Skip to main content

 sabrimala-temple

"ശബരിമല അയ്യപ്പനില്‍ സ്ത്രീകള്‍ വിശ്വസിക്കുന്നു എങ്കില്‍ അവര്‍ക്ക് അവിടെ ദര്‍ശനവുമാകാം"  എന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിരീക്ഷണം ഇക്കാര്യത്തില്‍ സുപ്രീം കോടതിക്കുള്ള അജ്ഞതവെളിവാക്കുന്നു. ഈ അജ്ഞത നീക്കുന്നതിന് എതിര്‍ഭാഗത്തു നിന്ന് ഹാജരായ അഭിഭാഷകര്‍ക്കും കഴിഞ്ഞില്ല. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആര്‍.പി ഗുപ്ത സുപ്രീം കോടതിയില്‍ വാദിച്ചത് ശബരിമല ഇന്ത്യയിലെ മറ്റെല്ലാ ക്ഷേത്രങ്ങള്‍ പോലെയാണെന്നാണ്. അത് തെറ്റായ ധാരണയാണ്. ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഏക ക്ഷേത്രമാണ് ശബരിമല.

 

ശബരിമലയൊഴികെ മറ്റെല്ലാ ക്ഷേത്രങ്ങളിലും ആളുകള്‍ പോകുന്നത് ആ ക്ഷേത്രത്തിലെ ദേവതയെ ആരാധിക്കാനാണ്. ഭാരതീയ സംസ്‌കാരത്തെക്കുറിച്ചുള്ള അടിസ്ഥാന ജ്ഞാനത്തിന്റെ അഭാവമാണ് 'ദേവതയില്‍ വിശ്വസിക്കുക' എന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വാക്കുകളില്‍ പ്രകടമായത്. ആരാധനയിലൂടെ അല്ലെങ്കില്‍ ഭക്തിയിലൂടെ ഈശ്വരനെ തേടലാണ് ക്ഷേത്രങ്ങളിലൂടെയും മറ്റ് ആചാരങ്ങളിലൂടെയും വിവക്ഷിക്കപ്പെട്ടിട്ടുള്ളത്.

 

ശബരിമലയില്‍ പോകുന്ന വ്യക്തി, ശബരിമല അയ്യപ്പനെ ആരാധിക്കാനായിട്ടല്ല മല ചവിട്ടുന്നതും പതിനെട്ടാംപടി കയറി ദര്‍ശനം നടത്തുന്നതും. ശാസ്ത്രീയമായ രീതിയില്‍ ശബരിമല ദര്‍ശനം നടത്തേണ്ടത് 41 ദിവസത്തെ വ്രതമെടുത്തിട്ടാണ്. ശബരിമലയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി മാലയിടുമ്പോള്‍ മുതല്‍ ആ വ്യക്തി ശബരിമലയിലെ ദേവതയായ അയ്യപ്പനായി മാറുകയാണ്. വ്യക്തിയിലുള്ള ഈശ്വരനെ അധവാ പ്രപഞ്ച ശക്തിയെ അനുഭൂതിയോടെ അനുഭവിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് 41 ദിവസം അനുഷ്ഠാനങ്ങളിലൂടെ നിര്‍വഹിക്കപ്പെടുന്നത്. 41 ദിവസം ഒരു വ്യക്തി അയാള്‍ ജീവിക്കുന്ന ഭൗതിക ലോകത്തുനിന്നും ഏതാണ്ട് പൂര്‍ണമായും പിന്‍വാങ്ങി ആന്തരിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. അതായത് പൂര്‍ണമായും നോട്ടം പുറത്ത് നിന്ന് അകത്തേക്കാക്കുന്നു. സമ്പൂര്‍ണമായ ധ്യാനാവസ്ഥ. ധ്യാനം ശീലമില്ലാത്തവര്‍ക്ക്, ആ ഫലപ്രാപ്തിയിലേക്ക് അനായാസമായി എത്തുന്നതിന് വേണ്ടിയാണ് വ്രതനിഷ്ഠകള്‍. ആ വ്രതനിഷ്ഠയിലൂടെ ശരീരവും മനസ്സും ബുദ്ധിയും ഒരേ തരംഗഗതിയില്‍ എത്തുന്നു. ആ ലയാവസ്ഥയില്‍ വ്യക്തി പ്രപഞ്ചശക്തിയുമായി താതാത്മ്യം പ്രാപിക്കുന്നു. ആ യോഗാ അവസ്ഥയിലാണ് ശബരിമലയില്‍ ശ്രീകോവിലിലെ അയ്യപ്പന്റെ വിഗ്രഹ പ്രതിഷ്ഠയും.

 

ടാവോയിസത്തിലെ ഇന്നും യാങ്ങും പോലെയാണ് ഇരുമുടിക്കെട്ട്. പ്രപഞ്ചരഹസ്യത്തിന്റെ ഗണിതശാസ്ത്ര പ്രതീകമാണ് 18 വിദ്യകളെ ഉദ്‌ഘോഷിക്കുന്ന 18 പടികള്‍. വ്രതാനുഷ്ഠാനങ്ങളിലൂടെ ഈ പടി കയറിച്ചെല്ലുന്ന അയ്യപ്പന്‍ കാണുന്നത് തത്ത്വമസി അധവാ അത് നീയാകുന്നു എന്ന ലിഘിതമാണ്. ഒരര്‍ത്ഥത്തില്‍ ശ്രീകോവിലിലെ വിഗ്രഹ ദര്‍ശനം പോലും അപ്രസക്തമെന്ന് ഉച്ചത്തില്‍ പ്രഖ്യാപിക്കുക കൂടിയാണ് അവിടെ. ഭാരത സംസ്‌കൃതിയുടെ ഉപനിഷത് രഹസ്യമാണ് ഇതിലൂടെ വെളിവാക്കുന്നത്. ആ ഉപനിഷത് രഹസ്യാനുഭൂതി ശരാശരി മനുഷ്യനിലേക്ക് പകരുകയാണ് ശബരിമലയുടെ ദൗത്യം .അതാണ് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും ശബരിമലയെ വേറിട്ടു നിര്‍ത്തുന്നത്. സുപ്രീം കോടതിയുടെ ഈ നിരീക്ഷണങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് ശ്രീനാരായണ ഗുരുവിന്റെ വരികളാണ് "കപടയതിക്ക് കരസ്ഥമാവുകയില്ലീ ഈ ഉപനിഷത്‌യുക്തി രഹസ്യമോര്‍ത്തിടേണം"

 

ആമ അതിന്റെ ഇന്ദ്രീയങ്ങളെ ഉള്‍വലിക്കുന്നതുപോലെ വ്രതമനുഷ്ഠിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് ഉപനിഷത് യുക്തി രഹസ്യാനുഭൂതിയായ തത്ത്വമസി അനുഭവവേദ്യമാകണമെങ്കില്‍. 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവ ചക്രമുണ്ടാകുന്ന രജസ്വലയായ സ്ത്രീയ്ക്ക് ഇന്ദ്രീയങ്ങളെ സാധാരണ ഗതിയില്‍ ഉള്‍വലിക്കാന്‍ കഴിയില്ല. ഏത് പ്രകൃതിയില്‍ നിന്നാണോ ഉള്‍വലിയേണ്ടത് ആ പ്രകൃതി തന്നെ സ്ത്രീയില്‍ സക്രിയമായി ആര്‍ത്തവ ചക്രം സൃഷ്ടിച്ച് ഇന്ദ്രീയങ്ങളെ പുറത്തേക്ക് തുറക്കുമ്പോള്‍, അതിനെ ഉള്‍വലിക്കാന്‍ ശ്രമിച്ചാല്‍ മനസ്സും ശരീരവും സംഘട്ടനത്തിലേര്‍പ്പെടും. മനസ്സും ശരീരവും ബുദ്ധിയും തമ്മിലുള്ള സംഘട്ടനങ്ങളെ സൂക്ഷ്മ തലത്തില്‍ ഒഴിവാക്കുക തന്നെയാണ് വ്രതലക്ഷ്യം. അത് സ്ത്രീയ്ക്ക് ബുദ്ധിമുട്ടാകും എന്നതിനാലാണ് രജസ്വലകള്‍ ശബരിമല ദര്‍ശനം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. അത് ക്രമേണ ആചാരമായും പിന്നെ വിലക്കായും മാറിയെന്നുമുള്ളതാണ് വസ്തുത.

