Skip to main content

 angamaly-murder-shuhaib

ഇന്നലെയും ഇന്നുമായി കേരള മനഃസാക്ഷിയെ നടുക്കുന്ന വാര്‍ത്തകളാണ് അങ്കമാലിയില്‍ നിന്നും കണ്ണൂരില്‍ നിന്നും വന്നത്. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സ്വന്തം ജ്യേഷ്ഠനെയും കുടുംബത്തെയും ഇല്ലാതാക്കിയ സംഭവമാണ് ഇന്നലെ വൈകുന്നേരം അങ്കമാലിയില്‍ ഉണ്ടായത്. മുപ്പത് വയസ്സ് തികയാത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മുപ്പതിലേറെ തവണ വെട്ടി, ഇല്ലാതാക്കിയ വാര്‍ത്തയാണ് കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ വന്നത്. ഈ രണ്ട് സംഭവങ്ങള്‍ നടന്ന പശ്ചാത്തലങ്ങള്‍ വ്യത്യസ്തമാണെങ്കിലും അതിന് പിന്നിലെ രോഗം ഒന്ന് തന്നെയാണ്. മലയാളിക്ക് സഹോദരനെ തിരിച്ചറിയാന്‍ ആകുന്നില്ല എന്ന രോഗം.

 

സ്വന്തം സഹോദരനെയും, അയാളുടെ ഭാര്യയെയും മകളെയും വാക്കത്തി കൊണ്ട് ആക്രമിച്ചു ഇല്ലായ്മ ചെയ്യാന്‍ ബാബു എന്ന വ്യക്തിക്ക് യാതൊരു മടിയും ഉണ്ടായില്ല. നിഷ്‌കരുണമാണ് അയാള്‍ കൃത്യം നിര്‍വഹിച്ചത്. സ്വത്ത് തര്‍ക്കമാണ് അതിന് പിന്നിലെ പ്രത്യക്ഷ കാരണമായി നാം കാണുന്നത്. എന്നാല്‍ പരോക്ഷമായി നോക്കിയാല്‍ ഒരു മറയാണ് ആ കൃത്യത്തിലേക്ക് അയാളെ നയിച്ചത്, താന്‍ കൊല്ലാന്‍ പോകുന്നത് സ്വന്തം സഹോദരനെയാണ് എന്ന കാഴ്ച്ച മറയ്ക്കുന്ന മറ. കണ്ണൂരില്‍ എതിര്‍ രാഷ്ട്രീയ ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരനെ പ്രാകൃത രീതിയില്‍ ആക്രമിച്ച് ഇല്ലായ്മ ചെയ്തവര്‍ക്ക് മുന്നിലും ആ മറ ഉണ്ടായിരുന്നു.

 

മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാതായിട്ട് കാലം കുറേ ആയി, അതിപ്പോള്‍ സഹോദരങ്ങളെ തിരിച്ചറിയാനാവാത്ത സ്ഥിതിയില്‍ എത്തി നില്‍ക്കുന്നു. അതിന് തടസം സൃഷ്ടിക്കുന്ന, മുമ്പ് പറഞ്ഞ മറ ആരാണ് ഉണ്ടാക്കുന്നത്. അല്ലെങ്കില്‍ ആരാണ് ആ മറയ്ക്ക് കനം കൂട്ടിക്കൊണ്ടിരിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നതാണ് ഉത്തരം. എവിടെ സി.പി.എമ്മും ബി.ജെ.പി യും മുസ്ലിം ലീഗും കോണ്‍ഗ്രസ്സും എല്ലാം വേര്‍തിരിവുകള്‍ ഉണ്ടാക്കി ലാഭം കൊയ്യാന്‍ നോക്കുന്നവരാണ്. പരസ്പരം സഹവര്‍ത്തിത്വത്തോടെ കഴിയേണ്ട ജനതയില്‍ വെറുപ്പിന്റെ രാഷ്ട്രീയം പാകി തമ്മില്‍ അടിപ്പിക്കുന്നു. ആ തമ്മിലടിയില്‍ എതിരെ നില്‍ക്കുന്നത് സ്വന്തം സഹോദരനാണോ പിതാവാണോ എന്ന് ചിന്തിക്കാന്‍ മനുഷ്യര്‍ക്ക് ആകുന്നില്ല. പരമ്പരകളിലൂടെയും, കുറ്റ വര്‍ത്തകളിലൂടെയും, സിനിമകളിലൂടെയും പ്രേക്ഷകരിലേക്ക് ആക്രമാണോത്സുകത പകര്‍ന്ന് നല്‍കിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ക്കുമുണ്ട് ഇത്തരം സംഭവങ്ങളില്‍ ഉത്തരവാദിത്വം.

 

അങ്കമാലി സംഭവത്തില്‍ കൊലപാതകത്തിന് ശേഷം അക്രമി കുളത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അത് വെളിവാക്കുന്നത്, ആക്രമണം ശേഷം മാത്രമാണ് അയാള്‍ക്ക് താന്‍ ചെയ്തത് തെറ്റാണ് എന്ന് തിരിച്ചറിയാനായത്. അതുവരെ അയാള്‍ക്ക് മുന്നില്‍ ഇരുട്ടായിരുന്നു.തെറ്റ് ചെയ്‌തെന്ന തോന്നല്‍ അയാളെ ഭ്രാന്തമായ അവസ്ഥയിലേക്ക് നയിക്കുയും ചെയ്തു, അതാണ് ആത്മഹത്യ ശ്രമത്തിന് പിന്നില്‍.ഇത് ഒരു സാമൂഹിക രോഗമാണ്, എത്രയും പെട്ടെന്ന് ചികില്‍സിച്ചില്ലെങ്കില്‍ ഇത് കൂടുതല്‍ പേരിലേക്ക് പടരും. പ്രത്യാഘാതം വലുതും ആയിരിക്കും.

 

Tags