ഉടുമ്പൻചോല എം.എൽ.എ, എം.എം മണിയെ പിണറായി വിജയൻ മന്തിസഭയിലേക്കെടുക്കാനുളള പ്രഖ്യാപനം വന്നതു കേട്ടപ്പോൾ നല്ലൊരു ശതമാനം ആൾക്കാർ ഞെട്ടി. ആ ഞെട്ടലിന്റെ ചെറിയൊരു വികാരം സാമൂഹ്യ മാധ്യമങ്ങളിലും പടർന്നു. വാർത്തയെ സിനിമാകോമഡി മേമ്പടിയോടെ അവതരിപ്പിക്കുന്ന രാത്തമാശയിലും മണിയാശാൻ എന്നറിയപ്പെടുന്ന മണി കളിയാക്കപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അദ്ദേഹം ജയിലിൽ പോകാനിടയാക്കിയ പ്രസംഗവും അദ്ദേഹം പ്രസംഗിക്കുമ്പോഴുള്ള ശരീരഭാഷയുമൊക്കെ ഉയർത്തിക്കാണിച്ചുകൊണ്ടാണ് ആ പരിപാടി പുരോഗമിച്ചത്.
മണിയാശാന് നൽകിയിരിക്കുന്നത് പ്രധാന വകുപ്പുകളിലൊന്നായ വിദ്യുച്ഛക്തിയും. കാഴ്ചയിലും പ്രസംഗത്തിലും തെല്ലും ഗരിമ പോര. പിന്നെ വെട്ടിത്തുറന്നു പറയുന്നു. മണ്ടത്തരങ്ങൾ മൂടിവയ്ക്കാനറിയില്ല. ഇതൊക്കെയാണ് മണിയാശാന്റെ പോരായ്മയായി മാധ്യമങ്ങളും അദ്ദേഹത്തിന്റെ നിയമനത്തിൽ പുരികമുയർത്തിയവരും കാണുന്നത്. ഇ.പി ജയരാജൻ ഇറങ്ങിയ ഒഴിവിലേക്കാണ് മണിയാശാന്റെ വരവ്. ഇത് ജനായത്തത്തിന്റെ മഹിമ കാട്ടുന്ന നടപടി കൂടിയായിയെന്ന് പറയുന്നതാണ് നല്ലത്. ഇ.പി ജയരാജനെയും മണിയെയും ഓർത്തുനോക്കുമ്പോഴറിയാം മണിയാശാന്റെ ഔന്നത്യം. കാഴ്ചയിൽ മനുഷ്യരെ അളക്കുന്ന കാഴ്ചക്കാരുടെ മാനസികവൈകല്യത്തിന്റെ പ്രതിഫലനമാണ് മണിയാശാനിൽ കുറവു കാണുന്നവർ. ഒന്നുമില്ലെങ്കിൽ വെറുമൊരു ഇടുക്കിക്കാരന്റെ കണക്ക് ഇപ്പോഴും ജീവിക്കുന്ന പച്ചയായ മനുഷ്യനാണ് മണി. അദ്ദേഹം പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുന്നു. തന്റെ അറിവിനനുസരിച്ച് ജനങ്ങൾക്കുവേണ്ടി സ്വയം ജീവിക്കുന്നു. സത്യസന്ധത ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന് മാറ്റു കൂട്ടുന്നവെങ്കിൽ ഈ മന്ത്രിസഭയിലെ ഏറ്റവും മാറ്റുള്ള മന്ത്രിയായിരിക്കും മണിയാശാൻ.
കാര്യങ്ങൾ പഠിക്കാനുള്ള ശേഷി ഇപ്പോഴും മണിയാശാനിൽ അവശേഷിക്കുന്നുണ്ട്. നല്ല ഊർജ്ജവും. അറിയാത്ത കാര്യങ്ങൾ അറിയാമെന്നു നടിക്കാനുള്ള മൗഢ്യം മണിക്കില്ല എന്നുള്ളതാണ് ഒരു മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിനു ശോഭിക്കാൻ ഇട നൽകുന്ന കാര്യം. അതുപോലെ അതിസങ്കീർണ്ണമായ ജീവിത പശ്ചാത്തലമുള്ള ഭൂമികയിൽ നിന്നു വരുന്ന മണിയെ കബളിപ്പിക്കുകയും സാധ്യമല്ല. കാരണം അനുനിമിഷം അത്തരത്തിലുള്ള പ്രശ്‌നങ്ങളിലൂടെ കടന്നുപോയി ഊതിക്കാച്ചപ്പെട്ട വ്യക്തിത്വമാണദ്ദേഹം. അദ്ദേഹത്തിന്റെ അനുഭവങ്ങൾ നൽകിയ പാഠങ്ങൾ അത്രയ്ക്കാണ്. അതിനർഥം അദ്ദേഹം ഒരു വൻ വിജയമായിരിക്കുമെന്നുള്ള മുൻവിധിയല്ല. അദ്ദേഹം ഭരിക്കട്ടെ. അദ്ദേഹത്തിന്റെ പ്രവൃത്തി നോക്കിയാണ് വിലയിരുത്തൽ നടത്തേണ്ടത്.