Skip to main content

pinarayi vijayn and jacob thomas

 

ശുദ്ധത ചിലപ്പോള്‍ അനഭിലഷണീയമായ ഫലങ്ങള്‍ ഉളവാക്കും എന്ന് പറയുന്ന ചൊല്ല് പിണറായി സര്‍ക്കാര്‍ ഓര്‍ക്കേണ്ടിയിരിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തെ ഭരണ സംവിധാനത്തില്‍ ഉരുത്തിരിയുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികള്‍ എളുപ്പം കരകയറാന്‍ സാധിക്കാത്തതും ഗൗരവകരമായ അനന്തരഫലങ്ങള്‍ ഉളവാക്കുന്നതുമായ ഒരു അവസ്ഥാവിശേഷമാണ് സര്‍ക്കാറിന് മുന്നില്‍ സൃഷ്ടിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.എം എബ്രഹാമിനും ടോം ജോസിനും എതിരെയുള്ള വിജിലന്‍സ് നടപടികള്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥ വൃന്ദത്തെ സര്‍ക്കാറിനെതിരെ തിരിച്ചിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടറുടേത് പ്രതികാര നടപടിയാണെന്ന ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്. അതേസമയം, വിജിലന്‍സ് ഡയറക്ടര്‍ സ്വന്തം നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതെയുള്ളൂ.

 

കഥ ഇതുവരെ

 

തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ, ജേക്കബ് തോമസിന്റെ കീഴില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്ന ധനകാര്യ വകുപ്പിന്റെ കണ്ടെത്തലാണ് ഒരര്‍ഥത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ഇപ്പോഴത്തെ വിജിലന്‍സ് നടപടിയ്ക്ക് പ്രേരകമായെതെന്ന് സംശയിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. തുറമുഖ വകുപ്പിന്റെ ഓഫീസുകളില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക വഴി സര്‍ക്കാറിന് ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്ടമുണ്ടായെന്നും പദ്ധതി നടപ്പിലാക്കിയതില്‍ ഡയറക്ടര്‍ എന്ന നിലയില്‍ ജേക്കബ് തോമസിന് വീഴ്ച സംഭവിച്ചെന്നുമാണ് ധനകാര്യ വകുപ്പിന്റെ പരിശോധനാ വിഭാഗം കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ ജേക്കബ് തോമസ്‌ സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും സര്‍ക്കാര്‍ ഇത് അംഗീകരികരിച്ചില്ല. തനിക്കെതിരെ ‘കോണുകളില്‍ ഇരുന്ന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ’ കുറിച്ച് ജേക്കബ് തോമസ്‌ പിന്നീട് സൂചിപ്പിച്ചു. ഡി.ജി.പി തസ്തികയില്‍ പ്രവത്തിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ഫോണും ഇമെയിലും ചോര്‍ത്തുന്നതായ അസാധാരണ റിപ്പോര്‍ട്ട് പിന്നാലെ വരികയും അദ്ദേഹത്തിന്റെ പരാതിയെ തുടര്‍ന്ന്‍ ഇത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിനെ നിയോഗിക്കുകയും ചെയ്തു. ഇതിനിടയില്‍, സര്‍വ്വീസില്‍ നിന്ന്‍ അവധിയെടുത്ത് ജേക്കബ് തോമസ്‌ സ്വകാര്യ കോളേജില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയില്‍ അന്വേഷണത്തിന് തയ്യാറാണെന്നും ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്നും മറ്റൊരു അസാധാരണ നടപടിയില്‍ സി.ബി.ഐ ഹൈക്കോടതിയില്‍ പറഞ്ഞു. സി.ബി.ഐയുടെ നടപടി അസ്വാഭാവികമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ മറുപടി പറയുകയും ചെയ്തു.  

 

ഇതിന് പിന്നാലെയാണ് ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം അബ്രഹാമിന്റെ വസതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. അഴിമതി വിരുദ്ധ നിലപാടില്‍ അബ്രഹാമിന്റെ പ്രകടനവും മോശമല്ല. സെബിയില്‍ പ്രവര്‍ത്തിക്കവേ, അബ്രഹാമിന്റെ ഒറ്റയാള്‍ പരിശ്രമമാണ് സഹാറ ഗ്രൂപ്പിന്റെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ വെളിച്ചത്ത് കൊണ്ടുവന്നത്. സഹാറ മേധാവി സുബ്രത റോയ് ജയിലില്‍ കിടക്കാന്‍ ഇടയായതും ഇതുമായി ബന്ധപ്പെട്ട കേസിലാണ്. അബ്രഹാമിനെതിരെ നടപടി ഉണ്ടായതോടെ ഐ.എ.എസ് അസോസിയേഷന്‍ ചീഫ് സെക്രട്ടറിയെ കണ്ട് ജേക്കബ് തോമസിനെതിരെ പരാതി അറിയിച്ചു. എന്നാല്‍, പിറ്റേ ദിവസം അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസിന്റെ വസതികളില്‍ വിജിലന്‍സ് പരിശോധന നടന്നു. ടോം ജോസാകട്ടെ, അഴിമതി കേസില്‍ ഇതിനകം വിജിലന്‍സ് അന്വേഷണം നേരിടുന്നയാളാണ്. രണ്ട് പേര്‍ക്കെതിരെയും വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചതായി സ്വകാര്യ വ്യക്തികള്‍ വിജിലന്‍സ് കോടതികളില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടികള്‍.

