Skip to main content

source

 

മലയാള സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു നടി. നല്ല സിനിമാസ്വാദകയായ ഒരു പ്രേക്ഷകയ്ക്ക് പക്ഷെ, ഈ നടിയെ അത്ര പിടിത്തമല്ല. അവരഭിനയിക്കുന്ന സിനിമകൾ മികച്ചതാണെങ്കിലും ആ നടിയുടെ സാന്നിദ്ധ്യം അവരുടെ ആസ്വാദനത്തെ ഇല്ലാതാക്കുന്നു. ആ നടിയുള്ള സിനിമയ്ക്ക് തിയറ്ററിൽ പോകുന്നതു പോലും അവർ ഒഴിവാക്കാറുണ്ട്. ചാനലുകളിൽ അവരഭിനയിച്ച സിനിമ വരുമ്പോൾ മറ്റാരെങ്കിലും ആ സിനിമ വയ്ക്കുകയാണെങ്കിൽ ഈ പ്രേക്ഷക അസ്വസ്ഥയാകും. അവർ ആ സിനിമ കാണാൻ കൂട്ടാക്കുകയുമില്ല. നിരത്തോരങ്ങളിൽ ഇവരുടെ മുഖമുള്ള പോസ്റ്ററുകൾ കണ്ടാൽ ഈ പ്രേക്ഷകയ്ക്ക് എന്തെങ്കിലുമൊരു കമന്റ് പറഞ്ഞില്ലെങ്കിൽ മനസ്സിന് തൃപ്തി വരാറില്ല. ഏത് കഥാപാത്രത്തെ അവതരിപ്പിച്ചാലും ആ നടിയുടെ ധാർഷ്ട്യഭാവം കഥാപാത്രത്തെ അതിക്രമിച്ചു നിൽക്കുമെന്നുള്ളതാണ് ഈ പ്രേക്ഷകയുടെ വിലയിരുത്തൽ. ഒരിക്കൽ നഗരത്തിലെ ട്രാഫിക് ജംഗ്ഷനിൽ ഒരു കൂറ്റൻ പോസ്റ്ററിൽ ഈ നടിയുടെ മുഖം. 'അതിനെ കാണുമ്പോൾ തെക്കന്റഴികത്തെ സജനിയെ ഓർമ്മ വരുന്നു'വെന്നായിരുന്നു ഈ പ്രേക്ഷകയുടെ കമന്റ്.

 

തെക്കന്റഴികത്ത് സജനിയെ ഈ പ്രേക്ഷക കണ്ടിട്ട് പതിറ്റാണ്ടുകളായി. അവർ എവിടെയാണെന്നു പോലുമറിയില്ല. ഈ പ്രേക്ഷകയുടെ വീടിനടുത്തായിരുന്നു അവരുടെയും വീട്. ചുരുങ്ങിയത് ആറേഴ് വയസ്സിന് മൂപ്പുണ്ട്. ചെറുപ്പത്തിലേ അത്യാവശ്യം തന്റേടിയായ യുവതിയായിരുന്നു സജനി. വീട്ടിലുള്ളവർ പറയുന്നതൊന്നും അനുസരിക്കുന്ന സ്വഭാവക്കാരിയല്ലെന്ന മറ്റ് അയൽപക്കക്കാരുടെ അഭിപ്രായങ്ങളൊക്കെ കേട്ടാണ് ഈ പ്രേക്ഷക വളർന്നത്. സജനിയുമായി പരിചയമുണ്ടെന്നല്ലാതെ വലിയ അടുപ്പവുമില്ല. മറ്റുള്ളവരിൽ നിന്ന് കുഞ്ഞുമനസ്സിൽ കയറിക്കൂടിയ ധാരണയായിരിക്കാം ഒരുപക്ഷേ അയൽപക്കമായിട്ടും ഈ പ്രേക്ഷകയുടെ ബാല്യകാലത്ത് സജനിയുമായി വലിയ അടുപ്പമില്ലാതാകാൻ കാരണമായതും. ഏതാണ്ട് ഇരുപതു വയസ്സായപ്പോഴേക്കും സജനിയുടെ കല്യാണവും കഴിഞ്ഞു. നാട്ടിലെ ആൺകേസരികൾക്കും സുന്ദരിയായ സജനിയെ ഇമ്മിണി പേടിയായിരുന്നു.

