പീഡനക്കേസ്സോ ദിലീപിനെപ്പോലുളളവരുടെ അറസ്‌റ്റോ ഇല്ലാതെ വരുമ്പോള്‍ മാധ്യമങ്ങള്‍ ആക്രമണോത്സുകതയും ഭീതിയുമൊക്കെ നിറച്ച് പ്രചാരവും റേറ്റിംഗും കൂട്ടാന്‍ എടുക്കുന്ന വിഷയമാണ് തെരുവു നായ പ്രശനം. മാധ്യമങ്ങള്‍ തെരുവുനായ്ക്കള്‍ക്കെതിരെ യുദ്ധം തുടങ്ങിട്ട് വര്‍ഷങ്ങളായി. ഇതിനകം ഒന്നോ രണ്ടോ പേരെ ഈ നായ്ക്കള്‍ കൊന്നിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. എന്നാല്‍ റോഡപകടങ്ങളിലൂടെ ഒരു ദിവസം പതിനൊന്നുപേര്‍ ഈ കേരളത്തില്‍ മരിക്കുകയും അനേകം പേര്‍ ശയ്യാവലംബരായി മാറുകയും ചെയ്യുന്നു, . അതും പോകട്ടെ ആ യുദ്ധം ആരംഭിച്ചതിനു ശേഷം എത്ര പേരാണ് കേരളത്തില്‍ സി.പി.എം-ബി.ജെ.പി യുദ്ധത്തില്‍ മരണമടഞ്ഞത്. മരണമാണ് ഒരു വിപത്തിന്റെ മാനദണ്ഡമെങ്കില്‍ തെരുവ് മിണ്ടാപ്രാണികളുടെയടുത്തെടുക്കുന്ന മാനദണ്ഡം ഈ വിഷയത്തില്‍ സ്വീകരിക്കുക ബുദ്ധിമുട്ടാണ്.
അങ്ങോട്ടു യദ്ധം പ്രഖ്യാപിച്ചിട്ടും തിരിച്ച് ആക്രമിക്കാന്‍ വരാത്ത ഈ തെരുവുനായ്ക്കളില്‍ നിന്ന് പാഠങ്ങള്‍ ധാരാളം മലയാളിക്ക് പഠിക്കാനുണ്ട്. വിശേഷിച്ചും കേരളത്തിലെ ബി.ജെ.പി-സി.പി.എം നേതാക്കള്‍ക്കും അണികള്‍ക്കും. മുന്‍പക്കെ മനുഷ്യര്‍ കലപിടകൂടുമ്പോഴും തമ്മിലടിക്കുമ്പോഴും പ്രയോഗിക്കുന്ന രൂപകമായിരുന്നു, ' തെരുവുനായ്ക്കളെ പോലെ തമ്മില്‍ തല്ലാതെ ' എന്ന്. എന്നാല്‍ തെരുവുനായകള്‍ക്ക് ആന്തരികമായ പരിവര്‍ത്തനം വന്നു കഴിഞ്ഞു. അവര്‍ ഇപ്പോള്‍ തമ്മില്‍ കടിപിടി കൂടാറില്ല. മാത്രമല്ല ഒന്നിച്ച് വര്‍ഗ്ഗബോധത്താല്‍ സഹകരിച്ച് സമാധാനമായി കഴിഞ്ഞുകൂടുന്നു. അവരുടെ വര്‍ഗ്ഗത്തില്‍ പെട്ടവരെ അവര്‍ക്ക് തിരിച്ചറിയാന്‍ തെല്ലും വിഷമമില്ല. ഭക്ഷണം തേടണ്ടാത്ത സമയത്ത് അവര്‍ സംഘടിച്ച് ശക്തരായി വിശ്രമിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനം അവരെങ്കിലും പ്രയോഗത്തില്‍ വരുത്തിയെന്ന് ഗുരുശിഷ്യര്‍ക്ക് ആശ്വസിക്കാം.
മുന്‍പ് തെരുവുകളില്‍ നിന്ന് ഈ നായകളുടെ കടിപിടികൂടലിന്റെയും മറ്റും ശബ്ദം മിക്കപ്പോഴും കേള്‍ക്കാമായിരുന്നു. ഇന്ന് ആ ശബ്ദം അപ്രത്യക്ഷമായിരിക്കുന്നു. എന്നാല്‍ അതിപ്പോള്‍ സന്ധ്യകഴിഞ്ഞാല്‍ വീടുകളിലെ സ്വീകരണമുറികളിലെ ടെലിവഷന്‍ ചര്‍ച്ചകളിലൂടെ മുഴങ്ങിക്കേള്‍ക്കുന്നു.
