'സ്ത്രീകളെ അവഹേളിച്ച് പ്രസംഗിച്ച ഡോ.രജിത് കുമാർ ഋഷിതുല്യനാണെന്ന് റിപ്പോർട്ട്', 'വിവാദപ്രസംഗം ഡോ.രജിത്കുമാർ ഋഷിതുല്യനെന്ന് റിപ്പോർട്ട്'. ഒരു സംഭവത്തെക്കുറിച്ചുള്ള രണ്ട് വാര്‍ത്തകള്‍ തുടങ്ങുന്നതിങ്ങനെ. ആദ്യത്തേത് ഒരു ചാനലില്‍ വന്നത്. രണ്ടാമത്തേത് ഒരു പത്രത്തില്‍ വന്നത്. 'മൂല്യബോധന യാത്ര'യുടെ സമാപനം കുറിച്ചുകൊണ്ട് തിരുവനന്തപുരം ഗവ: വിമൻസ് കോളേജില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. സ്ത്രീകളെ അവഹേളിക്കുന്നതാണെന്ന് കണ്ട് ആര്യ എന്ന വിദ്യാർഥിനി കൂവിക്കൊണ്ട് പ്രസംഗം ബഹിഷ്കരിച്ചു. ചാനലുകൾ ആര്യയുടെ ഭാഗം ചേർന്നുകൊണ്ട് ചൂടുള്ള ചർച്ചകൾ നടത്തി. തുടർന്നാണ് വിവാദവും, രജിത്കുമാറിനെ സർക്കാർ കരിമ്പട്ടികയില്‍ പെടുത്തുന്നതും പിന്നീട് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിടുന്നതും. ശോഭനാജോർജിന്റെ പരാതിയെത്തുടർന്നാണ് കമ്മീഷൻ കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ വി.കെ. ഗിരിജാദേവിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.
ഋഷിതുല്യനായ വ്യക്തിയാണ് രജിത്കുമാറെന്നും പക്വതയെത്താത്ത പെണ്‍കുട്ടിയുടെ പെരുമാറ്റമായേ ആര്യയുടെ കൂവലിനേയും പ്രതികരണത്തേയും കാണേണ്ടതുള്ളുവെന്നും പറഞ്ഞുകൊണ്ടാണ് ഗിരിജാദേവി റിപ്പോർട്ട് അവസാനിപ്പിച്ചിരിക്കുന്നത്. വിവാദ പ്രസംഗം അവിടെ നില്ക്കട്ടെ. അതിനേക്കാൾ കാതലായ ഒരു വിഷയമാണ് ഈ റിപ്പോർട്ടില്‍ അടങ്ങിയിരിക്കുന്നത്. ചാനലുകളാണ് ഈ വിഷയം വിവാദമാക്കിയതും പെരുപ്പിച്ചതും പിന്നീട് ആര്യയെ താരമാക്കിയതും. പക്വതയില്ലാത്ത പെണ്‍കുട്ടിയുടെ നിലവാരത്തിലാണ് സമൂഹത്തില്‍ അങ്ങേയറ്റം സ്വാധീനശേഷി പ്രകടിപ്പിച്ചുകൊണ്ട് നില്ക്കുന്ന ചാനലുകൾ എന്ന് പരോക്ഷമായി ഗിരിജാദേവി പറഞ്ഞിരിക്കുന്നു. ചാനലുകൾ റിപ്പോർട്ടുചെയ്യുന്ന രീതി അതിനെ ശരിവയ്ക്കുന്നെയുള്ളൂ. പെണ്‍കുട്ടിയുടെ അഭിപ്രായത്തെ അല്ലെങ്കില്‍ നിലപാടിനെ അതേപടി വാർത്തയായി സ്വീകരിച്ചിരിക്കുന്നു.
പക്വതയില്ലാത്ത നടപടികളാണ് അക്ഷമയും അക്രമവുമായി വ്യക്തിയുടെ കാര്യത്തിലായാലും സമൂഹത്തിലായാലും സംഭവിക്കുന്നത്. ജൂണ്‍ ആദ്യം ആലുവാ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറായ സദാനന്ദൻ രണ്ടു യുവാക്കളുടെ തല്ലേറ്റു മരിച്ചു. തങ്ങളുടെ ബൈക്കില്‍ സദാനന്ദൻ ഓടിച്ചിരുന്ന ബസ്സ് തട്ടിയതിന്റെ പേരില്‍ ആ ബസ്സ് പിന്തുടർന്ന് വന്ന് യുവാക്കൾ അദ്ദേഹത്തെ തല്ലുകയായിരുന്നു. ഇതും പക്വതയില്ലാത്ത നടപടിയുടെ ഭാഗം. ആ യുവാക്കളും സദാനന്ദനെ കൊല്ലണം എന്ന് ഉദ്ദേശിച്ചിട്ടുണ്ടാവില്ല. പക്ഷേ തങ്ങൾക്കുണ്ടായ രോഷം അവർക്ക് അടക്കാനായില്ല. അവർ കായികമായി പ്രതികരിച്ചു. വിമൻസ് കോളേജില്‍ ആര്യ കൂവിക്കൊണ്ടു പ്രതികരിച്ചു. ഒന്ന് കായികവും മറ്റൊന്ന് വാക്കുകൊണ്ടും. രണ്ടും അക്ഷമയുടെ പ്രകടനങ്ങൾ. അല്ലാതെ പ്രതികരണമല്ല. പ്രതികരണം ക്രിയാത്മകമാണ്. എന്നാല്‍ മാധ്യമങ്ങൾ വിശേഷിച്ചും ചാനലുകൾ അക്ഷമയുടെ പ്രകടനത്തെ പ്രതികരണമായി കാണുന്നു.
