Skip to main content
തിരുവനന്തപുരം

സോളാര്‍ തട്ടിപ്പില്‍ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വെക്കേണ്ടതില്ലെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രി ഘടക കക്ഷികളും മറ്റു മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

യു.ഡി.എഫ് ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കുമെന്നും നിരവധി തവണ മൊഴിമാറ്റി പറഞ്ഞ ഒരാളുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തല പറഞ്ഞു. സോളാര്‍ വിവാദത്തിനു പിന്നില്‍ എല്‍.ഡി.എഫിന്റെ ഗൂഡാലോചനയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

ശ്രീധരന്‍നായരുടെ മുഖ്യമന്ത്രിക്കെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ വന്നതിന്റെ പഞ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഔദ്യാഗികവസതിയായ ക്ളിഫ് ഹൗസില്‍ യു.ഡി.എഫ് യോഗം നടന്നത്. രമേശ് ചെന്നിത്തല, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, കെ.പി മോഹനന്‍, അടൂര്‍ പ്രകാശ് ,ഷിബു ബേബി ജോണ്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ കണ്ടു. ചൊവ്വാഴ്ച രാവിലെ അടിയന്തര മന്ത്രിസഭായോഗം ചേരും.  

 

താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിലെത്തി സരിത എസ്. നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടു എന്നാണ് ശ്രീധരന്‍ നായര്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.