ഇന്ത്യന്‍ സിനിമയുടെ അഭിമാനം, മോഹന്‍ലാലിന്റെ മകന് പ്രണവിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ആദി. അതുകൊണ്ട് ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ വളരെയേറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ജീത്തു ജോസഫ് എന്ന സംവിധായകന്റെ മുന്‍ ചിത്രങ്ങളും ഈ സിനിമ കാണാന്‍ പ്രചോദനമാണ്.
ഒരു സിനിമയുടെ കാതല്‍ തിരക്കഥയാണ് എന്നാണ് വിശ്വാസം. അതിന്റെ ബലഹീനത എത്രത്തോളം സിനിമയുടെ സൗന്ദര്യത്തെ ബാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആദി. കഥാകൃത്തും സംവിധായകനും ഒരാള്‍ തന്നെയാകുമ്പോള്‍ മികച്ച ഒരു കലാസൃഷ്ടിയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ, ഈ സിനിമ സംവിധായകന്റെ കൈയില്‍ നിന്ന് വഴുതി പോകുന്നതാണ് കാണാന്‍ കഴിഞ്ഞത്.
മികച്ച തിരക്കഥയുടെ അഭാവം അഭിനേതാക്കളുടെ പ്രകടനത്തെയും കാര്യമായി ബാധിച്ചു.മോഹന്‍ലാലിന്റെയും ജീത്തു ജോസഫിന്റെയും ക്യാമിയോ അപ്പിയറന്‍സ് സിനിമയെ ഒരു തരത്തിലും സഹായിച്ചെന്ന് കരുതാന്‍ വയ്യ. ആവശ്യമില്ലാതെ തിരുകി കയറ്റിയ ദൃശ്യങ്ങളായേ അവയെ കരുതാന്‍ കഴിയുകയുള്ളൂ. അടുത്ത കാലത്തെ ചില കഥാപാത്രങ്ങള്‍ കൊണ്ട് മികച്ച അഭിനേത്രികളുടെ നിരയിലേക്ക് നടന്ന് കയറുന്ന ലെനയ്ക്ക് പോലും അഭിനയം കൈവിട്ടു പോകുന്നതായാണ് കാണാന്‍ കഴിഞ്ഞത്. മലയാളത്തിന്റെ മികച്ച സ്വഭാവ നടന്മാരില് ഒരാളായ സിദ്ദിഖ് അഭിനയത്തിലുള്ള തന്റെ അനുഭവപരിചയം കൊണ്ട് വ്യത്യസ്തനായി.
മോഹന്‍ലാലിന്റെ അദ്യ സിനിമയായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ 'ളിലെ മനോഹരമായ ഗാനത്തോടെയാണ് പ്രണവ് സിനിമയിലേക്ക് തന്റെ ആദ്യ ചുവട് വെയ്പ്പ് നടത്തിയത്. തുടര്‍ന്ന് ഒരു ഇംഗ്ലീഷ് ഗാനവും ഈ സിനിമയുടെ ഭാഗമായി ഉണ്ട്. എങ്കിലും കഥയിലെ കഴമ്പില്ലായ്മ സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തെ പിന്നോട്ട് വലിച്ചു എന്നു തന്നെ പറയണം. ആദ്യ സിനിമ എന്ന നിലയില്‍ പ്രണവിന്റെ അഭിനയം മികച്ച നിലവാരത്തില്‍ എത്തിയോ എന്ന് സംശയമാണ്. സ്വന്തം അച്ഛന് ഈ മേഖലയിലെ അഗ്രഗണ്യനാണെന്നതും അദ്ദേഹത്തിനുള്ള അളവുകോല്‍ വളരെ ഉയരമുള്ളതാക്കുന്നു. എങ്കിലും മലയാള ചലച്ചിത്ര അഭിനയമേഖലയില്‍ ഒരു പ്രതീക്ഷയാണ് പ്രണവ് എന്ന് ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു.
'പാര്ക്കുര്' എന്ന മിലിട്ടറി ട്രെയിനിംഗ് മലയാളിക്ക് പരിചയപ്പെടുത്തിയ ഒരു സിനിമ കൂടിയാണ് ആദി. പ്രണവിന് ഈ മേഖലയില്‍ മുന്‍ പരിചയം ഉള്ളതാകാം ഈ ട്രെയിനിംഗ് 'ആദി'യിലെ സ്റ്റണ്ട് സീനുകളില്‍ ഉള്‍പ്പെടുത്തിയത്. അത് ചില ഹോളിവുഡ് സിനിമകളിലെ സ്റ്റഡ് സീനുകളെ അനുസ്മരിപ്പിച്ചു.
സിജു വില്‍സണിന്റെ വില്ലന്‍ വേഷത്തിലേക്കുള്ള മേക്കോവറാണ് പിന്നെ എടുത്തു പറയേണ്ടത്. മികച്ച പ്രകടനത്തിലൂടെ തിളങ്ങാറുള്ള അനുശ്രീക്കും ഈ സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല. ചില ഡയലോഗുകളിലൂടെ നൈമിഷിക നര്‍മ്മം കൊണ്ടു വരാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അതെല്ലാം ദയനീയമായി പരാജയപ്പെടുന്നതാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. മേഘനാദനും ഷറഫുദ്ദീനും പരിമിതമായ പ്രകടനത്തിനേ അവസരമുണ്ടായിരുന്നുള്ളൂ.
തികച്ചും പ്രണവിനെ സിനിമാ അഭിനയരംഗത്തേക്ക് കൊണ്ടുവരാന്‍ എഴുതപ്പെട്ട ഒരു സിനിമ എന്നതില്‍ ഉപരി ഒരു സന്ദേശവും ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നില്ല. തന്റെ സ്വപ്നത്തിന് പുറകെ പോകുമ്പോള്‍ അവിചാരിതമായി ആദിക്ക് നേരിടേണ്ടി വരുന്ന സംഭവ വികാസങ്ങളിലൂടെ മുമ്പോട്ട് പോകുന്ന സിനിമ തുടര്‍ന്ന് ചരടിന്റെ ബലക്ഷയം കൊണ്ട് പൊട്ടിയ പട്ടം പോലെ താഴേക്ക് പതിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഒരു സിനിമയുടെ ജീവസ്സ് തിരക്കഥ തന്നെയെന്ന് വീണ്ടും അടിവരയിടുന്നതായി 'ആദി' എന്ന സിനിമ.