ഏഴോളം വര്‍ഷമായി നല്ലൊരു ശതമാനം മലയാളികളുടെ വീടുകളിലെ പ്രഭാത താളമായിരുന്നു പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ മാഷിന്റെ ശബ്ദം. അമൃത ടി.വി പതിവായി കാണാത്തവര്‍ പോലും കേട്ടറിഞ്ഞ് രാവിലെ ഏഴരയക്ക് തുറവൂര്‍ മാഷിനെ കാത്തിരിക്കും.ജോലിയിലേര്‍പ്പെടുന്നവര്‍ ജോലിക്കിടയില്‍ ഒരു ശ്രദ്ധ ടി.വിയുടെ ശബ്ദം കൂട്ടി വച്ച് മാഷിന്റെ വാക്കുകളിലേക്കാക്കും. സ്ത്രീകള്‍ക്ക് ഏതൊരു സീരിയലിനേക്കാളും പ്രിയമായിരുന്നു രാവിലത്തെ ഭാരത ദര്‍ശനം. പലര്‍ക്കും മാഷിന്റെ പരിപാടി പ്രഭാത ഘടികാരം പോലുമായിരുന്നു. മാഷിന്റെ ഭാരത ദര്‍ശനം തുടങ്ങുമ്പോള്‍ ജോലി കഴിഞ്ഞ് ഒരുങ്ങാന്‍ തുടങ്ങുക.ഭാരത ദര്‍ശനം തീരുമ്പോഴേക്കും ജോലിസ്ഥലത്തേക്കിറിങ്ങുക.
പ്രായലിംഗഭേദമന്യേ ഏവര്‍ക്കും ആസ്വാദ്യമായിരുന്നു മാഷിന്റെ മഹാഭാരത വ്യാഖ്യാനം. ഒരു ചാനലിന്റെ പരിപാടി ആയിരുന്നതിനാലാകണം കേരളത്തില്‍ മുഖ്യധാരയില്‍ മാഷിന്റെ വ്യാഖ്യാനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയി. പാണ്ഡിത്യത്തിന്റെ ഒരു ജാഡയുമില്ലാതെ പാണ്ഡിത്യ ജാഡകളെ മുഴുവന്‍ പൊളിച്ചടുക്കിക്കൊണ്ടുമായിരുന്നു ഏഴോളം വര്‍ഷം നീണ്ടു നിന്ന മാഷിന്റെ കുടുംബ സദസ്സിലെ സംഭാഷണം. അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിലെ രസികത്വവും നിശിതമായ പ്രയോഗങ്ങളും മനശ്ശാസ്ത്ര വിശകലനവും സമഗ്രപ്രപഞ്ച ബോധതലത്തിലുള്ള അവതരണവുമാണ് ആ വ്യാഖ്യാനത്തെ ഗംഭീരമാക്കിയത്. മഹാഭാരതത്തോടൊപ്പം ലോകത്തിലെ പുരാതന സംസ്‌കാരങ്ങളെയും കാലാതിവര്‍ത്തിയായ സാഹിത്യസൃഷ്ടികളെയും പരിചയപ്പെടുത്തുന്നതും രസകരമായി കേരളം കാണുകയുണ്ടായി.
മഹാഭാരതം കൈകാര്യം ചെയ്യുന്ന സത്യവും മനുഷ്യന്റെ മനസ്സും തമ്മിലുള്ള സംവാദത്തിന്റെ അടിയില്‍ ചെന്ന് പലപ്പോഴും പലതും കാണിച്ചു തരുമ്പോള്‍ അതു കേട്ടുകൊണ്ടിരിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ ജീവിതത്തിലെ ചില നിമിഷങ്ങളിലൂടെ തങ്ങളെ തന്നെ കാട്ടിക്കൊടുക്കുന്നതായി അനുഭവപ്പെടുമായിരന്നു. വനിതാ വിമോചന വിഷയങ്ങളും സ്ത്രീ സംബന്ധമായ വിഷയങ്ങളുമൊക്കെ ചര്‍ച്ചയക്ക് വരുമ്പോള്‍ മാഷ് കണക്കിന് വിളമ്പുന്നതു കാണാമായിരുന്നു. അതു കൗതുകത്തോടെ എന്നാല്‍ സ്‌നേഹത്തോടെ കുട്ടികളെക്കൊണ്ട് മിസ്റ്റര്‍ പുച്ഛം എന്ന് പറയിക്കുന്നതും കാണാമായിരുന്നു. ഈ പരിപാടി ധാരാളം കൗമാരക്കാരായ പെണ്‍കുട്ടികളും ആണ്‍കുട്ടികളും സാകൂതം ശ്രദ്ധിക്കുമായിരുന്നു. എവിടെ നിന്നും അവരുടെ ബുദ്ധിക്ക് സ്വീകാര്യമായ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ കിട്ടാതിരുന്നതുമായിരിക്കാം കാരണം
