ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് (ഐ.ഐ.എം), ഹാർവാർഡ് സർവ്വകലാശാല എന്നിവയൊക്കെ വർത്തമാനകാല മാനേജ്മെന്റ് പഠനത്തിലെ ഉത്തുംഗ ഇടങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. ഐ.ഐ.എം അഹമ്മദാബാദ് ഇന്ത്യയിലെ മാനേജ്മെന്റ് പഠനത്തിന്റെ മെക്കയും. ഇന്ത്യയിലെ ഏറ്റവും സമർഥരായ വിദ്യാർഥികളാണ് അവിടേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും. അവിടേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിൽ ഐ.ഐ.ടിയിൽ നിന്നുള്ള ബിരുദധാരികളുടെ എണ്ണം നോക്കിയാൽ അതു മനസ്സിലാകും. ഇവിടെ നിന്നു പഠിച്ചിറങ്ങുന്നവർ വൻ തുക ശമ്പളത്തിൽ കോർപ്പറേറ്റ് മേഖലകളിൽ നിയമിക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ ഹാർവാഡിൽ നിന്നുള്ളവരായാലും ഐ.എ എ.എമ്മിൽ നിന്നുള്ളവരായാലും വലിയ ഊന്നൽ കൊടുക്കുന്നത് ടീം വർക്കിനാണ്. എന്നു വെച്ചാൽ കൂട്ടായ്മ. എങ്ങനെ കൂട്ടായ്മ കൂട്ടി ഉൽപ്പാദനം വർധിപ്പിക്കാമെന്നുള്ളതാണ് ഏവരുടേയും ചിന്ത. അതിനുള്ള ഗവേഷണങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. എങ്കിലും കളികളാണ് കൂട്ടായ്മയെ കൂട്ടാൻ നല്ലതെന്നാണ് മാനേജ്മെന്റ് വിശാരദർ കണ്ടെത്തിയിട്ടുള്ളത്. അതിനായി വൻ തുകകൾ കമ്പനികൾ മുടക്കുകയും ചെയ്യുന്നു. ഇടവേളകളിൽ കമ്പനികൾ വിനോദസഞ്ചാരം നടത്തുക, റിസോർട്ടുകളിൽ വൈവിദ്ധ്യമാർന്ന കളികൾക്കിടയിൽ മസ്തിഷ്ക പ്രക്ഷാളന വ്യായാമം നടത്തുക എന്നിവയൊക്കെ പതിവ് ഏർപ്പാടുകളാണ്. പാശ്ചാത്യവത്ക്കരിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കടന്നു വന്ന് അതിൽ നിന്ന് പുറത്തുചാടാൻ കഴിയാത്ത, മാനേജ്മെന്റ് ഉത്തുംഗ ശൃംഗങ്ങളിലിരിക്കുന്ന ഈ പണ്ഡിറ്റുകൾ കളിയും കൂട്ടായ്മയും ബന്ധിപ്പിച്ചു കാണുന്നു എന്നതു തന്നെ വലിയ മാറ്റവും മുന്നേറ്റുമാണ്.
കളിക്കുക എന്നത് ഭാരതത്തിന്റെ സംസ്കൃതിയിൽ തെളിഞ്ഞു വരുന്ന പ്രായോഗികതയാണ്. കളിയുടെ പ്രാഥമിക ഘടകം വാസനയാണ്. അതിൽ പൂർണ്ണമായും മുഴുകുക. മുഴുകുക എന്നാൽ ഉള്ളിലെ വാസനക്ക് പിറവി നൽകുന്നതിൽ ശ്രദ്ധ നൽകുക. അതാകട്ടെ ഇടമുറിയാത്ത ശ്രദ്ധ. ഏതുത്സവങ്ങളും എടുത്തു പരിശോധിച്ചാൽ കാണാൻ കഴിയുന്നത് അതാണ്. ഉത്സവം എന്നാൽ ഉള്ളിലുള്ളതിനെ തപിപ്പിച്ച് പുറത്തെടുത്താഘോഷിക്കുക. ഉത്സവത്തിലെ മുഴുവൻ കെട്ടും കാഴ്ചയും കേൾവിയും അതിനാൽ അകക്കാഴ്ചകളുടേതാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ അകവും പുറവും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് മനുഷ്യനെ ഉയർത്തുന്നതിനെയാണ് ഉത്സവം എന്നു പറയുന്നത്. അടിമുടി കളിരസം തന്നെ. കളി എന്നു കേൾക്കുമ്പോൾ ഗ്രൗണ്ടും ഗ്യാലറിയും കൊമേഴ്സ്യൽസും തല്ക്കാലം മറക്കുക. ജീവിതത്തെ എങ്ങനെ ഉത്സവമാക്കാം എന്നത് മസ്തിഷ്കത്തിലൂടെയല്ലാതെ ഹൃദയത്തിന്റെ വാതിലിലൂടെ ജനിതക കലകളിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഉത്സവം.
