ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പില്‍ പോളിങ് 63 ശതമാനത്തിന് മുകളില്‍. രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതോടെ 182 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഡിസംബര്‍ 18 നാണ് ഫലപ്രഖ്യാപനം. ഹിമാചല്‍ പ്രദേശിലെ ജനവിധിയും അന്നറിയാം.
വോട്ട് രേഖപ്പെടുത്തിയ ശേഷം റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടി വിവാദത്തിനിടയാക്കിയിട്ടുണ്ട്. വോട്ട് ചെയ്തശേഷം പുറത്തെത്തിയ മോഡി മഷിപുരട്ടിയ തന്റെ വിരല്‍ ഉയര്‍ത്തിക്കാട്ടി ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ നടക്കുകയും തുടര്‍ന്ന് വാഹനത്തില്‍ നിന്നും ജനങ്ങളെ അഭിവാദ്യം ചെയ്യുകയുമായിരുന്നു. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
മോഡിയുടെ റോഡ് ഷോ മുന്‍കൂട്ടി നിശ്ചയിതല്ലെന്നും ജനങ്ങളുടെ ആവേശത്തിനൊപ്പം അദ്ദേഹം ചേരുകയായിരുന്നുവെന്നും ബി.ജെ.പിയുടെ വിശദീകരിച്ചു
ഗുജറാത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ഗുജറാത്തിലും ഹിമാചലിലും ബിജെപി വിജയം നേടുമെന്നാണ് ടൈംസ് നൗ നടത്തിയ സര്‍വെയില്‍ പറയുന്നത്. ബി.ജെ.പിക്ക് 109 സീറ്റുകള്‍ വരെ ലഭിക്കും എന്നാണ് ടൈംസ് നൗ എക്സിറ്റ് പോള്‍ പ്രവചനം. കോണ്‍ഗ്രസിന് 70 സീറ്റും, മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുകള്‍ ലഭിക്കും.കഴിഞ്ഞ തവണ ബിജെപിക്ക് ഗുജറാത്തില്‍ ലഭിച്ചത് 115 സീറ്റുകള്‍ ആയിരുന്നു.
ഹിമാചല്‍ പ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ബിജെപി ഭരണമെന്നാണ് ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ ഫലം പറയുന്നത്. ആകെയുള്ള 68 സീറ്റുകളില്‍ 51 ഇടത്തും ബിജെപി വിജയിക്കും. കോണ്‍ഗ്രസിന് 16 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വെ പറയുന്നു.