Skip to main content

crow

രണ്ടാം കൊല്ലം കായ്ക്കുന്ന മൂവാണ്ടന്‍ മാവ്. ഒരു മൂന്നു നില പൊക്കമുണ്ട്. അഞ്ചിഞ്ചിനോടടുത്ത് വണ്ണവും. എങ്കിലും അതില്‍ കയറുകന്നത് അത്ര പ്രായോഗികമല്ല. മാങ്ങ വിളഞ്ഞ് പഴുത്തു തുടങ്ങി. വവ്വാലും മറ്റു കിളികളും ചപ്പിത്തുടങ്ങി. അതു പറിക്കുന്ന കാര്യം ആലോചിച്ചപ്പോള്‍ ഭൂതകാലത്തില്‍ നിന്ന് വന്ന  ഒന്നു രണ്ടു ദൃശ്യങ്ങള്‍ മനസ്സിന്റെ സ്‌ക്രീനില്‍ തെളിഞ്ഞു. തോട്ടിയുടെ അറ്റത്ത് വല കെട്ടി അതിനുള്ളിലാക്കി ശിഖരങ്ങളുടെ അറ്റത്തു നിന്നും മാങ്ങ തറയില്‍ വീഴാതെ പറിക്കുന്നത്. മറ്റൊന്ന് ഒരാള്‍ മാവില്‍ കയറി കൈകൊണ്ട് പറിച്ച് താഴേക്ക് ഇടുമ്പോള്‍  മറ്റൊരാള്‍ അത് കാലിച്ചാക്ക് മേല്‍പ്പോട്ടുയര്‍ത്തി അതിനുള്ളിലാക്കുന്ന രീതിയും. ഈ രണ്ട് മാര്‍ഗവും ഇവിടെ പ്രായോഗികമല്ല. പിന്നെയുള്ള വഴി തോട്ടികൊണ്ട് പറിച്ച് താഴെയിടുക എന്നതാണ്. പക്ഷെ തറയില്‍ വീണാല്‍ പഴുപ്പിക്കാന്‍ കൊള്ളില്ല. കാരണം വീഴുമ്പോള്‍ സ്വാഭാവികമായും തറയില്‍ കൊള്ളുന്ന ഭാഗം ചതയും. ചതഞ്ഞ ഭാഗം പഴുക്കുമ്പോള്‍ അഴുകും.

 

തോട്ടിയുമായി മാവിന്റെ ചുവട്ടിലെത്തി. എന്തുവേണം എന്നാലോചിക്കുമ്പോള്‍ മാവിന്റെ ഒരു ശിഖിരക്കവലയില്‍ കാക്കക്കൂട്. അതാകട്ടെ കമ്പും കൊളിയും ചകിരിയും കൊണ്ടുണ്ടാക്കിയതല്ല. നല്ല ഒന്നാംതരം കെട്ടു കമ്പി, പലവര്‍ണ്ണങ്ങളിലുള്ള വയറ്, കനം കുറഞ്ഞ പ്ലാസ്റ്റിക് കവറ് എന്നിവ കൊണ്ടുള്ളത്. എന്നാല്‍ അത്യാവശ്യം കൂടുകെട്ടാനുള്ള കമ്പും മറ്റു സാധനങ്ങളുമൊക്കെ ഈ കാക്കകള്‍ക്ക് സംഘടിപ്പിക്കാവുന്നതേ ഉള്ളൂ. അത്രയ്ക്ക് ക്ഷാമം വന്നിട്ടില്ല. എങ്കിലും സുലഭമായ വസ്തു കമ്പിയും വയറും പ്ലാസ്റ്റിക് കയറുമായതിനാലാകും അവ ആ മാറ്റത്തിലേക്ക് പ്രവേശിച്ചത്. അതില്‍ നോക്കി നിന്നപ്പോഴാണ് തോട്ടിയുടെ അറ്റത്തു കെട്ടാനുള്ള വലയക്ക് പകരം പ്ലാസ്റ്റിക് കവര്‍ ഓര്‍മ്മയിലെത്തിയത്. തോട്ടിയുടെ അറ്റത്ത് ഉടന്‍ പ്ലാസറ്റിക് കവര്‍ കെട്ടി. അതിന്റെ രണ്ടു വള്ളിയും രണ്ടു ഭാഗത്തായി. എന്നിട്ടുയര്‍ത്തി മാങ്ങ അതിനുള്ളിലേക്ക് കയറ്റി തൊട്ടിയുടെ ത്‌ലാപ്പുകൊണ്ട് മാങ്ങ പൊട്ടിച്ചു. മാങ്ങ കവറിനുള്ളില്‍. അങ്ങനെ ഓരോ മാങ്ങ പറിക്കുമ്പോഴും പുതിയ ഓരോ സങ്കേതങ്ങള്‍ തുറന്നു കിട്ടി. പിന്നിട് തോട്ടിയുയര്‍ത്തി പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് മാങ്ങ കയറ്റി തോട്ടി രണ്ടു കറക്കം കറക്കി താഴേക്കൊന്നു വലിച്ചാല്‍ ത്‌ലാപ്പു കൊണ്ടു കൊരുത്തു പിടിക്കാന്‍ നില്‍ക്കാതെ അനായാസം മാങ്ങ പറിക്കാന്‍ സാധിച്ചു. ആ മാവിലെ കാക്ക ഗുരു അഥവാ കാക്കമാസ്റ്ററാണ് പെട്ടെന്ന് പ്ലാസ്റ്റിക് കവറിനെ ഓര്‍മ്മിപ്പിച്ചത്. വിളഞ്ഞ മാങ്ങ പൊട്ടിക്കാന്‍ വാസ്തവത്തില്‍ വഴികാണിച്ച് കാക്ക തന്നെ.
         

