ഒട്ടേറെ കാര്യങ്ങളില്‍ മലയാളി നാഴികക്കല്ലുകള്‍ സൃഷ്ടിക്കും. അതൊക്കെ ചരിത്രപരമാകാറുമുണ്ട്. അത് അഹങ്കാരത്തിന്റേതായ മാനസികാവസ്ഥ മലയാളിയില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ അഹങ്കാരത്തിന്റെ ആധിക്യത്തില്‍ മലയാളി പലതും തിരിച്ചറിയാതെ പോകുന്നു. മഹാ ബുദ്ധിമതികളാണെന്ന ധാരണാമറയില്‍ തിരിച്ചറിയാതെ പോയ ഒന്നാണ് തങ്ങള്‍ ഒന്നാംതരം പൈങ്കിളി വത്ക്കരിക്കപ്പെട്ട സമൂഹമാണെന്ന്. ഈ മാനസികാവസ്ഥയുടെ നല്ല ഉദാഹരണമാണ് സിനിമാ താരങ്ങള്‍. അവര്‍ ചമ്മന്തി കഴിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അതില്‍ ഇഞ്ചി ചേര്‍ക്കുമോ? അങ്ങിനെയെങ്കില്‍ ചമ്മന്തി നാവില്‍ വച്ചിട്ട് ശ്ശീ ..... എന്ന ശബ്ദമുണ്ടാക്കുമോ? രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നത് ഇടംതിരിഞ്ഞോ അതോ വലംതിരിഞ്ഞോ? ഇതെല്ലാം ദിനപ്പത്രം, സിനിമാ പ്രസിദ്ധീകരണം, ആരോഗ്യ മാസിക, വനിതാ മാസിക, ധനകാര്യ മാസിക, തൊഴില്‍ മാസിക, കുട്ടികളുടെ മാസിക എന്നിവയിലൂടെ വായിച്ചറിയാന്‍ മലയാളിക്ക് ആര്‍ത്തിയാണ്. അടുത്തെങ്ങാനും കാണാന്‍ കിട്ടിയാല്‍ അവരെ കാണാനും തൊടാനും ആര്‍ത്തി. ചിലര്‍ പ്രത്യേകിച്ചും ബുദ്ധിപ്പൈങ്കിളികള്‍ ഒന്നു നോക്കിയിട്ട് രണ്ടു ലിറ്റര്‍ പുഛവും വരുത്തി കണ്ടില്ലെന്ന നിലയില്‍ പോയിക്കളയും. ഈ വൈരുദ്ധ്യാത്മക ബുദ്ധിപൈങ്കിളിത്വം കൊണ്ടാണ് ഏതെങ്കിലും പാര്‍ട്ടി ചിഹ്നമില്ലാതെ സൂപ്പര്‍ താരം മത്സരിച്ചാല്‍ പോലും കെട്ടിവച്ച പണം കിട്ടാതെ വരുന്നത്.
പൈങ്കിളി മാധ്യമ പ്രവര്‍ത്തനത്തെ കേരളത്തില്‍ അരിയിട്ടു വാഴിച്ചത് ഇവിടുത്തെ മുഖ്യധാരാ പത്രങ്ങളാണ്. ചാനലുകള്‍ വന്നപ്പോള്‍ അത് പൂര്‍ണ്ണമായി. ഇത് താരങ്ങള്‍ക്ക് അപ്രമാദിത്തം നല്‍കി. അവര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടാല്‍ പോലും അഴകാവുന്ന അവസ്ഥ .മെട്രോ റെയിലായാലും മിറ്റീരിയോളജിക്കല്‍ വിഷയമായാലും ജൈവ കൃഷിയായാലും മാധ്യമങ്ങള്‍ക്ക് താരങ്ങളില്ലാതെ പറ്റില്ലെന്നായി. സൂര്യനു കീഴിലുള്ള എന്തിനെയും കുറിച്ച് ആധികാരികമായി പറയാന്‍ താരങ്ങള്‍ക്ക് മടിയില്ലാതായി. ശാസ്ത്ര വിഷയങ്ങളില്‍ പോലും ശാസ്ത്രജ്ഞരുടേതിനേക്കാള്‍ പ്രാധാന്യം മാധ്യമങ്ങള്‍ താരങ്ങളുടെ വാക്കുകള്‍ക്ക് നല്‍കി. പരിസ്ഥിതി സംബന്ധമായ ചടങ്ങിനു മരം നടാനെത്തുന്ന താരം സംഘാടകര്‍ നല്‍കിയ മരം വലിച്ചെറിയുന്നു. പകരം താരത്തിനു പ്രിയമുള്ള മരത്തൈ കൊണ്ടുവരാന്‍ ആജ്ഞാപിക്കുന്നു. താരത്തിന്റെ കോപത്തിന്റെ പ്രസക്തി സംഘാടകര്‍ മനസ്സിലാക്കി സ്വയം പരിവര്‍ത്തന വിധേയരാകുന്നു. ഉദാത്തമായ വീക്ഷണം പ്രകടിപ്പിച്ച താരം ഉയര്‍ത്തിവിട്ട വീക്ഷണത്തിന്റെ പ്രസക്തിയുമായി മാധ്യമങ്ങള്‍.