 

സജനിയെക്കുറിച്ച് ചുറ്റുപാടുമുണ്ടായിരുന്ന ധാരണ ധാർഷ്ട്യക്കാരിയുടേതായിരുന്നു. ആ ധാർഷ്ട്യമാണ് സജനിയെ ഓർക്കുമ്പോൾ ഈ പ്രേക്ഷകയുടെ മനസ്സിന്റെ അടിത്തട്ടിൽ നിന്നു പൊന്തി മുകളിലേക്കു വരിക. ധാർഷ്ട്യം എന്നത് ഒരു നിലപാടാണ്. അത് ചില വ്യക്തികളിൽ പ്രകടമാകുന്നു. അത് കണ്ട് മറ്റ് വ്യക്തികൾക്ക് ഒന്നും തോന്നേണ്ടതില്ല. എന്നാൽ സമൂഹത്തിൽ ചില ധാരണകൾ നിലനിൽപ്പുണ്ട്. ചിരിയില്ലായ്മ, കടുപ്പിച്ചുള്ള നോട്ടം, ധാർഷ്ട്യം, മുക്കൽ, മുരളൽ  എന്നിവയൊക്കെ തീരെ മയമില്ലാത്ത വ്യക്തിത്വങ്ങളുടെ ലക്ഷണമാണെന്ന്. അങ്ങനെയുള്ളവരെ മറ്റുള്ളവർക്ക് പേടിയും. ആരെങ്കിലും തങ്ങളെ പേടിക്കുന്നുവെന്നറിഞ്ഞാൽ പിന്നെ അവരത് ചിലപ്പോൾ തങ്ങളുടെ മുഖംമൂടിയുമാക്കും. മറ്റുള്ളവർ തങ്ങളെ പേടിക്കുന്നുവെന്നറിയുമ്പോൾ ചിലർക്ക് പുളകമാണ്. ചില മുതിർന്ന ഉദ്യോഗസ്ഥരും സ്ഥാനങ്ങൾ അലങ്കരിക്കുന്നവരും ഈ മനോരോഗത്തിന് അടിമകളാണ്. അവർക്ക് മറ്റുള്ളവർ തങ്ങളെ പേടിക്കുന്നതു കാണുമ്പോൾ തങ്ങളുടെ പ്രാധാന്യം ബോധ്യമാവുകയും അതിലൂടെ ഒരുതരം രതിതുല്യമായ അനുഭൂതി അനുഭവിക്കുകയും ചെയ്യും. ഇത്തരം മനോരോഗമുള്ളവർ പുറമേ ഭയങ്കര 'പുലി'കളാണെങ്കിലും ഉഗ്രൻ പേടിച്ചുതൂറികളായിരിക്കും. ഇവ്വിധമുള്ള ധാരണ ചെറുതിലേ തന്നെ സമൂഹത്തിൽ നിന്ന് മിക്കവരുടെയും ഉള്ളിലേക്കു പ്രവേശിക്കുന്നു. അതുകൊണ്ടാണ് അധികാരസ്ഥാനങ്ങളിലെത്തുമ്പോൾ അവർ മറ്റുള്ളവർ തങ്ങളെ പേടിക്കണമെന്ന് ആഗ്രഹിക്കുന്നത്. പേടിക്കാത്തവരെ ഇവർ തങ്ങളുടെ അധികാരമുപയോഗിച്ച് നശിപ്പിക്കാനും ശ്രമിക്കും. കാരണം പേടിയുള്ളവർക്ക് തങ്ങളുടെ നിലനിൽപ്പിന് നേർക്കു വരുന്ന ഭീഷണിയാണ് പേടിയില്ലാത്തവർ. അതുകൊണ്ടാണ് അവരെ തകർക്കാൻ ഇവർ ശ്രമിക്കുന്നത്. അങ്ങനെ തകർക്കുന്നതിനുവേണ്ടി അവർ ആശ്രിതരെ സൃഷ്ടിക്കുകയും ചെയ്യും. ആശ്രിതർ (മണിയടിക്കാർ) ആ അവസരം ഉപയോഗിച്ച് മറ്റുള്ളവരെ ചൂഷണം ചെയ്യുകയും ചെയ്യും. കാരണം പേടിയുളള മറ്റുള്ളവർക്ക് മേധാവിയുടെ ആശ്രിതരെ പേടിയായിരിക്കും.

 

ഈ പ്രേക്ഷകയെ സംബന്ധിച്ചിടത്തോളം താൻ വളർന്ന ചുറ്റുപാടിൽ ചുറ്റുമുള്ള മുതിർന്നവരുടെ അംഗീകാരം ലഭിക്കാതെ വന്ന സജനിയെ ദൂരെ നിന്നു മാത്രമേ കണ്ടിട്ടുള്ളു. അതാകട്ടെ ധാർഷ്ട്യത്തിന്റെ അകമ്പടിയോടെ. 'പെണ്ണുങ്ങൾക്കിത്ര ധാർഷ്ട്യം നല്ലതല്ല' എന്ന ടിപ്പണിയും ഈ പ്രേക്ഷക ചെറിയ നാളിൽ കേട്ടിട്ടുണ്ടാകും. അപ്പോൾ സ്ത്രീക്കുണ്ടായിരിക്കേണ്ട സ്വഭാവമില്ലാത്ത വ്യക്തിത്വമായി  സജനിയെ കാണ്ടിട്ടുണ്ടാകും. ഒരോ തവണ ഈ നടിയെ കാണുമ്പോഴും കഥയേയും കഥാപാത്രത്തേയും പിന്നിലാക്കിക്കൊണ്ട് അവർ ഈ നടിയിൽ സജനിയെ പൊക്കി മുകളിലേക്കു കൊണ്ടു വരുന്നു.

