Skip to main content

oommen chandyതിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവക്കണമെന്ന് പ്രതിപക്ഷം. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള ഒഴിവാക്കി. മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചത്. എന്നാല്‍ താന്‍ രാജി വക്കില്ലെന്നും കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമാണെന്നും ജുഡിഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

 

ബഹളം നിയന്ത്രണാതീതമായപ്പോള്‍ സ്പീക്കര്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ചു. എന്നാല്‍ പിന്നീട് സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം നടുതളത്തിലിറങ്ങി കുത്തിയിരിപ്പ് സമരം ആരംഭിച്ചു. നിയമസഭ ചേര്‍ന്നപ്പോള്‍ തന്നെ സോളാര്‍ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ ചോദ്യോത്തരവേള കഴിയാതെ ചര്‍ച്ച ചെയ്യാന്‍ പറ്റില്ലെന്ന് സ്പീക്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ്‌ ബഹളം തുടങ്ങിയത്.

 

സോളാര്‍ തട്ടിപ്പിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ തിങ്കളാഴ്ച ഉച്ചക്ക് യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും വിധമുള്ള തെളിവുകള്‍ ദിനംപ്രതി പുറത്തു വരുന്ന സാഹചര്യത്തിലാണ് യോഗം ചേരാന്‍ തീരുമാനമായത്. അതേ സമയം മുഖ്യമന്ത്രിയുടെ രാജിക്കായുള്ള സമ്മര്‍ദം ഏറി വരികയാണ്. പ്രതിപക്ഷ യുവജന സംഘടനകളായ എ.ഐ.വൈ.എഫും ഡി.വൈ.എഫ്.ഐയും തിങ്കളാഴ്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags