Skip to main content

പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോഴിക്കോട് പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ തീവ്രവാദത്തിന്റെ പിന്നില്‍ ഒരു രാജ്യമാണെന്ന്‍ മോദി ആരോപിച്ചു. തീവ്രവാദത്തിന് മുന്നില്‍ ഇന്ത്യ ഒരിക്കലും കീഴടക്കില്ലെന്നും തീവ്രവാദത്തെ പരാജയപ്പെടുത്തുമെന്നും മോദി പറഞ്ഞു. ജമ്മു കശ്മീരിലെ ഉറിയില്‍ 18 സൈനികരുടെ ജീവത്യാഗം ഇന്ത്യ മറക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടായിരിക്കുമെന്ന കാഴ്ചപ്പാട് അട്ടിമറിക്കാന്‍ ഒരു രാജ്യം ശ്രമിക്കുകയാണെന്ന് മോദി പറഞ്ഞു. അവിടെ നിന്ന്‍ തീവ്രവാദം കയറ്റുമതി ചെയ്യുകയാണെന്ന് ഏഷ്യയിലെ എല്ലാ രാജ്യങ്ങളും വിശ്വസിക്കുന്നു. അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ്, അയല്‍ രാജ്യങ്ങള്‍, എന്നല്ല ലോകത്തെവിടെയും തീവ്രവാദ ആക്രമണം നടന്നാല്‍ ഒന്നുകില്‍ തീവ്രവാദികള്‍ അവിടെ നിന്ന്‍ പോയവരോ അല്ലെങ്കില്‍ ഒസാമ ബിന്‍ ലാദനെ പോലെ അവിടെ ആശ്രയം തേടുന്നവരോ ആണെന്ന് മോദി ആരോപിച്ചു.

 

തീവ്രവാദത്തിന്റെ രൂപം അറിയുന്നവരാണ് കേരളത്തില്‍ ഉള്ളതെന്ന് കേരളത്തില്‍ നിന്നുള്ള നഴ്സുമാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത് ഓര്‍മ്മിപ്പിച്ച് മോദി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ കേരളീയരെ കുറിച്ച് പ്രശംസ മാത്രമാണ് കേട്ടതെന്നും ഇത് തനിക്ക് അഭിമാനമുണ്ടാക്കിയെന്നും മോദി പ്രസ്താവിച്ചു.

 

ബി.ജെ.പി ദേശീയ കൌണ്‍സില്‍ യോഗത്തിന്റെ ഭാഗമായാണ് കോഴിക്കോട് കടപ്പുറത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചത്. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും സമ്മേളനത്തില്‍ സംസാരിച്ചു.