നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ചക്രവര്‍ത്തി അല്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വിമര്‍ശനം. എന്‍.ഡി.എ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളേയും അവര്‍ വിമര്‍ശിച്ചു. എന്നാല്‍, ചായ വില്‍പ്പനക്കാരന്‍ പ്രധാനമന്ത്രിയായി ഉയര്‍ന്നത് ദഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് സോണിയ ഇത്തരം പരാമര്‍ശം നടത്തുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
രാജ്യത്ത് കടുത്ത ദാരിദ്ര്യവും വരള്‍ച്ചയും നിലനില്‍ക്കുന്നു. കര്‍ഷകര്‍ ദുരിതത്തിലാണ്. ഈ സന്ദര്‍ഭത്തില്‍ ഇതുപോലെ ആഘോഷം നടത്തുന്നത് ഉചിതമല്ലെന്ന് സോണിയ ഗാന്ധി റായ്ബറേലിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പരാമര്‍ശം തീര്‍ത്തും അപലപനീയമെന്ന് ബി.ജെ.പി വക്താവ് സമ്പിത് പത്ര പ്രതികരിച്ചു. രാജ്യം തങ്ങളുടെ കുത്തകയെന്ന മട്ടില്‍ ഭരിച്ച ഗാന്ധിമാരെയാണ് ചക്രവര്‍ത്തി എന്ന് വിളിക്കാന്‍ പറ്റുകയെന്നും പത്ര കുറ്റപ്പെടുത്തി.
സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്ക്ക് വേണ്ടി ഒരു വിവാദ ആയുധ വ്യാപാരി 2009-ല്‍ ലണ്ടനില്‍ ഒരു ആഡംബര വസതി വാങ്ങിയതായ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ സോണിയ ഗാന്ധി കേന്ദ്രത്തെ വെല്ലുവിളിച്ചു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന തങ്ങളുടെ ലക്ഷ്യത്തിനായി ഓരോ ദിവസവും സര്‍ക്കാര്‍ ഓരോ പുതിയ ആരോപണം കൊണ്ടുവരികയാണെന്നും അവര്‍ കുറ്റപ്പെടുത്തി.