ഈ അക്ഷമ മതസംഘടനകൾ കാണിക്കുന്നതാണ് മതമൗലികവാദം. തങ്ങളുടെ നിലപാട് മാത്രമാണ് ശരിയെന്നും മറ്റുള്ളവരുടേത് ശരിയല്ലെന്നുള്ളതുമാണ് മൗലികവാദം സൃഷ്ടിക്കുന്ന അക്ഷമ. രജിത്കുമാർ എന്നു മാത്രമല്ല ആര് തന്നെയായാലും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശവും അതു കേൾക്കാനും ചർച്ച ചെയ്യാനുമുള്ള അവകാശവും ജനാധിപത്യസമൂഹത്തിന്റെ പ്രാഥമികസ്വഭാവമാണ്. മൗലികവാദം എന്തിന്റെ പേരിലായാലും ഫലം ഒന്നുതന്നെയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാവല്‍ ഭടന്മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങൾ തങ്ങൾ ഇഷ്ടപ്പെടാത്ത അഭിപ്രായത്തോട് അസഹിഷ്ണുത പുലർത്തുന്നത് അങ്ങേയറ്റം ആപത്ക്കരമാണ്. കാരണം മതമൗലികവാദത്തെ സമൂഹം അകറ്റുമ്പോൾ മാധ്യമങ്ങൾ മുന്നോട്ടുവയ്ക്കുന്ന സ്വഭാവം പുരോഗമനപരമാണെന്ന് സമൂഹം ധരിക്കാനിടയുണ്ടാകും. അത്തരത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യാന്തരീക്ഷത്തിന്റെ പ്രതിഫലനമായിപ്പോലും ആര്യയുടെ കൂവലിനെ കാണാവുന്നതാണ്. ഇത് സാമൂഹികക്ഷമ നശിച്ച് അക്രമസ്വഭാവം വ്യക്തികളില്‍ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുവെന്നുള്ളതാണ് സമീപകാല സംഭവങ്ങളില്‍ പലതും വ്യക്തമാക്കുന്നത്. ഒരു ബസ്സപകടം ഉണ്ടായാല്‍ ജനം ബസ്സ് കത്തിച്ചു എന്നത് കേമത്തം പോലെ അവതരിപ്പിക്കപ്പെടുന്നത് അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതിനേക്കാൾ മുൻതൂക്കം ബസ്സ് കത്തിക്കുന്നതിന് കൊടുക്കുന്ന അവസ്ഥയിലായിട്ടുണ്ട് കേരളത്തിലെ സ്ഥിതിഗതി.
രജിത്കുമാർ പ്രസംഗിച്ച രീതി, വിഷയം എല്ലാം പക്വമായ ഒരു സമൂഹം ചർച്ചചെയ്യുന്നത് ആരോഗ്യകരം തന്നെ. അവിടെ ശ്രദ്ധയും ഊന്നലും വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുന്നതിനും ആ വ്യക്തത കേൾവിക്കാർക്ക് ഗുണകരമാകുന്നതിനുമായിരിക്കണം. മറിച്ച് ആ പ്രസംഗം നടത്തിയ വ്യക്തിയെ ഇല്ലായ്മചെയ്യുക, അല്ലെങ്കില്‍ അയാൾക്കെതിരെ പ്രവർത്തിക്കുക എന്ന ചുരുങ്ങിയ നിലയിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ അത് പ്രാകൃതസമൂഹത്തിന്റെ ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്. പ്രാകൃതസമൂഹമാണ് അബദ്ധധാരണകളിലകപ്പെടുന്നതും അതനുസരിച്ച് വികാരത്തോടെ പ്രവർത്തിക്കുന്നതും. മൗലികവാദവും തല്ലിക്കൊല്ലലും കൂവലുമൊക്കെ പ്രാകൃതമാകുന്നത് അതുകൊണ്ടാണ്.