തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുള്ള ബന്ധം ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫുകളിലൊരാള്‍ക്ക് സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്നുള്ള വാര്‍ത്തയാണ് ആരോപണത്തിനടിസ്ഥാനം. ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണം എല്ലാവര്‍ക്കും തൃപ്തികരമായ രീതിയില്‍ തന്നെയായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നടന്ന ഫോണ്‍ വിളികളെക്കുറിച്ചും വ്യക്തമായി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം, മുഖ്യമന്ത്രിക്ക് കേസില്‍ പങ്കുള്ളതുകൊണ്ടാണ് ആരോപണവിധേയനായ വ്യക്തിയെ മാറ്റി നിര്‍ത്താതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോവുന്നതെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.