Skip to main content

ഡല്‍ഹി നിയമസഭയിലെ 21  ആം ആദ്മി പാര്‍ട്ടി (എ.എ.പി) എം.എല്‍.എമാരുടെ അംഗത്വം റദ്ദാക്കപ്പെടാന്‍ സാധ്യത. പാര്‍ലിമെന്ററി സെക്രട്ടറി എന്ന പദവിയില്‍ ശമ്പളത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുന്ന ബില്ലില്‍ ഒപ്പ് വെക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിസമ്മതിച്ചതോടെയാണിത്‌.

 

എം.എല്‍.എമാരും എം.പിമാരും പണമോ മറ്റാനുകൂല്യങ്ങളോ പ്രതിഫലമായി സ്വീകരിച്ച് മറ്റ് പദവികള്‍ വഹിക്കുന്നത് ഭരണഘടന വിലക്കുന്നുണ്ട്. എം.എല്‍.എമാരെ പാര്‍ലിമെന്ററി സെക്രട്ടറിമാരായി നിയമിച്ച ഡല്‍ഹി സര്‍ക്കാറിന്റെ നടപടി നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങള്‍ രാഷ്ട്രപതിയെ അറിയിച്ചിരുന്നു.

 

അതേസമയം, പാര്‍ലിമെന്ററി സെക്രട്ടറിമാരായി പ്രവര്‍ത്തിക്കുന്ന എം.എല്‍.എമാര്‍ വാഹനമോ വസതിയോ പോലുള്ള ആനുകൂല്യങ്ങള്‍ ഒന്നും കൈപ്പറ്റിയിട്ടില്ലെന്ന്‍ എ.എ.പി സര്‍ക്കാര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ ബഹുമാനിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു. വിഷയത്തില്‍ പാര്‍ട്ടി അടിയന്തര യോഗം ചേരുന്നുണ്ട്.

 

എം.എല്‍.എമാരുടെ അയോഗ്യത സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇനി നിര്‍ണ്ണായകമാകും. അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ എം.എല്‍.എമാര്‍ക്ക് നോട്ടീസ് അയക്കുകയും അവര്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാറിന്റെ നടപടിയെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയിലും ഹര്‍ജി നിലനില്‍ക്കുന്നുണ്ട്.