Skip to main content

വന്‍ ഭൂരിപക്ഷം നേടിയ ഉത്തര്‍ പ്രദേശിനും ഉത്തരാഖണ്ടിനും പുറമേ കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാം സ്ഥാനത്തായ മണിപ്പൂരിലും ഗോവയിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തിന് വഴിതെളിഞ്ഞു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഈ രണ്ട് സംസ്ഥാനങ്ങളിലും മറ്റു കക്ഷികളുടെ സഹായത്തോടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്.

 

ഗോവയില്‍ ബി.ജെ.പി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ ക്ഷണിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

 

40 അംഗ സംഭയില്‍ 13 സീറ്റേ ബി.ജെ.പിയ്ക്ക് ഉള്ളൂവെങ്കിലും ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എന്നിവയിലെ മൂന്ന്‍ വീതം എം.എല്‍.എമാരുടെയും രണ്ട് സ്വതന്ത്രരുടേയും പിന്തുണയോടെ കേവല ഭൂരിപക്ഷത്തിന് വേണ്ട 21 പേരുടെ പിന്തുണ ബി.ജെ.പി സമാഹരിച്ചു. എന്‍.സി.പിയുടെ എം.എല്‍.എയും ബി..ജെ.പിയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് 17 സീറ്റാണ് ലഭിച്ചത്.  

 

മണിപ്പൂരില്‍ 32 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബി.ജെ.പി വ്യക്തമാക്കി. 60 അംഗ സഭയില്‍ 31 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് 28 സീറ്റേ ഉള്ളൂ.

 

ബി.ജെ.പിയ്ക്ക് 21 സീറ്റേ ഉള്ളൂവെങ്കിലും എന്‍.ഡി.എ ഘടകകക്ഷികളായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗ പീപ്പിള്‍സ് ഫ്രന്റ്‌ എന്നിവയുടെ നാല് വീതം എം.എല്‍.എമാരും ലോക് ജനശക്തി പാര്‍ട്ടിയുടെ ഒരു എം.എല്‍.എയും പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എം.എല്‍.എയും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ, കോണ്‍ഗ്രസിന്റെ ഒരു എം.എല്‍.എയും കൂറുമാറി ബി.ജെ.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. നിയമസഭാകക്ഷി നേതാവിനെ തിങ്കളാഴ്ച തെരഞ്ഞെടുക്കുമെന്ന് ബി.ജെ.പി അറിയിച്ചു.