 

രജസ്വലയായ സ്ത്രീകള്‍ ആര്‍ത്തവ സമയത്തു തന്നെ ശബരിമല ക്ഷേത്രത്തില്‍ കയറിയതുകൊണ്ടോ വിഗ്രഹത്തില്‍ സ്പര്‍ശിച്ചതുകൊണ്ടോ ശബരിമല ക്ഷേത്രത്തിനും അയ്യപ്പനും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. വ്യക്തിയെന്ന നിലയില്‍ മനുഷ്യന് അവന്റെയും അവളുടെയും പൂര്‍ണ സാധ്യതകളിലേക്ക് ഉയരുവാനുള്ള സങ്കേതങ്ങളായിട്ടാണ് ഇന്ത്യയില്‍ ക്ഷേത്രങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്. അല്ലാതെ ആരാധനാലയങ്ങളായിട്ടല്ല. ക്ഷേത്രങ്ങള്‍ അതുകൊണ്ട് തന്നെ പ്രാര്‍ത്ഥന ചൊല്ലാനുള്ള സ്ഥലവുമല്ല. വ്യക്തിക്ക് ഉന്നമനത്തിലേക്കുള്ള പ്രയാണത്തില്‍ ശാരീരികവും മാനസികവുമായ ആഘാതങ്ങള്‍ ഒഴിവാകുന്നതിന് വേണ്ടിയാണ് രജസ്വലകളായ സ്ത്രീകള്‍ ശബരിമലദര്‍ശനം ഒഴിവാക്കണമെന്നതിലെ താല്‍പ്പര്യം.

 

സുപ്രീം കോടതിയെ ഹര്‍ജിയുമായി സമീപിച്ചവര്‍ ക്ഷേത്ര സംസ്‌കാരത്തിലോ ഭാരതീയ സംസ്‌കാരത്തിലോ തല്‍പ്പരരല്ല. പടിഞ്ഞാറുനിന്ന് ഇറക്കുമതി ചെയ്യപ്പെട്ട സ്ഥാപിത താല്‍പ്പര്യങ്ങള്‍ ഗുപ്തമായിട്ടുള്ള ആശയങ്ങളുടെ പ്രയോഗത്തിലൂടെ അസ്വസ്ഥതകള്‍ സൃഷ്ടിക്കുക എന്നതാണ് ഇത്തരം ശക്തികളുടെ താല്‍പ്പര്യമെന്ന് അന്വേഷിച്ചാല്‍ അറിയാന്‍ കഴിയും. ശബരിമലയില്‍ വരുന്ന യുവതികള്‍ ദര്‍ശനത്തിനായി വരുന്നവരാണോ വിനോദത്തിനായി വരുന്നവരാണോ എന്ന് തിരിച്ചറിയുക ബുദ്ധിമുട്ടാകും. നിലവിലെ സ്ഥിതിയില്‍ പോലും നിന്ന് തിരിയാന്‍ ഇടമില്ലാതെ തിരക്കനുഭവപ്പെടുന്ന ശബരിമലയില്‍ യുവതികളുടെ സാന്നിധ്യം പല പ്രായോഗിക പ്രശ്‌നങ്ങളും ഉയര്‍ത്താനിടയുണ്ട്. നിലവുലുള്ള നിയമമനുസരിച്ച് ശക്തമായ കേസുകള്‍ക്കിടയാക്കുന്ന സാഹചര്യങ്ങള്‍ ധാരാളം ഉണ്ടാകാനും സാധ്യതയേറെയാണ്.