കേരളം ഇപ്പോള്‍ നേരിടുന്ന വ്യാധികളിലൊന്ന് പനിയാണ്. അത് പല പേരുകളില്‍ പല രൂപത്തില്‍ വരുന്നുണ്ട്. ചില പ്രദേശങ്ങള്‍ തന്നെ പനിപ്രദേശങ്ങളായി മാറുന്നു. എന്നിരുന്നാലും സാധാരണ പനിയാണെങ്കില്‍ ഒരുവിധം ലക്ഷണങ്ങള്‍ ഒരിക്കല്‍ പനി വന്നവര്‍ക്കൊക്കെ അറിയാന്‍ കഴിയും. ചൂട്, ശരീരം വേദന, നെഞ്ചത്ത് കുറുങ്ങല്‍ എന്നിവയൊക്കെയാണ് പനി കടുത്ത രീതിയിലാണെങ്കില്‍ അനുഭവപ്പെടുക. ഇപ്പോള്‍ പനി വലിയ പേടിയായിരിക്കുന്ന നിലയ്ക്ക് ആളുകള്‍ക്ക് ഡോക്ടറെ കണ്ട് വിശദമായ പരിശോധന നടത്തിയില്ലെങ്കില്‍ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്. അങ്ങിനെ ചെയ്യുന്നത് വര്‍ത്തമാനകാലത്തില്‍ അധികപ്പറ്റാണെന്നും പറയുക നിവൃത്തിയില്ല. വിശേഷിച്ചും ഡങ്കിയും മറ്റുമൊക്കെ വ്യാപകമായ സാഹചര്യത്തില്‍.
എണ്പതു ശതമാനത്തില്‍ മേല്‍ പനിയും സാധാരണ പനി തന്നെ. അതിനു ആധുനിക ഡോക്ടര്‍മാരെ കണ്ടാല്‍ ഇപ്പോള്‍ ഡോളോയോ അതുപോലുളള ഗുളികകളും അല്‍പ്പം കുറുകലുണ്ടെങ്കില് ആന്റിബയോട്ടിക്സും ഉറപ്പാണ്. ഇവയൊക്കെ ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങള്‍ ഇപ്പോള്‍ ആധുനിക വൈദ്യശാസ്ത്രം തന്നെ ബോധ്യപ്പെടുത്തുന്നുണ്ട്. വിശേഷിച്ചും കരളിന്റെ പ്രവര്‍ത്തനത്തെ ഇത്തരത്തിലുള്ള മരുന്നുപയോഗം ദോഷമായി ബാധിക്കുന്നതിനാല്‍. സാധാരണ പനിയാണെന്നു അനുഭവത്തിലൂടെയോ അല്ലെങ്കില്‍ പരിശോധനയിലൂടെയോ ഉറപ്പായാല്‍ അതില്‍ നിന്ന് ഡോളോയും ആന്റിബയോട്ടിക്സും കഴിക്കുന്നതിനേക്കാള്‍ പെട്ടെന്ന് പുറത്തു കടക്കുന്നതിന് സഹായിക്കുന്നതാണ് കിരിയാത്തു കഷായം.
ഗുളികകളും ആന്റീബയോട്ടിക്സും ഉപയോഗിക്കുമ്പോള്‍ നാലഞ്ചു ദിവസം വേണം പനിയൊന്നു മാറിക്കിട്ടാന്‍. അതു കഴിഞ്ഞാലും പനി വന്നതിന്റെയും മരുന്നുപയോഗത്തിന്റെയും ക്ഷീണം കുറച്ചു നാള് കൂടി നിലനില്ക്കുകയും ചെയ്യും. എന്നാല്‍ കിരിയാത്തു കഷായം കുടിക്കുകയാണെങ്കില്‍ പാതി പനി ഒരു ദിവസം കൊണ്ടു തന്നെ മാറിക്കിട്ടും. രണ്ടു ദിവസം കൊണ്ട് ഏതാണ്ട് പൂര്‍ണ്ണമായി മാറും. മൂന്നാം ദിവസം ഒന്നു വിശ്രമിക്കുക കൂടി ചെയ്യുകയാണെങ്കില്‍ പനി വന്നത് കൂടുതല്‍ ഉന്മേഷം പകരുന്ന അനുഭവമാകും. പനി വല്ലപ്പോഴും വരുന്നത് നല്ലതാണെന്നുളളതും ഓര്‍ക്കാം.
കിരിയാത്തു കഷായം വളരെ എളുപ്പം വീടുകളില്‍ ഉണ്ടാക്കാന്‍ കഴിയുന്നതാണ്. അങ്ങാടിക്കടയില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്നതാണ് കിരിയാത്ത്. അതല്ല പരിസരത്തുണ്ടെങ്കില് അതു പറിച്ചെടുത്താല്‍ ഉത്തമം. കഷായത്തിനു വേണ്ട കൂട്ടുകള്‍ ഇവയാണ്: കിരിയാത്ത് ഉണങ്ങിയത് 15 ഗ്രാം, ചുക്ക് 15 ഗ്രാം, ദേവതാരം 15 ഗ്രാം, മല്ലി 15 ഗ്രാം. ഇവ നല്ലതുപോലെ കഴുകി ചതച്ച് പന്ത്രണ്ടു ഗ്ലാസ്സ് വെളളത്തില്‍ വറ്റിച്ച് ഒന്നര ഗ്ലാസ്സാക്കി എടുക്കുക. ഊറ്റിയെടുത്ത് ഈ കഷായം അര ഗ്ലാസ്സെടുത്ത് അതില്‍ ഒരു വെട്ടുമാറം ഗുളിക (പനി കൂടുതലാണെങ്കില്‍ രണ്ടു ഗുളികയാകാം) അരച്ച് ചേര്‍ത്ത് കുടിക്കുക. ഭക്ഷണം കഞ്ഞിയോ അല്ലെങ്കില്‍ വളരെ ലഘുവായതോ ആയിരിക്കണം.
കഷായത്തിന്റെ ഗുണത്താല്‍ പനി കഴിഞ്ഞ് വരുമ്പോള്‍ നല്ല ഉന്മേഷമുണ്ടാകുമെന്നു മാത്രമല്ല കൂടുതല്‍ പ്രതിരോധ ശേഷി ഉണ്ടാകുന്നതിനും കിരിയാത്തു കഷായം സഹായിക്കും.