ചെങ്ങന്നൂരിലെ ഓതറ പടയണി ഒരുദാഹരണം മാത്രം. എല്ലാ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടും ഐതിഹ്യമുണ്ടാകും. ആ കഥയിലധിഷ്ഠിതമായിരിക്കും ആ ക്ഷേത്രത്തിലെ ആചാരങ്ങളും ഉത്സവവും. അവയിലേക്ക് നോക്കിയിട്ട് അതിന്റെ ഭാഷയും വ്യാകരണവും ശ്രദ്ധിച്ചാൽ ഭാഷയുടേയോ വ്യാകരണത്തിന്റേയോ മുഷിപ്പില്ലാതെ വിസ്മയമെന്നോണം ആ പ്രദേശത്തിന്റെ ആത്മാവിന്റെ നൃത്തവും സംഗീതവും കാണാനും ആസ്വദിക്കാനും കഴിയും. അതാകട്ടെ ഒരേസമയം ആ പ്രദേശത്തിന്റെ സവിശേഷമായ എല്ലാ സ്വഭാവവും ആരോഗ്യത്തോടെ നില നിർത്തി മണ്ണിനെയും മനുഷ്യനെയും പ്രതിരോധശേഷിയുള്ളതാക്കി മാറ്റുന്നു. അതോടൊപ്പം തന്നെ ആ അറിവിലൂടെ മറ്റു ലോകങ്ങളേയും മനുഷ്യരെയും പ്രപഞ്ചത്തേയും അറിഞ്ഞ് സാർവ്വലൗകികതയിലേക്ക് പ്രവേശിക്കുന്നതിനും സഹായിക്കുന്നു. വ്യക്തി സ്വയം അറിയുന്നതിലൂടെ സമസ്ത പ്രപഞ്ചത്തേയും അനായാസമായി അറിയാൻ പര്യാപ്തമാക്കുന്നു ഉത്സവങ്ങൾ. സന്തോഷത്തിൽ കളിയിലേർപ്പെടുന്നു. അല്ലാതെ സന്തോഷത്തിനായി കളിയിലേർപ്പെടുന്നില്ല. കോർപ്പറേറ്റ് കൂട്ടായ്മയക്കു വേണ്ടിയുള്ള കളികൾ രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നു എന്നതാണ് ദുരന്തമായി മാറുന്നതും, കളി കളിയായി വേറിട്ടു നിൽക്കുന്നതും.
ഓതറ പടയണിയിലേക്കു വരാം. ആദ്യദിവസം മുതൽ അവിടെ കോലം തുള്ളലുണ്ട്. ഭൈരവിക്കോലം, കാലൻ കോലം എന്നിങ്ങനെ വിവിധ കോലങ്ങൾ. പലരും വഴിപാടായിട്ടാണ് കോലം എടുപ്പിക്കുന്നത്. കവുങ്ങിന്റെ പച്ചപ്പാളയുടെ പച്ച ചെത്തി അതിന്റെ മേലാണ് കോലം വരയ്ക്കുന്നത്. ചെറിയ കോലങ്ങൾ മുതൽ വലിയ കോലങ്ങൾ വരെയുണ്ട്. എന്നാൽ ഓതറ പടയണി അറിയപ്പെടുന്നത് പത്താം ഉത്സവത്തിന്റെയന്ന് നേരം വെല്ലുന്നതിനു മുൻപ് തുള്ളിക്കുന്ന ആയിരത്തിയൊന്നു പാളയുടെ ഭൈരവിക്കോലത്തിന്റെ പേരിലാണ്. തീപ്പന്തവെളിച്ചത്തിൽ മാത്രം കാണപ്പെടുന്ന ഈ ഓതറപ്പടയണിക്കോലം മനുഷ്യനു ഭൂമിയിൽ ലഭ്യമാകുന്ന വിസമയക്കാഴ്ചകളിലൊന്നാണ്.
