2017 മാർച്ച് 8ന് കൊച്ചിയിൽ ശിവസേനക്കാർ മറൈൻ ഡ്രൈവിൽ നിന്ന് കമിതാക്കളെ ചൂരൽ കൊണ്ട് അടിച്ചോടിച്ചു. അമ്പതില് താഴെ വരുന്നവരേ പ്രകടനമായെത്തിയവരുണ്ടായിരുന്നുള്ളു. ഒരുപക്ഷേ എറണാകുളം ജില്ലയിലെ മൊത്തം വരുന്ന ശിവസേനക്കാർ അവരാകും. അവർക്കെന്നല്ല ആർക്കുമറിയാമായിരുന്നു കേരളത്തിലെ വർത്തമാനകാല പ്രതിഷേധ സൂചികയനുസരിച്ച് തൊട്ടുപിന്നാലെ മറൈൻ ഡ്രൈവിൽ സദാചാര പോലീസിനെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന്. അവർ പ്രതീക്ഷിച്ചതു പോലെ സംഭവിച്ചു. ആണും പെണ്ണും പരസ്യമായി ചുംബിച്ചും കെട്ടിപ്പിടിച്ചും പ്രതിഷേധം ആഘോഷിച്ചു. ചില പ്രതിഷേധ വീരന്മാർ കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു. മെട്രോവാർത്ത ദിനപ്പത്രം പ്രസിദ്ധീകരിച്ച ചുംബന ചിത്രം അതു വ്യക്തമാക്കുന്നു. ഇത്തരത്തിൽ അവസരം കിട്ടുമ്പോൾ കാടത്തം കാണിക്കുന്നവരെ ഇവ്വിധമുള്ള പ്രതിഷേധ സംസ്കാരം വിഹരിക്കാൻ വിടുന്നു. അത് എന്തിന്റെ പേരിലായാലും ഗുണ്ടായിസം കാട്ടുന്ന കുറ്റവാളികളുടെ സാന്നിദ്ധ്യത്തേക്കാൾ അപകടകരമാണ്. ആ സംസ്കാരം വ്യാപകമാകുന്നതിനനുസരിച്ച് അതിനെതിരെ നിലകൊള്ളുന്നവരും ശക്തമാകും. മറൈൻ ഡ്രൈവ് സംഭവത്തിൽ ശിവസേനയ്ക്കു കിട്ടിയ ആനുകൂല്യം പോലെ. ആ കേസ്സിൽ റിമാൻഡ് കഴിഞ്ഞ് ഇറങ്ങുന്ന ശിവസേനക്കാർക്ക് വമ്പൻ സ്വീകരണം ഒരുക്കുന്നതിന് ഇപ്പോൾ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങിയെന്നാണറിയുന്നത്. എന്നാൽ ഇതിന്റെയൊക്കെ പിന്നിൽ വലിയ ബുദ്ധിജീവികൾ എന്ന് സ്വയം അവകാശപ്പെടുന്നവരാണ് ആസൂത്രണവും നടത്തിപ്പുമൊക്കെ നടത്തുന്നത്. അക്കാരണത്താൽ ഏതാണ്ട് അതേ കാഴ്ചപ്പാട് പുലർത്തുന്ന മാദ്ധ്യമങ്ങളിൽ നിന്ന് ഇത്തരക്കാർക്ക് വൻ പിന്തുണയും ലഭിക്കുന്നു.
