തായ്‌ലാന്റിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീം അംഗങ്ങളായ എല്ലാ കുട്ടികളെയും പരിശീലകനെയും രക്ഷപ്പെടുത്തി. ഇന്ന് അഞ്ച് പേരെയാണ് പുറത്തെത്തിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംഘത്തിലുണ്ടായിരുന്ന എട്ട് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. പിന്നീട് അവശേഷിച്ചത് പരിശീലകനും നാല് കുട്ടികളുമായിരുന്നു. ഇന്ന് പ്രാദേശികസമയം രാവിലെ പത്ത് മണിയ്ക്കാരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിലൂടെ ഇവരെയും പുറത്തെത്തിക്കുകയായിരുന്നു.
ജൂണ്‍ 23-നാണ് ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്. പത്ത് ദിവസസത്തിന് ശേഷമാണ് ഇവരെ ഡൈവിംഗ് വിദഗ്ധര്‍ കണ്ടെത്തിയത്. തുടര്‍ന്ന് സംഘത്തിന് ഭക്ഷണവും വൈദ്യസഹായവും എത്തിച്ചു. ശേഷമാണ് ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്. ആദ്യം ഗുഹ തുളച്ച് അകത്ത് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍ അപകട സാധ്യത കണക്കിലെടുത്ത് അത് ഉപേക്ഷിച്ചു.
അവസാനം കുട്ടികളെ വെള്ളത്തിലൂടെ തന്നെ പുറത്തെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി നീന്തല്‍ വിദഗ്ധര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. പിന്നീട് ബഡ്ഡി ഡൈവിംഗ് സംവിധാനമുപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി ഇവരെ പുറത്തെത്തിക്കുകയായിരുന്നു.