Skip to main content

nitish kumar

 

നേതാക്കൾ പലവിധമുണ്ട്. തൽക്കാലം നരേന്ദ്ര മോദിയേയും നിതീഷ് കുമാറിനേയുമെടുക്കാം. ലക്ഷ്യത്തെ വ്യക്തമായി കണ്ട്, അതനുസരിച്ച് പ്രവർത്തിച്ച്, ജനങ്ങളിൽ വിശ്വാസവും പ്രതീക്ഷയും നിറച്ച് അധികാരത്തിലെത്തിയ നേതാവാണ് നരേന്ദ്ര മോദി. എന്നാൽ വ്യവസ്ഥാപിത ചാലിലൂടെ നീങ്ങി അതിൽ തിളങ്ങി അധികാരത്തിലേറിയ നേതാവാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വ പ്രഭാവത്തിനു ലഭിച്ച അംഗീകാരമായിരുന്നു ഉത്തർപ്രദേശ്, ഉത്തരാഖണ്ട് എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി നേടിയ ചരിത്ര വിജയം. ആ ഫലങ്ങൾ വന്നയുടൻ ഏവരുടെയും ഉള്ളിൽ ഉയർന്നു വന്നത് 2019-ൽ നടക്കാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പാണ്. ആ തെരഞ്ഞെടുപ്പിൽ നോക്കിയിട്ടു കാര്യമില്ല, 2024-ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതായിരിക്കും ഉചിതമെന്ന നിർദ്ദേശം പ്രതിപക്ഷത്തെ ഉന്നം വച്ചും, പ്രതിപക്ഷത്ത് നിന്നു തന്നെയും വരികയും ചെയ്തു.

 

