Skip to main content
തിരുവനന്തപുരം

ലൈംഗികാപവാദ കേസില്‍ ഉള്‍പ്പെട്ട ജോസ് തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിക്കാര്യം ജനതാദള്‍ എസിന് വിട്ട തീരുമാനം ഇടതു മുന്നണിയില്‍ രണ്ടഭിപ്രായത്തിനിടയാക്കുന്നു. തെറ്റയില്‍ രാജി വെക്കേണ്ടതില്ലെന്ന ജനതാദള്‍ എസിന്റെ  തീരുമാനത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ന്യായീകരിച്ചു. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനും തെറ്റയില്‍ രാജിവെക്കണമെന്ന നിലപാടെടുത്തു. 

 

തെറ്റയിലിന്റെ രാജിക്കാര്യം എല്‍.ഡി.എഫ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇതിനെക്കാള്‍ വലിയ അപവാദം ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടെന്നും പലര്‍ക്കെതിരെയും തെളിവുകള്‍ സഹിതം ആരോപണങ്ങള്‍ വന്നിട്ടും ആരും രാജി വച്ചില്ലെന്നും പിണറായി മാധ്യമങ്ങളോട് വ്യക്തമാക്കി. അച്യുതാനന്ദന്റെ പ്രതികരണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അതേസമയം രണ്ടു ദിവസത്തിനുള്ളില്‍ തെറ്റയില്‍ ശരിയായ നിലപാട് എടുക്കുമെന്നും രാജി വെക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ ധാര്‍മികത കാത്തുസൂക്ഷിക്കണമെന്നും  നിയമത്തിന്റെ വഴി മാത്രം നോക്കിയിട്ട് കാര്യമില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.