മഹാരാഷ്ട്രയില്‍ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വന്‍ നേട്ടം. തെരഞ്ഞെടുപ്പ് നടന്ന പത്തില്‍ എട്ടു കോര്‍പ്പറേഷനിലും ബി.ജെ.പി തൂത്തുവാരി. ശിവസേനയുടെ തട്ടകമായ മുംബൈ കോര്‍പ്പറേഷനില്‍ ഒപ്പത്തിനൊപ്പം എത്താനും ബി.ജെ.പിയ്ക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പ് നടന്ന 25 ജില്ലാ പരിഷദുകളിലും 283 പഞ്ചായത്ത് സമിതികളിലും ബി.ജെ.പി നേട്ടമുണ്ടാക്കി.
രാജ്യത്തെ ഏറ്റവും സമ്പന്ന കോര്‍പ്പറേഷനായ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 227 വാര്‍ഡുകളില്‍ ശിവസേനയ്ക്ക് 84 സീറ്റുകളും ബി.ജെ.പിയ്ക്ക് 82 സീറ്റുകളും ലഭിച്ചു. കോണ്‍ഗ്രസിന് 31 സീറ്റുകള്‍ ലഭിച്ചപ്പോള്‍ എന്‍.സി.പി.യ്ക്ക് ഒന്‍പതും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് ഏഴും സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
മുംബൈയില്‍ 25 കൊല്ലത്തിനിടയില്‍ ആദ്യമായാണ് രണ്ട് കക്ഷികളും സഖ്യത്തില്‍ അല്ലാതെ മത്സരിച്ചത്. രണ്ട് പതിറ്റാണ്ടായി ശിവസേന-ബി.ജെ.പി സഖ്യമാണ് കോര്പ്പറേഷന് ഭരിച്ചിരുന്നത്. മുന്നണി ബന്ധം ഉലഞ്ഞെങ്കിലും ശിവസേന ഇപ്പോഴും സംസ്ഥാനത്തും കേന്ദ്രത്തിലും ബി.ജെ.പിയുമായുള്ള സഖ്യം ഔദ്യോഗികമായി വിട്ടിട്ടില്ല.
തെരഞ്ഞെടുപ്പ് നടന്ന പത്ത് കോര്‍പ്പറേഷനുകളില്‍ താനെയിലും ശിവസേനയാണ് മുന്നില്‍. മറ്റെല്ലാ കോര്‍പ്പറേഷനിലും ബി.ജെ.പിയാണ് മുന്നില്‍. കോണ്‍ഗ്രസും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും വന്‍ പരാജയമാണ് നേരിടുന്നത്.