ഒറ്റപ്പാളക്കോലം മുതൽ ആയിരത്തിയൊന്നു പാളയുടെ കോലം വരെ. ആയിരത്തെ പുരാണേതിഹാസങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത് ഗണിതശാസ്ത്ര നിഷ്ഠയിലല്ല. മറിച്ച് അപാരതയേയും അന്ത്യമില്ലായ്മയേയും സൂചിപ്പിക്കുന്നതിനാണ്. ഒരു പാളയിൽ കോലത്തെ വരച്ച് പടയണിക്കോലമായി തുള്ളാൻ പറ്റുമെങ്കിൽ മനുഷ്യന്റെ അനന്തമായ സാധ്യതയെ ഹൃദയ വാതായനത്തിലൂടെ ജനിതകകോശങ്ങളിലേക്കു സന്നിവേശിപ്പിക്കുന്നു ആയിരത്തൊന്നു പാളക്കോലം. ചെറുകോലത്തിലെ അതേ കൃത്യതയും ഗണിത നിഷ്ഠയുമാണ് ചട്ടത്തിലുയർത്തി ചാടിൽ വലിച്ച് ഭഗവതിക്ക് മുന്നിലെത്തിക്കുന്ന ആയിരത്തിയൊന്നു പാളക്കോലത്തിനും.
ഓരോ പാളയിലെ വരയും, ഇടയിലുള്ള മൂലക്കൂർപ്പുകളും കുതിരത്തലകളുമടങ്ങിയ പാളരൂപങ്ങളും മറ്റു വരകളും എല്ലാം കൂടി ചേർന്ന് അഴകുള്ള അണിയട വ്യതിയാനമില്ലാത്ത സന്തുലിതമായ രീതിയിൽ അവ തയ്യാറാകുമ്പോഴാണ് ഭൈരവിക്കോലം വിസ്മയക്കാഴ്ചയാകുന്നത്. ഈ കോലത്തിന്റെ ഇടയ്ക്കും മുറയ്ക്കും ചേർത്ത് വയ്ക്കുന്ന എണ്ണപ്പന്തത്തിന്റേയും, മുൻപേ തീവെട്ടിയുടെ അകമ്പടിയിൽ നീങ്ങുന്ന ചൂട്ടുകറ്റപ്പന്തത്തിന്റേയും അകമ്പടിയിലാണ് ഭൈരവിക്കോലം ഒരേസമയം അനുഭൂതിയും വിസ്മയവും കാഴ്ചയുമായി മാറുന്നത്.
മനുഷ്യന്റെ എക്കാലത്തേയും ഉയർച്ചയ്ക്കാവശ്യമായ ബോധ്യങ്ങളെ ഭാരതീയ സംസ്കൃതി ജൈവമായി ആർക്കൈവ് ചെയ്യുന്നത് ഇങ്ങനെയാണ്. മ്യൂസിയങ്ങൾക്കു പകരം മനുഷ്യന്റെ ജനിതക കലകളിൽ. അതും അവനറിയാതെ അവന്റെയും അവളുടെയും ജീവിതത്തിന്റെ കണ്ണിയായി. കോലത്തിന് വീതിയുള്ള പാള വേണമെങ്കിൽ ഓതറയിലെ മണ്ണ് കവുങ്ങിന് വളരാൻ വേണം. കവുങ്ങ് വേണം. കോലം വരക്കാനുപയോഗിക്കുന്ന ചായക്കൂട്ടുകൾ മുഴുവൻ ജൈവ കൂട്ടുകളാണ്. അവയും നിലനിൽക്കണം. പിന്നെ ഇതിന്റെ പ്രയോഗത്തിനുള്ള അറിവും കൂട്ടായ്മയും വേണം.