കരസേനയില്‍ നിന്ന് സ്വയം വിരമിച്ച ലഫ്റ്റനന്റ് കേണല്‍ സന്തോഷ് മാധവന്‍ തേവരയില്‍ നിന്ന് എടുത്ത ചിത്രമാണ് ഇതോടൊപ്പമുള്ളത്. മനുഷ്യന്റെ അന്ധവിശ്വാസത്തെയും വെല്ലുവിളിച്ചുകൊണ്ട് പതിമൂന്നു നായ്ക്കള്‍ ഒരു സ്റ്റെയറിലെ ഫ്്‌ളൈറ്റില്‍ വിശ്രമിക്കുന്നു. പടി കിട്ടാത്തവര്‍ കിട്ടിയവരെ തള്ളിയിടാന്‍ കൂട്ടാക്കിയില്ല. അവര്‍ താഴെയുള്ള തണലില്‍ സംതൃപ്തിയോടെ കിടന്നുറങ്ങി. സന്തോഷ് മാധവന്‍ ക്യാമറാ ക്ലിക്ക് ചെയ്തപ്പോള്‍ അവരുടെ ഉറക്കമൊന്നു മുറിഞ്ഞു. ഒരാള്‍ എഴുന്നേറ്റു. മറ്റുളളവര്‍ കണ്ണു തുറന്നെങ്കിലും അതേ കിടപ്പില്‍ കിടന്നു. ആ ചെറിയ അനക്കത്തിന് എല്ലാവരും കൂടി എഴുന്നേല്‍ക്കണ്ട കാര്യമില്ല എന്ന് അവര്‍ക്കറിയാം. എത്ര ചെറിയ കാര്യമാണെങ്കിലും എല്ലാവരും കൈയ്യിടുന്ന മനുഷ്യന്റെയും പ്രത്യേകിച്ച് മലയാളിയുടെയും സ്വഭാവത്തിലെ അശ്ലീലം മനസ്സിലാക്കിയിട്ടാവണം അവര്‍ നേതൃത്വ പാടവത്തിന്റെ ഈ ലക്ഷണം കാട്ടിയത്. ക്യാമറാ ക്ലിക്കിന്റെ ശബ്ദത്തിലൂടെ ഉണര്‍ത്തിയതില്‍ കേണലിന് വിഷമം. കാരണം മനുഷ്യനില്‍ കാണാത്ത ശാന്തിയും സമാധാനവും അദ്ദേഹം അവരില്‍ കണ്ടതിനാലും അതിനു ഭംഗം വന്നപ്പോഴുണ്ടായ അസ്വസ്ഥതയുമായിരിക്കാം അദ്ദേത്തെ വിഷമിപ്പിച്ചത്
ഈ മിണ്ടാപ്രാണികള്‍ കാണിക്കുന്ന സൗഹൃദം കേരളത്തിലെ മനുഷ്യനും മനുഷ്യനും തമ്മില്‍ കാണിക്കുന്നില്ല. അതിന്റെ ഏറ്റവുമൊടുവിലത്തെ തെളിവാണ് തിരുവനന്തപുരത്ത് അരങ്ങേറിയ സി.പി.എം-ബി.ജെ.പി സംഘട്ടനവും കൊലപാതകവുമൊക്കെ. കണ്ണൂരിലെ പതിവും, ചാനലിലെ നിത്യക്കാഴ്ചക്കേള്‍വിയമൊക്കെ വച്ച് തട്ടിച്ചുനോക്കിയാല്‍, ഈ നായ്ക്കളുടെ പരസ്പര ബഹുമാനം ശ്ലാഘനീയമാണ്. ഓരോ നായയും പടിയില്‍ കിടക്കുന്നത് സൗകര്യാര്‍ഥം ഒരു പടി ഇടവിട്ടാണ്. ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റിന്റെ മുന്നിലെ ക്യൂവില്‍ പോലും മനുഷ്യന് അസാധ്യമാകുന്ന അച്ചടക്കവും പരസ്പരബഹുമാനവും. ഓരോ നായയിലും ആ കരുതല്‍ പ്രകടം.
വൈദ്യുതി കണ്ടുപിടിച്ചതിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ രാത്രിയില്‍ ലൈറ്റുകള്‍ ഒരു നിമിഷം കെടുത്തി ആചരിക്കുന്നത് ഒന്നിന്റെ സാന്നിധ്യത്തില്‍ മറന്നുപോകാന്‍ ഇടയുളളതിന്റെ അപ്രത്യക്ഷ സാന്നിദ്ധ്യം അറിയിക്കാന്‍ വേണ്ടിയാണ്. ചാനല്‍കോലാഹലമുഖരിതമായ അന്തരീക്ഷത്തില്‍ ഈ നായ്ക്കള്‍ മലയാളികളോട് സംസാരിക്കുന്നു അനേക കാര്യങ്ങള്‍. അതില്‍ പ്രധാനം രണ്ടെണ്ണം.
1) ഞങ്ങള്‍ക്ക് വര്‍ഗ്ഗ സ്‌നേഹത്തോടെ സൗമ്യവും രമ്യവുമായി ഒന്നിച്ചു കഴിയാന്‍ പറ്റുന്നുവെങ്കില്‍ എന്തുകൊണ്ട് രാഷ്ട്രീയം രണ്ടാണെങ്കിലും ഒരേ വര്‍ഗ്ഗമായ മനുഷ്യന്‍ തമ്മില്‍ കൊല്ലുന്നു?
2) ഈ ബഹളം മൂലം ബധിരത ഉണ്ടാകില്ലേ, അതുകൊണ്ട് അല്‍പ്പം നിശബ്ദത പാലിക്കൂ. മനുഷ്യര്‍ മാത്രമല്ല ഇവിടെയുളളത് മറ്റ് ജീവികള്‍ കൂടിയുണ്ട്,പ്ലീസ്...