നടി മേഘ്ന രാജും കന്നട നടന് ചിരഞ്ജീവി സര്‍ജയും വിവാഹിതരായി. കോറമംഗല സെന്റ് ആന്റണീസ് ഫ്രെയറി പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
മേഘ്നയുടെ അമ്മ കൃസ്ത്യാനി ആയതിനാലാണ് പള്ളിയില്‍ വച്ച് വിവാഹം നടത്തിയത്. മെയ് രണ്ടിന് ഹിന്ദു ആചാരപ്രകാരം ബംഗളൂരുവില്‍ വീണ്ടും വിവാഹം നടക്കും. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. രണ്ട് മതാചാരപ്രകാരവും വിവാഹം നടക്കുമെന്ന് മേഘ്ന നേരത്തെ അറിയിച്ചിരുന്നു.
കന്നഡ നടന് സുന്ദര്‍ രാജന്റെയും പ്രമീള ജോഷെയുടെയും മകളായ മേഘ്ന ജനിച്ചതും വളര്‍ന്നതും ബംഗളൂരുവിലാണ്. വിനയന് സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തില്‍ അരങ്ങേറിയത്. തുടര്‍ന്ന് ആഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ മലയാള ചിത്രങ്ങളിലും വേഷമിട്ടു. 2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവി സര്‍ജയുടെ ആദ്യ സിനിമ.