ആയിരത്തൊന്നു പാളയുടെ കോലമായതിനാൽ കാലേകൂട്ടി തയ്യാറാക്കി വെയ്ക്കാമെന്നു വെച്ചാൽ കോലത്തിന്റെ കോലം കെടും. കാരണം പച്ചപ്പാളയിലാണ് കോലം വരയ്ക്കുക. പാള അൽപ്പം പോലും വാടാൻ പാടില്ല. അതിനാൽ സന്ധ്യ കഴിഞ്ഞാണ് പാള നന്നാക്കലും കോലം വരയ്ക്കലും രൂപം നിർമ്മിക്കലും തുടങ്ങുക. ഓതറ ക്ഷേത്രത്തിന് മുന്നിൽ ഇടതുവശത്തുള്ള വലിയ ഹാളിലാണ് ഇവ നടക്കുക. ചിലർ പാള വെട്ടി കോട്ടി തുന്നി എങ്ങളുണ്ടാക്കുന്നു. ചിലർ വലിയ കോലം വരയ്ക്കുന്നു, മറ്റു ചിലർ ചെറിയ കോലവും ആനയേയും സിംഹത്തേയും വരയ്ക്കുന്നു. അങ്ങനെ ശ്രദ്ധയോടെ സാവധാനം ഏകാഗ്രതയോടെ കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരന്മാരെയാണ് അവിടെ കാണുക. ആരിലും ധൃതിയില്ല. ഹാളിന്റെ ഒരു വശത്ത് അഗ്നികുണ്ഡം. അവിടെ നിശ്ചിത ദൂരത്തിൽ തീ കായാൻ വച്ചിരിക്കുന്ന തപ്പ്. പോത്തിൻ തോലിൽ നിർമ്മിതമാണ് തപ്പ്. അതു മുറുക്കുന്ന രീതിയാണ് തീ കായ്ക്കൽ.
കോലമെഴുത്ത് ഉള്ളിൽ നടക്കുമ്പോൾ പുറത്ത് തപ്പുകൊട്ടിന്റെ താളത്തിൽ പാടിയും പറഞ്ഞും കൊഴുക്കുന്ന കാക്കാരശ്ശി നാടകം. അതാകട്ടെ പ്രാകൃത മലയാളത്തിൽ. ആ ഭാഷയിലൂടെ ഈ നാടകരൂപത്തിന്റെ കാലഗണനയും നടത്താം. ആ കാലത്തും നിന്നിരുന്ന സത്യസ്വേഷണം അനാവരണം ചെയ്യപ്പെടുന്നത് കൗതുകപൂർവ്വം കാണാൻ കഴിയും. ഈ ഭാഷയേയും, തപ്പിന്റെ ശബ്ദതാളത്തേയും ഈ രീതിയിലൂടെയല്ലാതെ കാലത്തിന്റെ ഈർപ്പം തട്ടാതെ സൂക്ഷിക്കാൻ പറ്റില്ല എന്ന് ഒന്നുകൂടി ഓർക്കാം. ഇതു പരിചയമില്ലാത്തവർ കേൾക്കുന്ന പക്ഷം കാവാലം നാരായണപ്പണിക്കരുടെ നാടകം കളിക്കുകയാണെന്നേ കരുതുകയുള്ളു. കാവാലത്തിന്റെ നാടകത്തിന്റെ ആത്മാവും ശരീരവും എവിടെ നിന്നാണെന്നും കാക്കാരശ്ശി നാടകം കാണുമ്പോൾ അറിയാം. കാക്കാരനും തമ്പുരാനും തമ്മിലുള്ള പറച്ചിലും പിന്നെ തമ്പുരാന്റെ ചോദ്യത്തിന് പാട്ടിലൂടെയുള്ള കാക്കാരന്റെ ഉത്തരത്തിലുടെയുമാണ് നാടകം പുരോഗമിക്കുന്നത്. സത്യബോധത്തെ കുറിച്ച് തമ്പുരാനെ വ്രണപ്പെടുത്താതെ എന്നാൽ കളിയാക്കിയാണ് കക്കാരന്റെ പാട്ടുത്തരം. "കാക്കാരാ, നിന്റെ ജന്മത്തിന്റെയൊക്കെ കഥയില്ലേ, അതൊന്നു കേൾക്കട്ടെ" എന്ന് തമ്പുരാൻ. "തമ്പുരാനെ, തമ്പുരാന്റെയും കാക്കരന്റെയും ജന്മത്തിന്റെയും കഥയും രഹസ്യവുമൊക്കെ ഒന്നു തന്നെയാ" എന്നു പറഞ്ഞു കൊണ്ട് നാടകം മുന്നേറുമ്പോൾ ആ നാടകം പോയ കാലത്തിലെ തമ്പുരാനും കാക്കാരനും ചേർന്നുള്ള സാമൂഹിക കടച്ചിലായി അറിയാൻ കഴിയുന്നു. സ്നേഹവും മനനവും ആഘോഷവും നെയ് പോലെ തെളിഞ്ഞു വരുന്നതും കാണാം.