ബുദ്ധിജീവികൾ ബുദ്ധിയെ ആശ്രയിക്കുന്നു. ബുദ്ധി എല്ലാത്തിനെയും അറുത്തുമുറിച്ച് വിശകലനം ചെയ്യാൻ സഹായിക്കും. അതിനാൽ വാടാ എന്നു വിളിച്ചാൽ പോടാ എന്നാണ് വിളിക്കേണ്ടതെന്ന് ബുദ്ധി ഉപദേശിക്കും. അതു യുക്തിയാണെന്ന് പ്രത്യക്ഷത്തിൽ തോന്നുകയും ചെയ്യും. ചാനൽ ചർച്ചകളും നമ്മുടെ നിയമസഭയുമൊക്കെ വർത്തമാനകാല ഉദാഹരണങ്ങൾ. എന്നാൽ ബുദ്ധിയെ ഉപയോഗിക്കാനുള്ളതാണെന്ന് ബുദ്ധിജീവികൾക്കറിയില്ല. അതുകൊണ്ടാണ് ബുദ്ധിയാൽ ഉപയോഗിക്കപ്പെടുന്നത്. 2002 ഗുജറാത്ത് കലാപം നടന്ന നാൾ മുതൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുകയും എതിർക്കപ്പെടുകയും ചെയ്യുന്ന വ്യക്തി നരേന്ദ്ര മോദിയാണ്. അദ്ദേഹത്തിന്റെ പാർട്ടിക്കുള്ളിൽ നിന്നു പോലും. ആ എതിർപ്പാണ് തന്റെ കുതിപ്പിന്റെ ഊർജ്ജം എന്നുള്ളത് മോദി ഗുജറാത്തിൽ നിന്നു തന്നെ മനസ്സിലാക്കി. ആ ഊർജ്ജത്തിൽ നിന്നാണ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ വീഴാതെ ഇന്ദ്രപ്രസ്ഥം സ്വപ്നം കാണാൻ അദ്ദേഹത്തിന് ആത്മവിശ്വാസം നൽകിയതും അവിടെയെത്തിച്ചതും.
ഇന്നിപ്പോൾ രണ്ടു വഴിയിലൂടെയാണ് മുഖ്യധാരാ ഇന്ത്യൻ രാഷ്ട്രീയം നീങ്ങുന്നത്. കേന്ദ്രബിന്ദു മോദി. പ്രതിപക്ഷം മോദിയെ എതിർക്കുന്നു. മോദിയിലൂടെ രാജ്യത്തിന് ഗുണകരമാകുന്ന ഒരു പദ്ധതിയും ഉണ്ടാകണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല. മറിച്ച് മോദിയെ ഒരു സ്വേച്ഛാധിപതിയായി കാണാനാണ് പ്രതിപക്ഷത്തിന് ആഗ്രഹം. അപ്പോൾ മാത്രമേ തങ്ങളുടെ നിലപാട് ശരിയാവുകയുള്ളു. മോദി സ്വേച്ഛാധിപതിയാണ് എന്ന് സ്ഥാപിക്കുന്നതിലൂടെ ഇന്ത്യൻ ജനായത്ത സംവിധാനത്തിന്റെ പരാജയം തന്നെയാണ് ഉദ്ഘോഷിക്കുന്നതെന്നു പോലും അറിയാനുള്ള സാമാന്യബുദ്ധി ബുദ്ധിജീവികൾക്കുണ്ടാകുന്നില്ല. ഇത് പേടിയിൽ നിന്നുമുണ്ടാകുന്ന ഒരുതരം ജൽപ്പനമാണ്. സ്വയം ദൗർബല്യം അനുഭവിക്കുമ്പോഴാണ് പേടിയുണ്ടാവുക. ആ പേടി മറ്റുള്ളവരിലേക്ക് വിന്യസിപ്പിച്ച് കാര്യം സാധിക്കാമെന്ന കണക്കുകൂട്ടലാണിത്.