അദ്ദേഹത്തിന്റെ ഭാരത ദര്‍ശനം ഒന്ന് പരിശോധിച്ചു നോക്കിയാല്‍ രാഷ്ട്രമീമാംസ, ധനകാര്യം, ശാസ്ത്രം, ശാസ്ത്ര പ്രയോഗം, വിദ്യാഭ്യാസം, വിദ്യാര്‍ത്ഥി, അദ്ധ്യാപനം, അദ്ധ്യാപകന്‍, ഗൃഹസ്ഥന്‍, ഗൃഹസ്ഥ ,ദാമ്പത്യം തുടങ്ങി സമൂഹത്തിന്റെ ഏതെല്ലാം തലങ്ങളുണ്ടോ അവയെക്കുറിച്ചെല്ലാം നിര്‍വചനമെന്നോണമുള്ള വ്യക്തത ലഭിക്കുന്നതായിരുന്നു. അതില്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ ചായ് വുകളോ പ്രവര്‍ത്തനങ്ങളൊ ഒന്നും സ്വാധീനിച്ചിരുന്നില്ല. നിരീശ്വവാദികള്‍ ലജ്ജിച്ചുപോകുന്ന വിധമായിരുന്നു അദ്ദേഹം മഹാഭാരതത്തിന്റെ ശാസ്ത്രീയ വീക്ഷണത്തെ പരിചയപ്പെടുത്തിയത്. അതിനു കാരണം മഹാഭാരത രചനയില്‍ വ്യാസന്‍ എന്താണോ ഉദ്ദേശിച്ചിരുന്നത് അത് അദ്ദേഹം കണ്ടെത്തിയിരുന്നു. അതിന്റെ സത്ത. ആ സത്തയെ പിടികിട്ടാത്തതുമൂലമാണ് കുട്ടികൃഷ്ണമാരാര്‍ ഭാരതപര്യടനവും പി കെ ബാലകൃഷ്ണന്‍ ഇനി ഞാന്‍ ഉറങ്ങട്ടെയും എം ടി വാസുദേവന്‍ നായര്‍ രണ്ടാമൂഴവും എഴുതിയതെന്നു പറയുമ്പോള്‍ ഈ ഗ്രന്ഥകാരന്മാരെയല്ല പ്രേക്ഷകര്‍ ഓര്‍ക്കുക.മറിച്ച് മഹാഭാരതത്തിന്റെ സത്ത അല്ലെങ്കില്‍ സന്ദേശം എന്താണെന്ന് പ്രേക്ഷകമനസ്സില്‍ കോറിയിട്ട തുറവൂര്‍ വിശ്വംഭരന്‍ മാഷിനെയായിരിക്കും.
ഒരു കാര്യം കൂടി തുറവൂര്‍ മാഷിന്റെ ഭാരതദര്‍ശനം പരിപാടി വെളിവാക്കുന്നു.ജ്ഞാനപ്പഴത്തിനോളം രുചി ഒരു സീരിയല്‍പ്പഴത്തിനോ വാര്‍ത്താപ്പഴത്തിനോ ഉണ്ടാവില്ലെന്നും, അതിന്റ അഭാവംകൊണ്ടാണ് അതല്ലാത്ത പഴങ്ങള്‍ അരങ്ങുതകര്‍ക്കുന്നതെന്നും. ഇതോടൊപ്പം തുറവൂര്‍ മാഷ് ഒരു സമസ്യകൂടി അവശേഷിപ്പിക്കുന്നുണ്ട്. വ്യാഖ്യാനം തരാതെ. അദ്ദേഹത്തിന്റെ മഹാഭാരതവ്യാഖ്യാനത്തിന്റെ ഓരോ അംശത്തിലൂടെയും പകര്‍ന്നു നല്‍കിയ അറിവിന്റെ വെളിച്ചത്തില്‍ ഉയരുന്ന സന്ദേഹം. ഏതു താത്വകിപിന്തുണയിലോ വെളിച്ചത്തിലോ ആണ് മാതാ അമൃതാനന്ദമയിയുടെ ഭക്തരില്‍ ഒരാളായി മാറിയതെന്ന്. അത് തുറവൂര്‍ മാഷ് പകര്‍ന്നു തന്ന ജ്ഞാനപ്രകാശത്തിന്റെ വെളിച്ചത്തില്‍ കണ്ടെത്താന്‍ വേണ്ടിയുള്ള അവശേഷിപ്പായി എടുക്കാം. അദ്ദേഹം എപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ട് മഹാഭാരതത്തില്‍ പൂര്‍ണ്ണനായ ഒരാള്‍ മാത്രമേ ഉള്ളു. അത് ഭഗവാന്‍ കൃഷ്ണനാണ് എന്ന്. എന്തായാലും മാഷ് കൗരവ പക്ഷത്തെ ഭീഷ്മരോ ദ്രോണനോ ആയിരുന്നില്ല. കൃഷ്ണന്‍ തേരു നയിച്ച പടയുടെ ഭാഗത്തായിരുന്നു നിലയുറപ്പിച്ചിരുന്നത്.