വെളുപ്പാൻ കാലത്ത് ഓതറയുടെ അടുത്ത കരക്കാർ കോലമേന്തി കുചേലവൃത്തത്തിൽ വഞ്ചിപ്പാട്ടും പാടി എത്തുന്നു. ബന്ധുക്കരക്കാരായി. ഓതറ കരക്കാരുടെ ക്ഷണമനുസരിച്ച്. അവർ ബന്ധുക്കരക്കാരായി ഓതറയിലെ കരക്കാരിലേക്ക് അലിയുന്നു. വെളുപ്പാൻ കാലത്ത് ഗണക സമുദായത്തിൽ പെട്ടവർ വരച്ചു തീർത്ത കോലങ്ങൾ ചട്ടത്തിൽ തുന്നിപ്പിടിപ്പിച്ച് ഉയർത്തിക്കഴിഞ്ഞിരിയ്ക്കുന്നു. ഉയർത്തുന്നതിനു മുൻപ് കോലത്തിൽ തിരുകിയിരുന്ന പന്തക്കോലുകളിലെ എണ്ണ മുക്കിയ തിരികളിൽ തോട്ടിയിലൂടെ തീ കൊളുത്തി. ഇതെല്ലാം നിർദ്ദേശപ്രകാരമാണ് നടക്കുന്നത്. പിന്നെ നിർദ്ദേശം വന്നു, ചൂട്ടു കറ്റകൾ കത്തിക്കാൻ. പിന്നെ വൈദ്യുത ദീപങ്ങൾ അണഞ്ഞു. പന്തവെളിച്ചത്തിൽ കോലം കേറിയ ചട്ടത്തെ ക്ഷേത്രത്തിന്റെ മുന്നിലേക്ക് വടം കൊണ്ട് വലിച്ചു. മെല്ലെ ആയിരത്തൊന്നു പാളയുടെ ഭൈരവിക്കോലം ഭഗവതിക്കു മുന്നിൽ നിൽപ്പായി. ഒരു ഗ്രാമത്തിന്റെ കൂട്ടായ്മയിലൂടെ സൗന്ദര്യാത്മകവും ഗണിതശാസ്ത്ര ഭരതയോടെ സന്തുലിതമായി പിറവി കൊണ്ട അനന്ത സാധ്യതയുടെ ആവിഷ്കാര മുഹൂർത്തം.
എന്താണ് സൃഷ്ടിക്കേണ്ടതെന്ന് വ്യക്തമായ ചിത്രം കൂട്ടായ്മയിലുള്ള ഓരോരുത്തരിലും തെളിയുന്നതിന്റെ ഫലമാണ് ഈ കോലം. ഒരു പാളയുടേയോ രൂപത്തിന്റെയോ സ്ഥാനം മാറിയാൽ കോലത്തിന്റെ സന്തുലിത സ്വഭാവം മാറും. തീപ്പന്തവും പേറി നീങ്ങുന്ന കോലം ചിലപ്പോൾ വൻ അപകടത്തിനും കാരണമായേക്കും. ഈ കോല നിർമ്മിതിയുടെ ചട്ടം തീർക്കൽ എഞ്ചിനീയറിംഗ് അത്ഭുതം തന്നെയാണ്. ലോകോത്പത്തിയിൽ ഈ ഭൗതിക പ്രപഞ്ചം ഒരു ചുഴി പോലെ രൂപം കൊണ്ട് നിലനിൽക്കുന്നു എന്ന്‍ ആധുനിക ഭൗതികശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു. കോലത്തിന്റെ മുകളറ്റത്ത് കാലൻ കോലത്തെ തറച്ചു നിർത്തി ഈ കോലത്തിന്റെ സന്തുലിതാവസ്ഥ ഉറപ്പാക്കുമ്പോൾ മറുനോട്ടത്തിൽ തല തിരിച്ചുവച്ച ചുഴിയായും ഈ ഭൈരവിക്കോലം മാറുന്നു. കാണായ പ്രപഞ്ചം ശക്തിയുടെ പ്രകടിത ഭാവമെന്നു കൂടി അറിയുമ്പോൾ ഭൈരവിക്കോലം കാഴ്ചക്കാരനെ അല്ലെങ്കിൽ ഭക്തനെ കൃത്യമായ, ഗണിതഭദ്രമായ അതിരുകളിലൂടെ അതിരുകളില്ലാത്ത മനുഷ്യന്റെ യഥാർഥ തലത്തിലേക്കും സാധ്യതകളിലേക്കും ഉയർത്തുന്നു. നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ രവിവർമ്മത്തമ്പുരാൻ ഈ കോലം വരവ് കണ്ടതിന്റെ അനുഭവം ഇങ്ങനെ വിവരിക്കുന്നു. "വൈദ്യുതി വെളിച്ചത്തിൽ തയ്യാറായി നിന്ന കോലത്തെ കണ്ടപ്പോഴുണ്ടായ ആ ഭീമാകാരത, തീപ്പന്ത വെളിച്ചത്തിൽ നീങ്ങുന്നതു കണ്ടപ്പോൾ അതില്ലാതായി, മറ്റൊരനുഭവത്തിലേക്ക് മാറിയപോലെ." രവിവർമ്മ തന്റെ ഉള്ളിലെ അപാരതയെ ഒരു നിമിഷം അനുഭവിച്ചപ്പോൾ അതറിയുകയായിരുന്നു. അതിനെ ബുദ്ധി കൊണ്ട് നിർവചിച്ചവതരിപ്പിക്കാൻ പറ്റില്ല. ഒരു ചിരിയിൽ ബുദ്ധൻ അനുഭവിച്ച ആനന്ദത്തെ ഒരു ലോകത്തിന് പകർന്നു നൽകുന്ന സാമൂഹ്യ നിമിഷം.