എല്ലാം തകര്‍ന്നടിഞ്ഞു, ദിലീപിന്റെ അറസ്റ്റോടെ .നടിയെ ആക്രമിച്ച കേസ്സില്‍ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമാലോകത്തെ കഥകളുടെ അറ്റം ജനം അറിഞ്ഞു തുടങ്ങി. ഈ സമയത്ത് മുഖ്യധാരാ പൈങ്കിളികള്‍ ഏതെങ്കിലും താരത്തിന്റെ ഇഞ്ചിച്ചമ്മന്തി താല്‍പ്പര്യവും മറ്റും എഴുന്നള്ളിച്ചു വരികയാണെങ്കില്‍ ഡെങ്കിപ്പനിക്കു പുറമേ ഛര്‍ദ്ദിയതിസാരവും കൂടി കേരളത്തില്‍ ഉണ്ടാകുമെന്നുറപ്പാണ്.
മുഖ്യധാരാ മാധ്യമപ്പൈങ്കിളി മലയാളിയില്‍ ഉണ്ടാക്കിയ ഈ രോഗാവസ്ഥയില്‍ നിന്ന് പുറത്തു കടക്കാന്‍ പറ്റിയ മറുമരുന്നാണ് രാമലീല. ദിലീപ് അറസ്റ്റിലായപ്പോള്‍ ദിലീപ് നായകനായുള്ള രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയുടെ ഫേസ് ബുക്ക് പോസ്റ്റുണ്ടായിരുന്നു. ഒരു സംവിധായകന്റെ നാലു വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലം കൂടിയാണ് ഈ സിനിമയെന്ന്. വളരെ ശരി. അതു മാത്രമല്ല, ആ സിനിമയുമായി എത്രയോ പേര്‍ ബന്ധപ്പെട്ടുകിടക്കുന്നു. ദിലീപ് വളരെ നീചമായ ഒരു കേസ്സില്‍ ജയിലില്‍ കിടക്കുന്ന സമയത്ത് ഈ സിനിമ കാണുമ്പോള്‍ ദിലീപിന്റെ വ്യക്തിപരമായ അംശം മനസ്സിലേക്ക് വരാതെ സിനിമ ആസ്വദിക്കാന്‍ കഴിയുന്നുണ്ടോ എന്ന് ഓരോ മലയാളിക്കും സ്വയം പരിശോധിക്കാന്‍ ഇത്രയും നല്ലൊരവസരം ഇനി കിട്ടാന്‍ സാധ്യത കുറവാണ്. ഒരു മറുമരുന്നെന്നോണം മലയാളിക്ക് രാമലീലയെന്ന സിനിമയെ എടുക്കാവുന്നതാണ്.
ഇന്നത്തെ സാഹചര്യത്തില്‍ ആസ്വാദ്യമായ സിനിമയായി രാമലീല വിജയിക്കുകയാണെങ്കില്‍ അത് മലയാള സിനിമയുടെയും പ്രേക്ഷകരുടെയും വിജയമായിരിക്കും. കൊടും കുറ്റകൃത്യത്തിന്റെ പേരില്‍ ജയിലില്‍ കിടക്കുന്ന നടന്‍ നായകനായുള്ള സിനിമ വിജയിക്കുന്നുവെങ്കില്‍ അത് സിനിമയുടെ വിജയമാണ്. അയഥാര്‍ഥ ലോകത്തോട് ചേര്‍ത്തുവച്ച് താരങ്ങളെ കാണുന്ന രോഗത്തില്‍ നിന്ന് അതുവഴി മലയാളിക്കു മുക്തി നേടാം. വാഷ്‌ബേസനില്‍ കൈ കഴുകാന്‍ എത്തിയപ്പോള്‍ താരം അതിനുള്ളിലെ ഉറുമ്പിനെ കാണുകയും അതിഴഞ്ഞു പോകാന്‍ വേണ്ടി കാത്തു നിന്നുവെന്നും മറ്റുമുള്ള മുഖ്യധാരാ പ്പൈങ്കിളി വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും അവയെ ഇനി രോഗാണുക്കളായി കാണുകയുമാകാം
.
ഇത്തരം മുഖ്യധാരാ മാധ്യമപ്പൈങ്കിളികളാണ് മലയാള സിനിമയെ താരകേന്ദ്രീകൃതമായി നിങ്ങാന്‍ വളംവച്ചു കൊടുത്തതും. അതിന്റെ പൊട്ടിയൊലിക്കലാണ് കുപ്രസിദ്ധ അമ്മ പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ നടത്തിയ പ്രകടനവും.ദിലീപിന്റെ അറസ്റ്റ് മലയാള സിനിമയിലെ ഒരു കാലസൂചികയാണ് ദിലീപിന്റെ അറസ്റ്റിനു മുന്‍പും പിന്‍പും. ഈ വഴിത്തിരിവില്‍ ഒരു പുത്തന്‍ സിനിമാ ആസ്വാദനത്തിന്റെയും താരങ്ങളോടുള്ള അന്ധാരാധന അവസാനിക്കുന്നതിന്റെയും നാഴികക്കല്ലാക്കി മാറ്റുന്നതിന് രാമലീലയെന്ന ' മറുമരുന്നി'നെ ഉപയോഗിക്കാം. താരങ്ങളും നമ്മുടെ സഹോദരങ്ങള്‍ തന്നെ. അവര്‍ക്കും അവര്‍ പെട്ടു കിടക്കുന്ന അബദ്ധ ധാരണാക്കൂടില്‍ നിന്ന് പുറത്തു വന്ന് കലാ പ്രവര്‍ത്തകര്‍ എന്ന അഭിമാനത്തോടെ ആദരവും നേടി സമൂഹത്തിന്റെ ഭാഗമായി ജീവിക്കാന്‍ കഴിയും.