കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുന്നതിനായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് 22 പാര്‍ലിമെന്റംഗങ്ങളെ പ്രത്യേക പ്രതിനിധികളായി നാമനിര്‍ദ്ദേശം ചെയ്തു. കശ്മീര്‍ താഴ്വരയില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സെപ്തംബറില്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ ഉന്നയിക്കുമെന്നും ഷെരിഫ് പറഞ്ഞു.
കശ്മീര്‍ പ്രശ്നത്തില്‍ വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്ക്കുള്ള പാകിസ്ഥാന്റെ ക്ഷണത്തിന് അതിര്‍ത്തി കടന്നുള്ള തീവ്രവാദം ചര്‍ച്ച ചെയ്യാം എന്ന രീതിയില്‍ ഇന്ത്യ അയച്ച മറുപടിയ്ക്ക് പുറകെയാണ് പാകിസ്ഥാന്റെ നീക്കം. രണ്ടും തവണ പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കത്തയക്കുകയും രണ്ടു തവണയും ഇന്ത്യ സമാന മറുപടി നല്‍കുകയുമാണ് ഉണ്ടായത്. കശ്മീരിലെ സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും പാകിസ്ഥാന്‍ ഇതില്‍ ഇടപെടരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പാക് അധിനിവേശ കശ്മീരിലെ നിയമവിരുദ്ധ അധിനിവേശം അവസാനിപ്പിക്കാനും ഇന്ത്യ മറുപടിയില്‍ ആവശ്യപ്പെട്ടിരുന്നു.
നിരോധിത ഭീകരസംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ കമാണ്ടര്‍ ആയിരുന്ന ബുര്‍ഹാന്‍ വാനിയെ ജൂലൈ എട്ടിന് സുരക്ഷാ സൈനികര്‍ ഏറ്റുമുട്ടലില്‍ വധിച്ചത് മുതല്‍ കശ്മീര്‍ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയാണ്. 50 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി. ഏഴായിരത്തിലധികം സാധാരണക്കാര്‍ക്കും നാലായിരത്തിലധികം സുരക്ഷാ സൈനികര്‍ക്കും പരിക്കേറ്റതായാണ് കണക്കുകള്‍. പെല്ലെറ്റ് തോക്കുകളില്‍ നിന്നുള്ള വെടിയേറ്റ് ഒട്ടേറെ പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആറു വര്‍ഷത്തിനിടെ കശ്മീര്‍ കണ്ട ഏറ്റവും രൂക്ഷമായ പ്രക്ഷോഭമാണ് ഇത്.