സത്യാനുഭവം പണ്ഡിതനും പാമരനും ഒരേ പോലെ പകരുന്നതോടൊപ്പം വാസനയെ തൃപ്തിപ്പെടുത്തി അതിനെ പോഷിപ്പിച്ച് എങ്ങനെ ഭൗതിക ലോകത്ത് പ്രകൃതിയുടെ താളത്തോട് ചേർന്ന് ഭൗതികാഭിവൃദ്ധി സാധ്യമാക്കാം എന്നതിന്റെ ദൃഷ്ടാന്തമാണ് ഈ ഭൈരവിക്കോലം. തട്ടത്തിൽ കോലം കയറുന്നതിനു ഏതാനും മണിക്കൂറുകൾ മുൻപ് ഹാളിൽ വളരെ ആസ്വാദ്യമായി വരപ്പിലും രൂപനിർമ്മിതിയിലും പുറത്ത് ചട്ടമൊരുക്കൽ സാങ്കേതിക വിരുതിൽ ഏർപ്പെട്ടിരുന്നവരെയും ബന്ധപ്പെട്ടവർക്ക് സമയാസമയങ്ങളിൽ നിർദ്ദേശം നൽകി നേതൃത്വം നൽകിയിരുന്നവരെ പോലെയും കാര്യങ്ങൾ നടത്തുകയാണെങ്കിൽ കൃത്യസമയത്ത് ഉദ്ദേശിച്ച രീതിയിൽ ഏത് ബൃഹദ് പദ്ധതിയും സൗന്ദര്യാത്മകമായി സാധ്യമാക്കാൻ കഴിയുമെന്ന്‍ ഓതറ പടയണി പറഞ്ഞു തരുന്നു. ഇത്തരം സാമൂഹിക ഉത്സവങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും അതിൽ പങ്കെടുക്കുന്നവരിൽ ഈ അച്ചടക്കവും നൈപുണ്യവും ഉണ്ടാവും. നല്ല നേതൃത്വം കൂടി ഉണ്ടെങ്കിൽ മനുഷ്യന് അസാധ്യമായത് ഒന്നുമില്ല. മറ്റുള്ളവരുടെ മേൽ അധീശത്വവും ആധിപത്യവും സ്ഥാപിക്കലല്ല നേതൃത്വം എന്നും പടയണിക്കോലവും കാക്കരശ്ശി നാടകവും ഓർമ്മിപ്പിക്കുന്നു. ഒരു ഗ്രാമത്തിനും സംസ്ഥാനത്തിനും മറ്റ് പ്രദേശങ്ങളുമായി സൗഹൃദവും ബന്ധവും നിലനിർത്തി എങ്ങനെ മുന്നേറാമെന്നും ഈ കോലം സൗന്ദര്യത്തിന്റെ ഭാഷയിൽ സൂചിപ്പിക്കുന്നു. ഏതു സ്ഥാപനത്തിനും എന്തു പദ്ധതി എങ്ങനെ നടപ്പാക്കാമെന്നും ഭൈരവിക്കോലം പഠിപ്പിക്കുന്നു. മാനേജ്മെന്റ് പരിശീലന സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഇതിലേക്കു നോക്കിയാൽ കിട്ടുന്നത് സാധ്യതയുടെ ശാസ്ത്ര-സൗന്ദര്യ-കളി രസവഴികളാണ്.