 

ബാല്യത്തിൽ സജനിയെക്കുറിച്ച് തന്റെ കുഞ്ഞു മനസ്സിൽ കയറിക്കൂടിയിട്ടുള്ള ചിന്തകളും ധാരണകളും എന്താണെന്ന് ഈ ‌പ്രേക്ഷക അറിയുന്നുണ്ടാവില്ല. എന്നിരുന്നാലും കുട്ടിക്കാലത്ത് കയറിക്കൂടിയ സംഗതിയാണ് മുതിർന്നിട്ടും ഈ പ്രേക്ഷകയെ അലോസരപ്പെടുത്തുന്നത്. പാവം സജനിയും ഈ നടിയും ഇതൊന്നുമറിയുന്നില്ല. ഈ പ്രേക്ഷകയെ അസ്വസ്ഥമാക്കാനായി ഇവർ രണ്ടുപേരും ഒന്നും ചെയ്തിട്ടില്ല. ഈ സജനി ഇപ്പോൾ എവിടെയാണെന്നന്വേഷിച്ചപ്പോൾ പ്രേക്ഷകയ്ക്ക് ഒരു പിടിയുമില്ല. ഈ സജനി വേറെങ്ങുമല്ല, ഈ പ്രേക്ഷകയുടെ ഉള്ളിൽ തന്നെയാണ്. നാം പുറത്തെന്തു തന്നെ കണ്ടാലും അവയുടെ പ്രതിബിംബം ഉള്ളിൽ ചെന്ന് നാം ഉള്ളിലാണ് കാഴ്ച കാണുന്നത്. അവിടെ കാണുന്നതുകൊണ്ടാണ് പുറത്തുള്ളതിനെ തിരിച്ചറിയുന്നത്. അതുപോലെ ഈ നടിയെ കാണുമ്പോൾ പ്രേക്ഷക കാണുന്നത് സജനിയെയാണ്. അപ്പോൾ അസ്വസ്ഥമാകുന്നു. കഥയ്ക്കനുയോജ്യമല്ലാത്ത, ആസ്വാദനത്തിന്റെ ഭാഗമായുള്ളതല്ലാത്ത അസ്വസ്ഥതയുണ്ടാകുമ്പോൾ ആസ്വാദനം മുറിയും. അതാണ് ഈ പ്രേക്ഷകയക്ക് ഈ നടിയുടെ സിനിമ കാണാൻ കഴിയാതെ വരുന്നത്.

 

തന്റെ അയൽപക്കക്കാരിയായ സജനി എവിടെയെങ്കിലുമുണ്ടാവും. ആ സജനിയെ കാണാൻ ആഗ്രഹമുണ്ടോയെന്നന്വേഷിച്ചപ്പോൾ ഈ പ്രേക്ഷകയ്ക്ക് താൽപ്പര്യം. അതാലോചിച്ചപ്പോൾ തന്നെ അവർക്ക് സുഖം. കാരണം മുതിർന്നപ്പോൾ സജനിയെ ഈ പ്രേക്ഷകയ്ക്ക് പേടി തോന്നുന്നില്ല. അവരുടെ ഭാവം ഇപ്പോൾ എന്താവും എന്നാലോചിച്ചു നോക്കിയപ്പോൾ അവർ,  ആശ്ചര്യത്തോടും വാത്സല്യത്തോടും തന്റെ അയൽപ്പക്കക്കാരിയായ, അനുജത്തിയെപ്പോലുള്ള തന്നെ എതിരേൽക്കുന്ന മുഖവും പ്രേക്ഷകയുടെ മനസ്സിലെത്തി. ഈ പ്രേക്ഷകയ്ക്കിപ്പോൾ സജനിയെക്കുറിച്ചോർക്കുമ്പോൾ ഉളളിൽ കൗതുകവും സ്‌നേഹവും അവരെ താമസിയാതെ കാണണമെന്നുള്ള മോഹവുമാണ്. പണ്ട് അധികം സംസാരിക്കാൻ കഴിയാതെ പോയതിന്റെ കാരണങ്ങൾ പറയണമെന്നില്ലെങ്കിലും അവരുമായി സംസാരിക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും അതിയായ ആഗ്രഹം. അങ്ങനെ താമസിയാതെ ഈ പ്രേക്ഷകയ്ക്ക്  തന്നെ അസ്വസ്ഥമാക്കിയിരുന്ന നടി ഇപ്പോൾ അയൽപ്പക്കക്കാരി പോലെയായി. പോസ്റ്ററുകൾ കാണുമ്പോൾ സജനിയെ ഇതുവരെ കണ്ടില്ലല്ലോ എന്നുള്ള ആലോചനയും. ഈ പ്രേക്ഷകയുടെ മനസ്സിന്റെ അടിത്തട്ടിലുണ്ടായിരുന്ന വിലക്കെന്ന വിപരീതാംശം പടിയിറങ്ങിപ്പോവുകയും ചെയ്തു.