 

മാധ്യമങ്ങളിലും പൊതു വേദികളിലും തുടങ്ങി എവിടെയെല്ലാം മനുഷ്യന്‍ കൂടുന്നുവോ അവിടെയൊക്കെ പരാതികളുടെ കൂമ്പാരമാണ്. അതില്ല ഇതില്ല, അതിങ്ങനെയായിപ്പോയി അതു നശിച്ചുപോയി, പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍, അന്നിങ്ങനെയായിരുന്നു, എല്ലാം നശിച്ചു പോയി എന്നൊക്കെ. മനുഷ്യന്‍ തന്നെ വരുത്തിയ പൊല്ലാപ്പാണിതെല്ലാം. അതേ മനുഷ്യനു തന്നെ എന്തു വേണമെങ്കിലും എക്കാലത്തേക്കാളും മെച്ചമായി സൃഷ്ടിക്കാനും കഴിയും. എന്നാല്‍ ഈ ഇല്ലായ്മ ചിന്തയാലും പഴി പറച്ചില്‍ കാരണവും മനുഷ്യന്‍ വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. അകമേയുള്ള മനുഷ്യന്‍ അനുഭവിക്കുന്ന ഞെരുക്കത്തന്റെ ഫലമാണത്. അല്ലാതെ പുറത്തെ ഇല്ലായ്്മയല്ല അതിനു കാരണം. അവിടെയാണ് ഈ കാക്കകളെ കണ്ട് മനുഷ്യന്‍ പഠിക്കേണ്ടത്. പഴയതു പോലെ കൂടുണ്ടാക്കാന്‍ മനുഷ്യന്റെ വിവരമില്ലായ്മയും വിവേകമില്ലായ്മയും കാരണം അവറ്റകള്‍ക്ക് സാധിക്കുന്നില്ല. പകരം മനുഷ്യന്റെ അലക്ഷ്യം മൂലം ലഭ്യമാകുന്ന പാഴ് വസ്തുക്കള്‍ ധാരാളം. ആരോടും ഒരു പരാതിയും പറയാതെ, ഇല്ലായമയുടെ പേരില്‍ ഒരു അധികക്കരച്ചില്‍ പോലും നടത്താതെ ലഭ്യമായവ വച്ച് ഗംഭീരന്‍ കൂടുകളുണ്ടാക്കി അവ സുഖമായി ജീവിക്കുന്നു. ഉണക്കക്കമ്പുകള്‍ കിട്ടാത്തതിന്റെ പേരില്‍ ഒരു ചെടിയുടെ പച്ചക്കൊമ്പു പോലും കാക്കകള്‍ ഒടിക്കുന്നില്ല.
    

 

ഈ കാക്കയുടെ സര്‍ഗ്ഗാത്മകതയെങ്കിലും വികസനം, വികസനം എന്നു പറഞ്ഞ് വികസിക്കാന്‍ വെമ്പുന്ന മനുഷ്യന്‍ കാണിച്ചിരുന്നുവെങ്കില്‍ നമ്മുടെ പരിസ്ഥിതിയും സാമൂഹ്യാന്തരീക്ഷവും ഇന്നിത്രയും മലീമസമാകുമായിരുന്നില്ല.