിടിച്ചിലുണ്ടായിരുന്നു. നേര്യമംഗലം ഇടുക്കി പാതയുടെ വശങ്ങളോട് ചേര്‍ന്നൊഴുകുന്ന പുഴയും ദുരന്ത ചിത്രമവശേഷിപ്പിക്കുന്നു. വന്‍തോതില്‍ മണ്ണും കല്ലും ചളിയും വന്നടിഞ്ഞിട്ടുണ്ട്. ഈ ദുരന്തക്കാഴ്ചകളുടെ തീവ്രതയനുസരിച്ച് യാത്രക്കാര്‍ ഓരോ ഇടങ്ങളിലും ഇറങ്ങുന്നു. ചിത്രം പകര്‍ത്തുന്നു. തീവ്രതയേറിയ കാഴ്ച സമ്മാനിക്കുന്നിടത്ത് തിരക്ക് കൂടുതലാണ്. ചെറുതോണിയില്‍ എത്തുന്നവരില്‍ ചുരുക്കം ചിലര്‍മാത്രമാണ് അണക്കെട്ട് കാണാന്‍ വരുന്നത്. അങ്ങനെ വരുന്നവരില്‍ ചിലര്‍പറയുന്നുണ്ടായിരുന്നു 'ചെറുതോണി കണ്ട് നിന്നുപോയി, അണക്കെട്ടിന്റെ കാര്യം പിന്നെയാ ഓര്‍ത്തത്' എന്ന്. യഥാര്‍ത്ഥ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് പ്രളയബാധിത മേഖലകളിലേക്ക് കാഴ്ചക്കാരുടെ ശ്രദ്ധമാറിയിരിക്കുന്നു എന്ന് വ്യക്തം.

 

ഇപ്പോഴും ഇടുക്കിയിലേക്കുള്ള ഗതാഗതം സുഗമമാണ് എന്ന് പറയാന്‍ വയ്യ. അത് പൂര്‍വ്വസ്ഥിതിയിലേക്കെത്തുന്ന പക്ഷം യാത്രക്കാരുടെ എണ്ണം ഇനിയും കൂടും. സ്വദേശികളുടെ വിഷമക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് വിനോദമാകും. ഇടുക്കിയില്‍ മാത്രം ഇത് ഒതുങ്ങിയെന്ന് വരില്ല. ഇത്തരത്തിലുള്ള ദുരന്താനന്തര വിനോദസഞ്ചാരം അപകടങ്ങളിലേക്കും നയിച്ചേക്കാം. കാരണം ഇടുക്കിയെ ഉദാഹരണമാക്കിയാല്‍ മീറ്റര്‍ കണക്കിന് ഉയരത്തില്‍ നിന്നാണ് മണ്ണിടിഞ്ഞ് പാതകളിലേക്ക് വീണിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും താഴേക്കൂര്‍ന്നിറങ്ങാന്‍ പാകത്തിനുള്ള കെട്ടിടങ്ങളും മരങ്ങളും വലിയ കല്ലുകളും വേറെ. ഈ സാഹചര്യത്തില്‍ ഒരു ചെറിയ മഴപെയ്താല്‍ പോലും അവ നിലംപതിക്കാം. അതിനാല്‍ ഇത്തരം പ്രദേശങ്ങളിലേക്ക് വിനോദത്തിനുള്ള യാത്ര ഒഴിവാക്കുക. അത് സഞ്ചാരികള്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും ഒരുപോലെ ഗുണം ചെയ്യും.