ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 182 സീറ്റുകളില്‍ 99 ഇടത്തും വിജയിച്ച് ബി.ജെ.പി അധികാരം നിലനിര്‍ത്തി. തുടര്‍ച്ചയായി ആറാം തവണയാണ് ബി.ജെ.പി ഗുജറാത്തില്‍ ഭരണത്തിലെത്തുന്നത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 115 സീറ്റിലെ വിജയത്തില്‍ നിന്ന് ഇക്കുറി 99 സീറ്റിലേക്കായി ബി.ജെ.പി ചുരുങ്ങി. കോണ്‍ഗ്രസ് ഭാഗത്ത് നിന്നും ശക്തമായ മത്സരമാണ് ഉണ്ടായത്. 2012 ലെ തിരഞ്ഞെടുപ്പില്‍ 61സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചിരുന്നതെങ്കില്‍ അത് ഇത്തവണ 77 ആയി ഉയര്‍ന്നു. മാത്രമല്ല വോട്ട് വിഹിതക്കണക്കുള്‍ പരിശോധിക്കുമ്പോഴും വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസിനുണ്ടായിരിക്കുന്നത്. ബി.ജെ.പിക്ക് 49.1ശതമാനവും കോണ്‍ഗ്രസിന് 41.5 ശതമാനം വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബി.ജെ.പി മുന്നിലായിരുന്നു. എന്നാല്‍ ക്രമേണ കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ലീഡുനില ബിജെപിയെ മറികടക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് പ്രധാനമായും നേട്ടമുണ്ടാക്കിയത് സൗരാഷ്ട്ര-കച്ച് മേഖലയിലാണ്. ഇവിടെ കോണ്‍ഗ്രസ് സീറ്റുകള്‍ 16ല്‍നിന്ന് 31 ആയി ഉയര്‍ന്നു. ബിജെപിയുടേത് 32 സീറ്റുകളില്‍നിന്ന് 22 സീറ്റുകളായി കുറഞ്ഞു. കാര്‍ഷിക മേഖലയായ ഇവിടെ കര്‍ഷകര്‍ക്കുണ്ടായ നിരാശയും ഭരണവിരുദ്ധ വികാരവും ബിജെപിക്ക് തിരിച്ചടിയായി. എന്നാല്‍ മധ്യഗുജറാത്തില്‍ കോണ്‍ഗ്രസിന് തങ്ങളുടെ സിറ്റിംങ് സീറ്റുകള്‍ നിലനിര്‍ത്താനായില്ല. കോണ്‍ഗ്രസിന്റെ സീറ്റുനില 22ല്‍നിന്ന് 18ലേക്ക് കുറഞ്ഞപ്പോള്‍ ബിജെപി കഴിഞ്ഞ തവണയുണ്ടായിരുന്ന 39 സീറ്റില്‍നിന്ന് 42 സീറ്റുകളിലേക്ക് ഉയര്‍ന്നു.
മുസ്ലീം ആദിവാസി മേഖലകളിലടക്കം നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിക്കു സാധിച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്. ഹര്‍ദിക് പട്ടേലിനെ ഒപ്പം കൂട്ടിയത് നില മെച്ചപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിനെ വളരെ അധികം സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിജയിക്കാനായില്ലെങ്കിലും മികച്ച മുന്നേറ്റുണ്ടാക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. 150 വരെ സീറ്റ് നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തിന് മറുപടി നല്‍കാനായി എന്നതാണ് പ്രധാന നേട്ടം.തിരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു ഗുജറാത്തില്‍ പാര്‍ട്ടിക്ക് നില മെച്ചപ്പെടുത്താനായതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ സംബന്ധിച്ചെടുത്തോളം വിജയം തന്നെയാണെങ്കിലും വോട്ട് വിഹിതത്തിലും സിറ്റുകളുടെ എണ്ണത്തിലുമുണ്ടായിരിക്കുന്ന കുറവ് തിരിച്ചടി തന്നെയാണ്. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി വളരെ ശക്തമായി പ്രചരണ രംഗത്തുണ്ടായിരുന്നിട്ട് പോലും ബി.ജെ.പി അവകാശപ്പെട്ടിരുന്ന വിജയം ഉണ്ടാകാത്ത സാഹചര്യത്തില്‍.