തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫോണ്‍ വിളിച്ച സ്ത്രീയോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന്‍ കോള്‍ സെന്റര്‍ ജീവനക്കാരനായ കെ. പി. ഗിരീഷ് കുമാറിനെ പിരിച്ചുവിട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലേക്ക് സുതാര്യ കേരളം പരിപാടിയില്‍ പരാതി പറയാന്‍ വിളിച്ച കൊല്ലം സ്വദേശിനിയായ സ്ത്രീയാണ് പരാതിക്കാരി. മുഖ്യമന്ത്രിയെ കാണാന്‍ അവസരം നല്‍കണമെങ്കില്‍ ലൈംഗിക ബന്ധത്തിന് സമ്മതിക്കണമെന്ന് ഗിരീഷ് കുമാര്‍ പറഞ്ഞതായി യുവതി ആരോപിക്കുന്നു. ഗിരീഷും സുഹൃത്തുക്കളും തുടര്‍ന്നും ഫോണില്‍ ശല്യപ്പെടുത്തല്‍ നടത്തിയതായി മേയ് 25ന് നല്‍കിയ പരാതിയില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ കരാര്‍ ജീവനക്കാരനായിരുന്നു ഗിരീഷ് കുമാര്‍. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാർത്താ കുറിപ്പില്‍ പരാതിക്കാരിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദമായി. ഗിരീഷ് പേഴ്സണൽ സ്റ്റാഫിൽ അംഗമാണെന്ന് റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലായിരുന്നു വിശദീകരണ കുറിപ്പ് ഇറക്കിയത്. ലൈംഗികാരോപണ കേസുകളില്‍ പരാതിക്കാരുടെ പേര് വെളിപ്പെടുത്തരുതെന്നാണ് നിയമം.