മോദിവെറുപ്പ് കൂടുന്നതിനനുസരിച്ച് തന്റെയും പാർട്ടിയുടെയും സാധ്യത കൂടുന്നുവെന്ന് അറിയാവുന്ന മോദി അത് ഗംഭീരമായി പ്രയോഗിക്കുകയും ചെയ്യുന്നു. മോദി ശരീരഭാഷയിലും സംവേദനത്തിലും പ്രയോഗിക്കുന്നതാകട്ടെ ഭീരുത്വം തെല്ലുമില്ലാത്ത ധൈര്യത്തിന്റെ ഭാവവും. ഉദാഹരണത്തിന് നോട്ടുനിരോധനം. അസാമാന്യ ധൈര്യത്തോടെ അതു നടപ്പിലാക്കാൻ മോദിക്കു പ്രേരണ നൽകിയതും ഈ ഘടകം തന്നെ. അതോടൊപ്പം മോദി സർക്കാർ പ്രയോഗത്തിലും പദ്ധതികൾ നടപ്പിൽ വരുത്തുന്നുണ്ട്. അതെല്ലാമാകട്ടെ ദരിദ്രവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതും. ഇടത്തരക്കാരെ കൂടുതൽ കേന്ദ്രീകരിച്ചാണ് 2014ൽ സ്വപ്നങ്ങൾ വാഗ്ദാനം ചെയ്ത് മോദി അധികാരത്തിലേറിയത്. എന്നാൽ ഈ സർക്കാർ അധികാരത്തിലേറിയപ്പോൾ തന്നെ 2019ലെ പൊതു തെരഞ്ഞെടുപ്പ് ആരെ അഭിസംബോധന ചെയ്യണമെന്ന് തീരുമാനിക്കപ്പെട്ടു. അതു ഗ്രാമീണരെയും ദരിദ്രരെയുമാണ്. ആ ലക്ഷ്യത്തെ മുൻനിർത്തിത്തന്നെയാണ് മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ. നോട്ടു നിരോധനത്തിനു ശേഷം 2017ൽ അവതരിപ്പിക്കപ്പെട്ട ബജറ്റ് തന്നെ നോക്കിയാൽ അത് ആ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്നു കാണാൻ കഴിയും.
വർഗ്ഗീയതയുടെ പേരിൽ മോദിയെ ആക്രമിക്കുമ്പോഴും വർഗ്ഗീയമായ ആനുകൂല്യങ്ങൾ വലിയ അദ്ധ്വാനം ചെയ്യാതെ ബി.ജെ.പിക്ക് നേടാനും കഴിയുന്നു. മോദിയുടെ വിജയത്തിന് അനുകൂലമായ ഘടകങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രതിപക്ഷം പ്രവർത്തിക്കുമ്പോൾ ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പു ഫലം പോലെ ഫലം ഉണ്ടാകുന്നതിൽ തെല്ലും അതിശയമില്ല. എന്താണ് പ്രതിപക്ഷത്തിന് രാജ്യത്തിനു മുൻപിൽ വയ്ക്കാനുള്ള സ്വപ്നമെന്ന് ചോദിച്ചാൽ അത് ഗവേഷണം ചെയ്ത് അങ്ങനെയൊന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു ഇരുചക്രവാഹനമോടിക്കുമ്പോൾ പോലും മറ്റൊരു വാഹനക്കാരനോട് അൽപ്പം ദേഷ്യമോ വെറുപ്പോ തോന്നിയാൽ അത് വാഹനമോടിപ്പിനെ ബാധിച്ച് വേണമെങ്കിൽ അപകടം സംഭവിച്ച് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയില്ലെന്നുമാത്രമല്ല ചിലപ്പോൾ എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലെത്തുമെന്നുമിരിക്കും. അതാണ് ഇപ്പോൾ ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെയും ചാനലിലൂടെ അവതരിക്കുന്ന ബുദ്ധിജീവികളുടെയും അവസ്ഥ.
പ്രതിപക്ഷവും ബുദ്ധിജീവികളും ചാനലുകളിലൂടെ പ്രസരിപ്പിക്കുന്ന മോദിവിരോധം അവർ മോദിയുടെ മേൽ ആരോപിക്കുന്ന കാരണങ്ങളേക്കാൾ ജനായത്ത സംവിധാനത്തിന് അപകടകരമാണ്. ആ സൂചനയാണ് പ്രസിദ്ധ ചരിത്രകാരനായ രാമചന്ദ്ര ഗുഹ വളരെ വ്യക്തമായി പറഞ്ഞത്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന്. ജനായത്തം ജനങ്ങളിലൂടെയാണ് നിലനിൽക്കുന്നത്. ജനങ്ങളുടെ ശക്തിയിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോൾ മാത്രമേ ജനായത്തം പരാജയപ്പെടുമെന്ന് പറയാൻ കഴിയുകയുള്ളു. അങ്ങനെ സംഭവിക്കുമ്പോൾ മാത്രമേ സ്വേച്ഛാധിപത്യ പ്രവണതകൾ കടന്നുവരികയുള്ളു. മതേതരത്വം നിലനിർത്താൻ വേണ്ടി ചെറുത്തുനിൽപ്പാണ് മാർഗ്ഗമായി കാണുന്നതെങ്കിൽ രാജ്യത്ത് മതേതരത്വം പരാജയപ്പെടുകയേ ഉള്ളുവെന്ന് ഉറക്കെ പ്രഖ്യാപിക്കലാണ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ആവർത്തിച്ച് വ്യക്തമാക്കിത്തരുന്നത്.
