Skip to main content
kollam

kevin

പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശിയായ നവവരന്റെ മൃതദേഹം തെന്മലയില്‍ കണ്ടെത്തി. കോട്ടയം നട്ടാശേരി എസ്.എച്ച് മൗണ്ടില്‍ കെവിന്‍ പി. ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ ഇന്നു പുലര്‍ച്ചെ കണ്ടത്. കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്നാണു നിഗമനം.

 

സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ ആയ എം.എസ് ഷിബുവിനേയും എ.എസ്.ഐയേയും സസ്‌പെന്റ് ചെയ്തു. കൂടാതെ കോട്ടയം എസ്.പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റുകയും ചെയ്തു. പോലീസിന്റെ വീഴ്ചയാണ് കെവിന്‍ മരണപ്പെടാന്‍ കാരണമായത് എന്ന ശക്തമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

 

കെവിനെ കാണ്മാനില്ല എന്ന പരാതിയുമായിയെത്തിയ ഭാര്യ നീനുവിനോട് വളരെ മോശമായിട്ടാണ് പോലീസ് പെരുമാറിയത്. പരാതിയിന്മേല്‍ യാതൊരു നടപടിയെടുക്കാന്‍ പോലീസ് ആദ്യം തയാറായില്ല എന്നും ആക്ഷേപമുണ്ട്. സംഭവത്തെ പിന്നീട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോഴാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

 

ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി പോലീസ് സ്വീകരിച്ചില്ല. ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി 11 മണിക്ക് നീനുവും പോലീസ്സ്‌റ്റേഷനിലെത്തി. എന്നാല്‍ ആ പരാതിയും പോലീസ് ആദ്യം സ്വീകരിക്കാതിരിക്കുകയായിരുന്നു.

 

ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട യുവാവ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ ചൊടിപ്പിച്ചത്. പല തവണ പൊലീസിന് മുന്നില്‍ വെച്ച് തന്നെ പെണ്‍കുട്ടിയെ വിളിച്ച് കൊണ്ടു പോകാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും താന്‍ കെവിനൊപ്പം പോകുമെന്ന ഉറച്ച നിലപാട് പെണ്‍കുട്ടി എടുക്കുകയായിരുന്നു.

 

പെണ്‍കുട്ടിയും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കെവിന്റെ ജാതിയും ജോലിയുമായിരുന്നു അവര്‍ പ്രശ്നമായി ഉയര്‍ത്തിയത്. ഒടുവില്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്തതിന് പിന്നാലെ സഹോദരന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം എത്തി ഇയാളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

 

കെവിനെയും ഇയാളുടെ പിതൃസഹോദരിയുടെ മകന്‍ മാന്നാനം കളമ്പുകാട്ടുചിറ അനീഷ് സെബാസ്റ്റ്യനെയുമാണ് മാരകായുധങ്ങളുമായെത്തിയ സംഘം കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്. അനീഷിന്റെ വീട് സംഘം അടിച്ചു തകര്‍ക്കുകയും ചെയ്തു. അനീഷിനെ പിന്നീടു സംഘം റോഡില്‍ ഉപേക്ഷിച്ചെങ്കിലും. കെവിനെക്കുറിച്ചു വിവരമൊന്നുമില്ലായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.