Skip to main content

 

നിലവിലെ 500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം നിലവില്‍ വന്നുകഴിഞ്ഞു. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ നീണ്ട നിരകള്‍ ബാങ്കുകളില്‍. എ.ടി.എമ്മുകളില്‍ നിറച്ച പണമെല്ലാം മണിക്കൂറുകളില്‍ തന്നെ കാലിയായി. സാധാരണ ജനത അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി ബുദ്ധിമുട്ടിലാകുമെന്നത് വ്യക്തം.

 

അപ്രതീക്ഷിതവും അസാധാരണവും ആയ ഈ തീരുമാനത്തിന്റെ പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത് പോലെ കള്ളനോട്ടും കള്ളപ്പണവും തടയല്‍ തന്നെയാണോ എന്നൊരു ചോദ്യം തലനാരിഴ കീറി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കള്ളപ്പണം തടയാന്‍ ഈ നീക്കം എത്രത്തോളം സഹായിക്കും എന്ന വിഷയത്തില്‍ ഉയരുന്ന ആശങ്കകള്‍ പലതും ന്യായമാണ് താനും. കള്ളപ്പണമെന്നത് കറന്‍സിയുടെ പ്രശ്നം എന്നതിനെക്കാളേറെ നിയമവിരുദ്ധമായ പ്രവൃത്തികളിലൂടെയോ കണക്ക് വെട്ടിച്ചോ ഉണ്ടാകുന്ന പണമാണ് എന്നതിനാലും ഇങ്ങനെ ചെയ്യുന്നവര്‍ക്ക് അത്തരം പണം സൂക്ഷിച്ച് വെക്കാനും വിനിമയം ചെയ്യാനും നോട്ടല്ലാതെയും മാര്‍ഗ്ഗങ്ങളുണ്ട് എന്നതിനാലുമാണ് ഈ ആശങ്കകള്‍. എന്നാല്‍ തന്നെയും റിയല്‍ എസ്റ്റേറ്റ്‌ മേഖല പോലെ കള്ളപ്പണം ഒഴുകുന്ന മേഖലകള്‍ക്ക് തല്‍ക്കാലത്തെങ്കിലും ഒരു തിരിച്ചടിയാണ് സര്‍ക്കാറിന്റെ നീക്കമെന്ന് ഇതിനകം ഓഹരി വിപണിയിലെ സൂചികകള്‍ തന്നെ തെളിയിക്കുന്നു. പണം വെളുപ്പിക്കല്‍ നീക്കങ്ങളും സംഘങ്ങളും അരങ്ങിലെത്തിയിരിക്കുന്നതായ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ നടപടിയുടെ സ്വാധീനം വിളിച്ചുപറയുന്നു.     

 

അതേസമയം, കള്ളനോട്ടിന്റെ ഒഴുക്കിന് തടയിടാന്‍ ഇത് സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്ത് വിതരണം ചെയ്യപ്പെടുന്ന കള്ളനോട്ടിന്റെ കൃത്യം കണക്ക് അറിയാന്‍ സാധിക്കില്ലെങ്കിലും 2010ല്‍ വിദേശത്ത് നിന്ന്‍ ഇന്ത്യയില്‍ എത്തിയത് 1600 കോടി രൂപയുടെ കള്ളനോട്ടാണെന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ റവന്യൂ ഇന്റലിജന്‍സ് മാത്രം പിടിച്ചത് 1000 കോടി രൂപയുടെ കള്ളനോട്ടാണ്. പ്രചാരത്തിലുള്ള പത്ത് ലക്ഷം നോട്ടുകളില്‍ 250 എണ്ണം കള്ളനോട്ട് ആണെന്നും എപ്പോഴും 400 കോടി രൂപയുടെ കള്ളനോട്ടുകള്‍ പ്രചാരത്തില്‍ ഉണ്ടെന്നും പ്രതിവര്‍ഷം 70 കോടി രൂപയുടെ കള്ളനോട്ട് വീതം രാജ്യത്ത് എത്തുന്നുണ്ടെന്നും റിസര്‍വ് ബാങ്ക് കണക്കാക്കുന്നു. ഇത് തീര്‍ച്ചയായും ഒരു ചെറിയ പ്രശമല്ല. എന്നാല്‍, മറ്റൊരു ആലോചനയും ഈ വിഷയത്തില്‍ ഉചിതമായിരിക്കും. കള്ളനോട്ടിന്റെ വിതരണം തടയാന്‍ രാജ്യത്തെ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല എന്നത് കൂടിയല്ലേ ഈ നീക്കം സാക്ഷ്യപ്പെടുത്തുന്നത്? അത് പരിഹരിക്കാതെ ഇങ്ങനെ കാടടച്ച് വെടിവെക്കുന്നത് കൊണ്ട് താല്‍ക്കാലികമായി മാത്രമേ കള്ളനോട്ട് പ്രശ്നം പരിഹരിക്കാന്‍ കഴിയൂ.  നോട്ടില്‍ എത്ര സുരക്ഷാ നടപടികള്‍ സ്വീകരിച്ചാലും വ്യാജന്‍ ഇറങ്ങില്ലെന്ന് കരുതാന്‍ ആകില്ലല്ലോ.  അതേസമയം, രാജ്യത്ത് നവംബര്‍ എട്ടിന് പ്രചരിച്ചിരുന്ന 500, 1000 നോട്ടുകളുടെ മൂല്യം ഏകദേശം 15 ലക്ഷം കോടി രൂപയാണ്. അതിലുപരി, രാജ്യത്തെ കറന്‍സിയുടെ മൂല്യത്തിന്റെ 80 ശതമാനത്തില്‍ അധികവും ഈ നോട്ടുകള്‍ ആയിരുന്നു എന്നത് ഓര്‍ക്കണം. സര്‍ക്കാര്‍ ഏജന്‍സികളുടെ പരാജയമാണ് ജനങ്ങളെ ഈ ബുദ്ധിമുട്ടിലെത്തിച്ചത് എന്ന തിരിച്ചറിവും ഏജന്‍സികളുടെ വീഴ്ചകള്‍ പരിഹരിക്കാനുള്ള ആത്മാര്‍ഥമായ ശ്രമവും കൂടി ഈ നടപടിയ്ക്കൊപ്പം ഉണ്ടായില്ലെങ്കില്‍ കള്ളനോട്ട് പ്രശ്നം ഫലപ്രദമായി നേരിടാനാകില്ല എന്ന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്.

 

അപ്പോഴും, ഒരു പ്രശ്നം അവശേഷിക്കുന്നു. കള്ളപ്പണവും കള്ളനോട്ടും നേരിടാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍, കുറച്ചുകൂടി ഫലപ്രദവും സൗകര്യപ്രദവും ആയവ, ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചു എന്നത്. വളരെയധികം പണം ജനങ്ങളുടെ ബാങ്ക് അക്കൌണ്ടിലേക്ക് മാറുന്നു എന്ന ഈ നടപടിയുടെ ഒരു അനന്തര ഫലം ആ പ്രശ്നത്തിലേക്ക് ഉള്ള ഒരു സൂചകമാണ്. രാജ്യത്തെ പണാധിഷ്ഠിത സമ്പദ്വ്യവസ്ഥയില്‍ നിന്ന്‍ പണരഹിതമായ ഒരു സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ പ്രധാന ഘട്ടമായി ഇത് മാറാം. ജന് ധന് പദ്ധതി പ്രകാരം സാര്‍വ്വത്രികമായി ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ച നടപടിയുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ മോദി സര്‍ക്കാറിന്റെ നീക്കം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആ ദിശയിലേക്ക് ആണെന്ന് വ്യക്തം.

 

എന്നാല്‍, ഇവിടെ സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഒരു ഞാണിന്മേല്‍ക്കളി കൂടിയാണ്. വികസിത രാജ്യങ്ങള്‍ ഇന്ന്‍ ഏറെക്കുറെ പണരഹിത സമ്പദ്വ്യവസ്ഥയായി മാറിയിട്ടുണ്ടെങ്കില്‍ അത് ആ രാജ്യങ്ങളുടെ വികസന പ്രക്രിയയില്‍ സ്വാഭാവികമായി സംഭവിച്ചതാണ്. എന്നാല്‍, ഇന്ത്യയുടെ സ്ഥിതി അതല്ല. വികസനത്തിന്റെ വിവിധ തട്ടുകളില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ വളരെയധികമുള്ള ഒരു സമൂഹമാണ്‌ ഇന്ത്യ. ഈ വിഭാഗങ്ങള്‍ തമ്മിലുള്ള അന്തരമാകട്ടെ വര്‍ധിച്ചു വരികയും ചെയ്യുകയാണ്.  സാമ്പത്തിക നിലവാരത്തില്‍ രാജ്യത്തെ ജനസംഖ്യയുടെ താഴെ നിലയിലുള്ള 70 ശതമാനം പേര്‍ക്കും രാജ്യത്തെ സമ്പത്തിന്റെ 10 ശതമാനം പങ്ക് മാത്രമേയുള്ളൂ. രാജ്യത്തെ തൊഴില്‍സേനയുടെ 93 ശതമാനവും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇവരാണ് പണാധിഷ്ഠിത സമ്പദ്വ്യവസ്ഥയെ ആശ്രയിച്ച് കഴിയുന്നതും. എന്നാല്‍, 2015-ല്‍ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തവരുടെ എണ്ണം 23.3 കോടി വരും. ബാങ്ക് അക്കൌണ്ടുകളുടെ പകുതിയോളമാകട്ടെ നിഷ്ക്രിയവും. 2011-നും 2015-നും ഇടയില്‍ ആരംഭിച്ച അക്കൌണ്ടുകളില്‍ 40 ശതമാനത്തിലും ബാലന്‍സ് ഇല്ല.

 

മോദിയുടെ ഷോക്ക് തെറാപ്പി ഈ ജനവിഭാഗത്തെയാണ്, അവര്‍ ഈ രാജ്യത്തെ ബഹുഭൂരിപക്ഷവുമാണ്, ഹ്രസ്വകാലത്തേങ്കിലും ബുദ്ധിമുട്ടിക്കുന്നത്. മോദി ഉദ്ദേശിച്ച ഫലം ചികിത്സ കൊണ്ട് ഉണ്ടായില്ലെങ്കില്‍, സഖ്യകക്ഷിയായ ശിവസേന ചൂണ്ടിക്കാണിച്ച പോലെ, പോളിംഗ് ബൂത്തിലൂടെയുള്ള ജനങ്ങളുടെ മിന്നലാക്രമണം മോദി നേരിടേണ്ടി വരും. അതിനാവശ്യം, രാജ്യത്തെ സാമ്പത്തിന്റെ വിതരണത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികളാണ്. സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്ന സാമൂഹ്യ പ്രതിസന്ധികളും അതിന്റെ രാഷ്ട്രീയ സ്വാധീനവും ഇന്ന്‍ ലോകരാഷ്ട്രങ്ങളില്‍, പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലും അവിടത്തെ തെരഞ്ഞെടുപ്പുകളിലും, ദൃശ്യമാണ്. ഏറ്റവുമൊടുവില്‍ യു.എസ് തെരഞ്ഞെടുപ്പ് വരെ. ഒരര്‍ഥത്തില്‍ രണ്ട് വര്‍ഷം മുന്‍പ് മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലും ആ സ്ഥിതി ഉണ്ടായിരുന്നു.