രോഗം മൂർച്ഛിക്കുമ്പോൾ ആശ്രയിക്കാവുന്ന ചികിത്സ അലോപ്പതി സമ്പ്രദായമാണ്. എന്നാൽ ആ ചികിത്സാപദ്ധതിയിലൂടെ ആരോഗ്യം വർധിപ്പിക്കാമെന്നു കരുതി ചികിത്സ വർധിപ്പിച്ചാൽ രോഗി മറ്റ് രോഗങ്ങൾ പിടിപെട്ട് പ്രതിരോധശേഷി നശിച്ച് മരണമടയുന്നതുപോലെ ജനായത്തത്തിലും സംഭവിക്കും. സദാചാരഗുണ്ടകളെ നേരിടുന്നതിന്റെ ഭാഗമായി ആഭാസപ്രതിഷേധം നടത്തുമ്പോൾ ശക്തിയും ജനപിന്തുണയും വർധിക്കുന്നത് സദാചാരഗുണ്ടകൾക്കായിരിക്കുമെന്നതിൽ സംശയമില്ല. ആ പരിമിത ബുദ്ധിയിലൂടെ മനുഷ്യന്റെ സംസ്കാരവും ചരിത്രവും ജനിതകസ്മൃതികളും ദൈനംദിന ജീവിതവും സാമ്പത്തിക ഘടകങ്ങളും സ്വപ്നങ്ങളും മാനുഷിക ഭാവങ്ങളും വൈകാരികതകളും വ്യതിരിക്തമായ കഴിവുകളും കഴിവുകേടുകളും ഇതിലെല്ലാം നിർണ്ണായക നിയന്ത്രണമുള്ള ജാതിയും മതവുമെല്ലാമായി കൂടിക്കുഴഞ്ഞുകിടക്കുന്ന മനുഷ്യന്റെ ജീവിതത്തിന്റെ ഗതിവിഗതികളെ നയിക്കാൻ ചുംബനസമരപ്രതിഷേധ സമവാക്യം പോരാതെ വരും. ആരോഗ്യകരമായ ജീവിതമേ രോഗത്തെ അകറ്റി നിർത്തൂ എന്നുള്ള കാതലായ അറിവു പോലെ ജനായത്തത്തിന്റെ രസതന്ത്രഘടകങ്ങളെ ജൈവമായി പരിപോഷിപ്പിക്കുന്ന പ്രവർത്തനത്തിലും അതിലേക്ക് ജനതയുടെ ചിന്തയെ നയിക്കുകയും ചെയ്യുമ്പോൾ മാത്രമേ സമൂഹത്തെ പിന്നോട്ടടിക്കുന്ന മതസ്പർധ ഉൾപ്പടെയുള്ള ഘടകങ്ങൾ ആരോഗ്യമുള്ള ശരീരത്തിൽ നിന്ന് രോഗം മാറിനിൽക്കുന്നതുപോലെ മാറിനിൽക്കുകയുള്ളു. അല്ലാതെ ഏതെങ്കിലും ഒരു രോഗത്തെ മാത്രം നോക്കി ആ രോഗത്തിനുള്ള ഉടൻ പ്രതിവിധികളുമായി ചികിത്സ നടത്താൻ ശ്രമിച്ചാൽ ഉണ്ടാകുന്ന കാര്യം ഏതൊരു ബുദ്ധിയില്ലാത്ത വ്യക്തിക്കും ബോധ്യമാകുന്നതാണ്.