 

സര്‍ക്കാറിന്റെ ബാധ്യത

 

രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരുടേയും നേര്‍ക്കുള്ള ആരോപണങ്ങള്‍ കഴമ്പുള്ളതാണോ അല്ലയോ എന്ന്‍ കണ്ടെത്താന്‍ അന്വേഷണം ആവശ്യമാണ്. എന്നാല്‍, ആ അന്വേഷണം നടത്തുന്ന ഏജന്‍സിയ്ക്ക് അല്ലെങ്കില്‍ അതിന്റെ മേധാവിയ്ക്ക് ഇതില്‍ നിക്ഷിപ്ത താല്‍പ്പര്യം ഉണ്ടെന്ന്‍ സാധാരണക്കാര്‍ക്ക് ജനിക്കുന്ന സംശയം ന്യായമാണ്. സംഭവങ്ങള്‍ ആ രീതിയിലാണ് വികസിച്ചിട്ടുള്ളത്. ജേക്കബ് തോമസ് സ്വന്തം നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന്‍ പറയുന്നതിലൂടെ സര്‍ക്കാര്‍ സുപ്രധാനമായ ഉത്തരവാദിത്വത്തില്‍ നിന്നാണ് മാറിനില്‍ക്കുന്നത്. ജേക്കബ് തോമസിന്റെ പ്രതികാര നടപടികളല്ല ഇതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അധികാരസ്ഥാനം ഉപയോഗിച്ച് വ്യക്തികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും അഴിമതിയുടെ രൂപം തന്നെയാണ്. അഥവാ, ഈ വ്യക്തികളുടെ നേര്‍ക്കുള്ള ആരോപണങ്ങള്‍ വസ്തുതാപരമാണെങ്കില്‍ പോലും ഇത്തരത്തിലുള്ള ഒരു ആരോപണവും അന്വേഷണവും ഈ ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങുന്നതാണോ എന്നതും സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ജേക്കബ് തോമസിന്റെ നടപടികള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്ന സ്ഥിതിയില്‍ പ്രത്യേകിച്ചും. ഒരു ഉദ്യോഗസ്ഥന്റെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക്, അതില്‍ ഉദ്ദേശ്യശുദ്ധി എത്രത്തോളം ഉണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട് എന്ന് വരുന്നത് ആശാസ്യമല്ല. ഇപ്പോള്‍ പൊതുജനങ്ങള്‍ക്കിടയില്‍ അത്തരം ഒരു പ്രതീതിയാണ് ജനിക്കുന്നത് എന്നത് കാണാതിരുന്നുകൂടാ. ടോം ജോസിന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിട്ടായിരുന്നു കെ.എം അബ്രാഹാമിന്റെ വീട്ടിലെ റെയ്ഡ് എങ്കില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രശ്നമുണ്ടാകില്ലായിരുന്നുവെന്നാണ് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വണ്ടി കാത്തിരിക്കുമ്പോള്‍ ഒരു എല്‍.ഡി.എഫ് അനുഭാവിയില്‍ നിന്ന്‍ കേട്ടത്. രണ്ട് ഉദ്യോഗസ്ഥരുടേയും പ്രതിച്ഛായയും സ്ഥിതിഗതികളുടെ വികാസവും ആ അഭിപ്രായത്തില്‍ പ്രതിഫലിക്കുന്നുണ്ട്. സൂക്ഷ്മമായി രാഷ്ട്രീയം നിരീക്ഷിക്കുന്ന ജനം ഇവിടെ ഇപ്പോഴും വലിയൊരു വിഭാഗമാണ്‌ എന്ന് സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്നവര്‍ ഓര്‍ക്കേണ്ടതാണ്.       