കോൺഗ്രസ്സ് ഇപ്പോൾ നിലനിൽക്കാനുള്ള തീവ്രശ്രമത്തിലാണ്. സോണിയ - രാഹുൽ നേതൃത്വം വിട്ട് സമീപ ഭാവിയിലെങ്ങും ആ പാർട്ടിക്ക് നേതൃത്വം ഉണ്ടാകാനുo ഇടയില്ല. ഇപ്പോഴുള്ള അവസ്ഥയിലെങ്കിലും ആ പാർട്ടി ജീവിച്ചു പോരുന്നത് നെഹ്രു കുടുംബ നേതൃത്വം കൊണ്ടാണ്. ആ സ്ഥിതിയിൽ അധികാരത്തിലില്ലാത്ത സാഹചര്യത്തിൽ മറ്റൊരു നേതാവ് വന്നാൽ ആ നിമിഷം ആ പാർട്ടി ഛിന്നഭിന്നമാകും. മോദിയെ നേരിടാൻ പ്രതിപക്ഷത്തുള്ളവർ പ്രതീക്ഷയർപ്പിക്കുന്നത് നിതീഷ് കുമാറിലാണ്. അദ്ദേഹം പാറ്റ്നയിൽ പറഞ്ഞിരിക്കുന്നു, താൻ പ്രധാനമന്ത്രിയാകാനില്ലെന്ന്. വിശാല സഖ്യത്തിന്റെ നേതൃത്വത്തിലേക്ക് താനില്ലെന്നും അനാവശ്യമായി തന്നെ ആ സ്ഥാനത്തേക്ക് വലിച്ചിഴയ്ക്കുകയുമാണെന്നാണ് നിതീഷ് പറയുന്നത്. തനിക്ക് മോദിയുടെ കഴിവുകൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വ്യവസ്ഥാപിത ചാലിലൂടെ അധികം അധ്വാനമില്ലാതെ അധികാരത്തിലെത്തുന്നതിനുള്ള ക്രമത്തിന്റെ മുന്നൊരുക്കമായി വേണം നിതീഷിന്റെ ഈ പ്രസ്താവനയെ കാണാൻ. താനില്ലെങ്കിൽ പൊതുസമ്മതനായ ഒരു നേതാവ് ദേശീയ രാഷ്ട്രീയത്തിൽ ഇല്ലെന്ന് നിതീഷിനറിയാം. എന്നാൽ വിശാല സഖ്യത്തെ നയിക്കുക എന്നത് അങ്ങേയറ്റം പ്രയാസമേറിയ വ്യായാമമാണെന്നും നിതീഷിനറിയാം. തന്റെ പാർട്ടിയായ ജെ.ഡി.യുവിന്റെ പരിമിത വ്യാപ്തിയെക്കുറിച്ചും നിതീഷിനു ബോധ്യമുണ്ട്. പരമ്പരാഗത രീതിയിൽ മോദിയെയും ബി.ജെ.പിയേയും പ്രഹരിച്ചു കൊണ്ട് അഖിലേന്ത്യാ തലത്തിൽ സ്വാധീനശക്തിയാകാനുള്ള കഴിവും നിതീഷിനുണ്ട്. എന്നാൽ പ്രതിപക്ഷം ഒറ്റക്കെട്ടായി തന്റെ പിന്നിൽ നിൽക്കണം. മോദിയെ ബി.ജെ.പി അംഗീകരിക്കുന്നതു പോലെ തന്നെയും പ്രതിപക്ഷം അംഗീകരിക്കണം. അതിനുള്ള ഒരുക്കമാണ് നിതീഷ് തുടങ്ങിയിരിക്കുന്നത്. തന്റെ ആധിപത്യം പ്രതിപക്ഷ പാർട്ടികളെക്കൊണ്ട് ഒറ്റക്കെട്ടായി അംഗീകരിപ്പിക്കാൻ. മറ്റുള്ളവരിലൂടെ തന്റെ നേതൃത്വത്തെ ഉയർത്തിക്കൊണ്ടുവന്ന് തന്റെ ഉപാധികളുടെ അംഗീകരിപ്പിക്കലിലൂട നേതാവാകുക. ആ വിപരീത തന്ത്രത്തിന്റെ അനാഛാദനമാണ് ആത്മപരിശോധനയുടെ നിഴലാട്ടത്തോടെയുള്ള നിതീഷിന്റെ പ്രസ്താവന. പ്രത്യക്ഷത്തിൽ നിതീഷ് ബി.ജെ.പിയോടും മോദിയോടും വീണ്ടും അടുക്കുകയാണോ എന്നു തോന്നും. ദേശീയ മാധ്യമങ്ങളിൽ ചിലത് അത്തരം വ്യാഖ്യാനത്തോടെയാണ് നിതീഷിന്റെ ഈ പ്രസ്താവന കൊടുത്തതു തന്നെ.

 

പരമ്പരാഗത - വിപരീതാത്മക തന്ത്രം കൊണ്ട് നരേന്ദ്ര മോദിയെ ഇന്നത്തെ നിലയ്ക്ക് നേരിടുക എളുപ്പമല്ല. അതേസമയം ഇപ്പോഴത്തെ പ്രസ്താവനയ്ക്കിടയിൽ നിതീഷിൽ നിന്നു അടർന്നുവീണ ഒരു വാചകം ശ്രദ്ധേയമാണ്. "നരേന്ദ്ര മോദി പ്രധാനമന്ത്രിയാക്കുമെന്ന് മൂന്നു വർഷം മുൻപ് എത്ര പേർ വിചാരിച്ചിരുന്നു" എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അതായത് ഇനി രണ്ടുവർഷം കുടി പൊതു തെരഞ്ഞെടുപ്പിലേക്കുണ്ടെന്നും ഇപ്പോൾ പ്രതീക്ഷിക്കാൻ പറ്റാത്തത് സാധ്യമാക്കാൻ കഴിയുമെന്നുള്ള ധ്വനിയും അതിൽ നിന്ന് വായിച്ചെടുക്കാം.