Skip to main content

 

പിണറായി വിജയന്‍ സർക്കാർ സർക്കാർ ശക്തമാകുമെന്ന് എതിരാളികൾ പോലും കരുതിയിരുന്നു. കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്നത് തന്നെയും. എന്നാൽ പിണറായിയുടെ കൈയ്യിൽ നിന്നും ഭരണം വഴുതിപ്പോയിക്കഴിഞ്ഞിരിക്കുന്നു. ഒരു ചെറിയ പ്രശ്‌നം പോലും വലിയ കോലാഹലമില്ലാതെ പരിഹരിക്കാൻ ഈ സർക്കാരിനു കഴിയുന്നില്ല. ഒരു പ്രശ്‌നപരിഹാരത്തിൽ നിന്ന് ഒരു വ്യക്തിയുടെയും പ്രസ്ഥാനത്തിന്റെയും സർക്കാരിന്റെയും കഴിവ് നിഷ്പ്രയാസം അളക്കാം. ഒരു ചാക്കിലെ ഏതാനും അരിമണികൾ കൊറിച്ച് ആ ചാക്കിലെ അരിയുടെ ഉണക്ക് തിട്ടപ്പെടുത്തുന്നതു പോലെ.

 

ഒരേസമയത്ത് ഏതാണ്ട് സമാന സ്വഭാവത്തോടെയുണ്ടായ രണ്ടു പ്രശ്‌നങ്ങളാണ് പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്നുണ്ടായ സംഭവങ്ങളും ലോ അക്കാദമി സമരവും. രണ്ടും പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അതും ദയനീയമായി. മാത്രമല്ല, എന്താണ് പരാജയത്തിലേക്ക് നീങ്ങുന്നതെന്ന് ലോ ആക്കാദമി സമരം പകൽ പോലെ കേരളസമൂഹമധ്യത്തിൽ പ്രകടമാക്കുകയും ചെയ്തു.

 

മകൻ മരിച്ച അമ്മയുടെയും വീട്ടുകാരുടെയും മാനസിക നില ഓർക്കാവുന്നതേ ഉള്ളു. വിശേഷിച്ചും ഇന്നത്തെ മാധ്യമ സാഹചര്യത്തിൽ. ജിഷ്ണു കൊലചെയ്യപ്പെട്ടതാണെന്ന് സാഹചര്യത്തെളിവുകളാൽ ആ കുട്ടിയുടെ അച്ഛനമ്മമാരും അടുത്ത ബന്ധുക്കളും വിശ്വസിക്കുന്നു. തെളിവുകളും ഏതാണ്ട് ആ ദിശയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ആ അച്ഛനുമമ്മയും ബന്ധുക്കളും തലസ്ഥാന നഗരിയിലേക്ക് സമരത്തിനു വരുമ്പോൾ അവർ മുഴുവൻ സമയവും കേരളത്തിൽ സ്വീകരണമുറിയുടെ സാന്നിദ്ധ്യമായിരിക്കുമെന്ന് ഇന്ന് എൽ.കെ.ജി കുട്ടികൾക്ക് പോലും അറിയാവുന്നതാണ്. വേദനയെ മുഖ്യ വിപണനോപാധിയാക്കിയിട്ടുള്ള മാധ്യമപരിസ്ഥിതിയിൽ ജിഷ്ണുവിന്റെ അമ്മ മഹിജയോടും ബന്ധുക്കളോടും വളരെ സൗഹാർദ്ദപരമായ രീതിയിൽ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുന്നതിന് പോലീസും ആഭ്യന്തരമന്ത്രിയും തയ്യാറെടുപ്പുകൾ നടത്തേണ്ടതായിരുന്നു. കാരണം ഇതൊരു രാഷ്ട്രീയ വിഷയവുമായി വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ വ്യാപ്തി തിരക്കുകൾക്കിടയിൽ ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മനസ്സിലാക്കേണ്ടതായിരുന്നു.

 

മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ ദയനീയമായി പരാജയപ്പെട്ടുവെന്ന ഉറക്കെയുള്ള പ്രഖ്യാപനമാണ് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ലളിതമായ കാര്യങ്ങളിൽ പോലും താത്വികമായും പരോക്ഷമായും വ്യാഖ്യാനപരമായും ഗഹനചിന്തയോടെയും അനുരണനാന്തോളന ചലനങ്ങൾ കണ്ടും സംസാരിക്കുന്ന വ്യക്തിയാണ് ബേബി. ഇടതുപക്ഷത്തിന്റെ നയമല്ല പോലീസ് ഈ വിഷയത്തിൽ നടപ്പിലാക്കിയിട്ടുള്ളതെന്ന് ബേബി പറയുമ്പോൾ പോലീസിനെ ന്യായീകരിച്ച പിണറായി വിജയനെയാണ് ബേബി തള്ളിപ്പറയുന്നത്. മാത്രമല്ല പിണറായിയുടെ മാത്രമല്ല ഈ സർക്കാർ എന്ന മുന്നറിയിപ്പും ആ പ്രസ്താവനയുടെ കാർക്കശ്യത്തിൽ ബേബി ഭദ്രമാക്കി വച്ചിട്ടുണ്ട്. അതുകൊണ്ടാണ് സഖാവ് പിണറായി വിജയൻ സംശയലേശമന്യേ വ്യക്തമാക്കിയിട്ടുള്ള പോലീസ് നയത്തിന് വിപരീതമായിട്ടാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് ബേബി എടുത്തു പറയുന്നത്. ആരെങ്കിലും തന്റെ പ്രസ്താവന പിണറായിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തു വന്നാൽ അതല്ല, മറിച്ച് താൻ പിണറായിയെ ഉദ്ധരിച്ചുകൊണ്ടാണ് അഭിപ്രായം പറഞ്ഞിരിക്കുന്നതെന്ന് വ്യക്തവും ചടുലവുമായി ഭാഷയിൽ ബേബിക്കു പറയുകയും ചെയ്യാം. തന്നെക്കാൾ ബുദ്ധി കുറവുള്ളവരേ കേരളത്തിൽ ഉളളു എന്ന ഒരു ബോധ്യവും ബേബിക്കുണ്ടാകാം.

 

ഉദ്യോഗസ്ഥ തലത്തിൽ മുകൾത്തട്ടു മുതൽ താഴെ തട്ടുവരെ മുഖ്യമന്ത്രിക്കു നിയന്ത്രണം നഷ്ടമായി. പോലീസ് വ്യക്തമായ ദിശയില്ലാതെ പെരുമാറുന്നു. കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഉന്നതർക്ക് സർക്കാരുമായുള്ള ബന്ധം ഉണ്ടെന്നുള്ള ആരോപണം ശക്തമാകുന്ന വിധമുള്ള വിധം കാര്യങ്ങൾ നടക്കുന്നു. കഴിഞ്ഞ പത്തു മാസം പ്രത്യുൽപ്പാദനപരമായില്ലെന്ന രീതിയിൽ പാർട്ടി തന്നെ ഭരണത്തെ വിലയിരുത്തി. ഇതിനെല്ലാം പുറമേ മന്ത്രിമാർ പ്രാപ്തിയില്ലാത്തവരും. ആകെ ശേഷിയുള്ള ഒരു മന്ത്രി ഡോ.തോമസ് ഐസക്കാണ്. എന്നാൽ മുഖ്യമന്ത്രിയുമായുള്ള മാനസിക അകൽച്ചയിൽ അദ്ദേഹം ഫലത്തിൽ ഒരു നിസ്സഹകരണ മനോഭാവത്തിലാണ് നീങ്ങുന്നത്. അതിനദ്ദേഹം കണ്ടെത്തുന്ന വഴി കേന്ദ്രത്തെ ആക്രമിക്കാൻ കിട്ടുന്ന അവസരങ്ങളിലെല്ലാം അതിനു തുനിഞ്ഞുകൊണ്ടാണ്. ഭരണത്തിനു ഉപയോഗിക്കുന്നതിനേക്കാൾ സമയം അദ്ദേഹം അതിനാണുപയോഗിക്കുന്നത്. അതിനെല്ലാമുപരി അഴിമതിക്കെതിരെയുള്ള യുദ്ധപ്രഖ്യാപനവുമായി ജോക്കബ് തോമസ്സിനെ കഴിഞ്ഞ പത്തു മാസം മുഖ്യമന്ത്രിക്കു ചുമക്കേണ്ടി വന്നു. അത് ദുരന്തത്തിൽ കലാശിച്ചു.

 

ഒരു ചെറിയ പ്രശ്‌നം പോലും നൈപുണ്യത്തോടും അവധാനതയോടും ധീരതയോടും കൈകാര്യം ചെയ്യാൻ കെൽപ്പില്ലാത്ത ഈ സർക്കാർ ഈ അവസ്ഥയിൽ സംസ്ഥാനത്തിന്റെ ഭരണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നുള്ളത് ഉത്തരം കിട്ടേണ്ടതും എന്നാൽ കിട്ടാൻ പ്രയാസമുള്ളതുമായ ചോദ്യമാണ് ഇന്നത്തെ സാഹചര്യത്തിൽ. സ്വാഭാവികമായി രാഷ്ട്രീയ അവസരം കാത്തു നിൽക്കുന്നവർ അതുപയോഗിക്കും. ആ നേട്ടം കേരളത്തിന്റെ രാഷ്ട്രീയഗതിയിലെ മാറ്റത്തിനും കാരണമായാൽ അതിന്റെ ഉത്തരവാദിത്വം മറ്റെല്ലാ കാര്യത്തിലെന്നപോലെ സി.പി.ഐ.എമ്മിനായിരിക്കും.