 

ഇനി അതല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ സെക്രട്ടറിയെറ്റ് ജീവനക്കാരോടുള്ള അഭിസംബോധനയില്‍ പറഞ്ഞതിന്റെ തുടര്‍ച്ചയായി, ഉന്നത ഉദ്യോഗസ്ഥ സംവിധാനത്തില്‍ ഒരു ശുദ്ധികലശമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങി ചെയ്യേണ്ടതാണ്. ഈ ഉദ്യോഗസ്ഥ സംവിധാനത്തിലൂടെ തന്നെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നതിനാല്‍ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വത്തിലേക്ക് ചുരുക്കാന്‍ സാധിക്കാത്ത നയപരമായ, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു സുപ്രധാന തീരുമാനമാണത്. പ്രതികാര നടപടിയുടെ പ്രതീതി ജേക്കബ് തോമസിന്റെ നടപടികളില്‍ ജനിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. മറിച്ച്, മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്‍, ജേക്കബ് തോമസ്‌ തന്നെയും, ആരോപിക്കുന്ന പോലെയുള്ള കേന്ദ്രങ്ങള്‍ ജേക്കബ് തോമസിനെതിരെയുള്ള നീക്കങ്ങള്‍ക്ക്‌ പുറകിലുണ്ടെങ്കിലും അത് പുറത്ത് കൊണ്ടുവരേണ്ടതും ഇത്തരത്തിലുള്ളൊരു ശുദ്ധികലശം നടത്തേണ്ടതും തീര്‍ത്തും അനിവാര്യമാകുന്നു. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചക്കളത്തി പോരാട്ടത്തിലേക്ക് ചുരുക്കേണ്ട വിഷയമല്ലിത്.

 

എന്നാല്‍, അഴിമതി വിരുദ്ധ നടപടികളില്‍ ഒരു വേര്‍തിരിവ് ഈ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നതായി സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയും. മന്ത്രി കെ.സി ജോസഫിനെതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ കെ. ബാബുവിനു ശേഷം ഈ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന രണ്ടാമത്തെ മന്ത്രിയാണ് ജോസഫ്. രണ്ടുപേരും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അടുത്തയാളുകളും എ ഗ്രൂപ്പിലെ പ്രമുഖരും ആയിരുന്നു എന്നത് യാദൃച്ഛികമായി കരുതാന്‍ ആകില്ല. ഉമ്മന്‍ ചാണ്ടിയടക്കം കഴിഞ്ഞ മന്ത്രിസഭയിലെ ഏഴുപേര്‍ അഴിമതി ആരോപണങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും വരവില്‍ കവിഞ്ഞ സ്വത്താണ് ഇപ്പോള്‍ വിജിലന്‍സിന്റെ പ്രധാന അന്വേഷണ വിഷയമായി മാറുന്നത്. ഇത് ഒരു വിഷയമല്ല എന്നല്ല. പക്ഷെ, അടൂര്‍ പ്രകാശിനെ പോലെ കടുത്ത അഴിമതി ആരോപണങ്ങള്‍ നേരിട്ടിരുന്ന ഒരാള്‍ ഇതുവരെയും വിജിലന്‍സിന്റെ റഡാറില്‍ വന്നിട്ടില്ലേ എന്ന സന്ദേഹം അവശേഷിക്കുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം മുതലെടുക്കാനുള്ള രാഷ്ട്രീയ നീക്കമാണോ ഇതെന്ന സന്ദേഹം ഒപ്പം ജനിക്കുകയും ചെയ്യുന്നു.

 

എന്നാല്‍, ആത്യന്തികമായി സര്‍ക്കാറിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയില്‍ വിള്ളല്‍ വീഴ്ത്താനെ ഇത് ഉതകൂ. ഇ.പി ജയരാജന്‍, എം.കെ ദാമോദരന്‍ എന്നിവരുടെ സ്ഥാനലബ്ധിയും സ്ഥാനഭ്രംശവും ഇതിനകം തന്നെ സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിയെ നിഴലില്‍ നിര്‍ത്തുന്നുണ്ട്. പ്രതികാര നടപടികള്‍ എന്ന പ്രതീതി ജനിപ്പിക്കുന്ന വിജിലന്‍സ് നടപടികള്‍ നിര്‍ണ്ണായകമായ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്താനും സര്‍ക്കാറില്‍ നിന്ന്‍ അകറ്റാനും മാത്രമേ സഹായിക്കൂ. സര്‍ക്കാറിന്റെ മുന്‍ഗണനകള്‍ക്ക്, അങ്ങനെയൊന്ന് ഉണ്ടെങ്കില്‍, അതൊട്ടും സഹായകരമായിരിക്കുകില്ല.

Tags