കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അവര്‍ പ്രതീക്ഷിക്കാത്ത വിധം സീറ്റുകള്‍ നല്‍കി ഇന്ത്യന്‍ ജനത അധികാരത്തിലേറ്റിയതില്‍ മുഖ്യപങ്ക് വഹിച്ചത് ഗുജറാത്ത് മാതൃകാ വികസനമായിരുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വപാടവത്തിലൂടെയും സംവേദന മികവിലൂടെയും ആ മാതൃകയുടെ സ്ഫുരണങ്ങള്‍ ജനങ്ങളില്‍ വിശേഷിച്ചും യുവാക്കളില്‍ പ്രതീക്ഷയും സ്വപ്‌നവും നിറയ്ക്കുകയുണ്ടായി. മൂന്നു വര്‍ഷത്തിനു ശേഷം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ രണ്ട് ചിത്രങ്ങളാണ് തെളിയുന്നത്. ഗുജറാത്ത് മാതൃക ചോദ്യം ചെയ്യപ്പെടുന്നു. മറ്റൊന്ന് വികസനമോ ഗുജറാത്ത് മാതൃകയോ ഉയര്‍ന്നു വരുന്നതിനു പകരം ജാതി, മതം, മുന്നാക്കം, പിന്നാക്കം, ദൈവ വിശ്വസം , മണ്ണിന്റെ മക്കള്‍,ചരിത്രം, തുടങ്ങി വൈകാരികതയുടെ ആന്ധ്യത്തിലേക്ക് സമൂഹത്തെ തള്ളിയിടുന്ന പ്രചാരണത്താലാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കുകയോ പരാജയപ്പെടുകയോ എന്നുള്ളത് ഇപ്പോള്‍ വിഷയമാകുന്നില്ല. എന്നാല്‍ ഗുജറാത്തില്‍ പരിഭ്രാന്തിയോടെ തിരഞ്ഞെടുപ്പ് രംഗത്ത് ബി.ജെ.പിയും പ്രധാനമന്ത്രിയും നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. അതോടൊപ്പം ഗുജറാത്ത് മാതൃകാ വികസനത്തെ ന്യായീകരിക്കാന്‍ പ്രധാനമന്ത്രിക്കോ ബി.ജെ.പിക്കോ പറ്റുന്നില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതുവരെ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത ആത്മവിശ്വാസവും വീറുമൊക്കെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പുറത്തെടുക്കുന്നുവെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് ഇതുവരെ അവജ്ഞയോടെയും തമാശയോടെയും മോഡി തള്ളിക്കളഞ്ഞിരുന്ന രാഹുല്‍ സാന്നിദ്ധ്യത്തെ ഇപ്പോള്‍ അദ്ദേഹത്തിന് ഗൗരവമായി കാണേണ്ടി വന്നിരിക്കുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ആ സംസ്ഥാനത്തെ മാത്രം ബാധിക്കുന്നതല്ല എന്നതുകൊണ്ടാണ് അതിന് ഇത്രയധികം പ്രാധാന്യമര്‍ഹിക്കുന്നത്.
ഏറ്റവും പരിതാപകരമായ വസ്തുത എന്നത് ഗുജറാത്ത് മാതൃകയ്ക്ക് ബദലായ ഒരു മാതൃക ജനങ്ങക്ക് മുന്നില്‍ ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്കോ കോണ്‍ഗ്രസിനോ കഴിയുന്നില്ല. മോഡിയും തുടര്‍ന്നു വരുന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അതേ സാമ്പത്തിക നയവും സമീപനവുമാണ്. മോഡി അത് കുറച്ചുകൂടി തീവ്രമായ വിധത്തില്‍ നടപ്പിലാക്കുന്നു എന്നേയുള്ളു. പ്രധാനമായും മുകളില്‍ നിന്ന് താഴേക്ക്. അതിനാല്‍ സ്വതന്ത്ര ഇന്ത്യയെ അലട്ടിയിരുന്ന പ്രശ്‌നങ്ങള്‍ ഗുജറാത്തിലും ഇതര സംസ്ഥാനങ്ങളിലും പഴയതുപോലെ തുടരുന്നു. ഇതാണ് അനേകം വിഭാഗീയ നീക്കങ്ങള്‍ക്കും അസംതൃപ്തിക്കും കാരണമായിരിക്കുന്നത്. സമൂഹത്തിലെ വിഭാഗീയതയുടെ പ്രത്യക്ഷവത്ക്കരണമാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോട്ടു വയ്ക്കുന്ന ചിത്രം. എന്തു തന്നെയായാലും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഒന്നുകില്‍ ബി.ജെ.പി നല്‍കിയ സ്വപ്‌നങ്ങളുടെ അവശേഷിപ്പിലോ അല്ലെങ്കില്‍ തകര്‍ച്ചയിലോ ആയിരിക്കും കലാശിക്കുക. ഏതായാലും അത് ദേശീയ പ്രാധാന്യമര്‍ഹിക്കുന്നു.