പ്രധാനമന്ത്രി നരേന്ദ്ര മോഡി പലസ്തീന്‍ സന്ദര്‍ശിക്കുമെന്ന് പാലസ്തീന്‍ അംബാസഡര്‍ അഡ്‌നാന്‍ എ അലിഹൈജ. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചതിന് പിന്നാലെയാണ് മോഡിയുടെ പലസ്തീന്‍ സന്ദര്‍ശനത്തക്കുറിച്ച് അലിഹൈജ വെളിപ്പെടുത്തുന്നത്. എന്നാല്‍ സന്ദര്‍ശനം എന്നാണെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
മോഡിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ആദ്യമായി പറയുന്നത് താനാണെന്നും ഇക്കാര്യം മറ്റാര്‍ക്കും അറിയില്ലെന്നും രാജ്യസഭ ടിവിയിലെ ചര്‍ച്ചയില്‍ പാലസ്തീന്‍ അംബാസഡര്‍ പറഞ്ഞു.കഴിഞ്ഞ ജൂലൈയില്‍ മോഡി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് പലസ്തീന്‍ കൂടി സന്ദര്‍ശിക്കാതിരുന്ന മോഡിയുടെ നടപടിക്കെതിരെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
അമേരിക്കയുടെ ജറുസലേം പ്രഖ്യാപനത്തെത്തുടര്‍ന്ന് പാലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ സ്വതന്ത്രവും സ്ഥിരതയുള്ള നിലപാടാണ് എടുത്തിട്ടുള്ളതെന്നും, നമ്മുടെ വീക്ഷണങ്ങളും താല്‍പര്യങ്ങളുമാണ് ഇതിനാധാരമെന്നും അതില്‍ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.