Skip to main content

boli and vermicilli

 

2013-ൽ എറണാകുളത്ത് വിനായകാ ആഡിറ്റോറിയത്തിൽ നടന്ന ഒരു കല്യാണം. പെൺകുട്ടിയുടെ അച്ഛൻ തൃശ്ശൂർ സ്വദേശി. അമ്മ തിരുവനന്തപുരത്തുകാരിയും. സദ്യയുടെ അവസാനം ബോളി ഇലയിൽ കൊണ്ടിട്ടപ്പോൾ തൃശ്ശൂരില്‍ നിന്നെത്തിയ ചിലർ കണ്ണു തള്ളിയിരുന്നു. പന്തിയിൽ അബദ്ധം വരരുതല്ലോ എന്നുള്ളതുകൊണ്ട് അവർ അടുത്തിരുന്നവരോട് ചോദിച്ചു, എങ്ങനെയാണ് ഇതു കഴിക്കേണ്ടത് എന്ന്‍. അടുത്തിരുന്നവർക്കും അതു പിടിയില്ലായിരുന്നു. തിരുവനന്തപുരം സദ്യ പരിചയമുള്ളതിന്റെ പശ്ചാത്തലത്തിൽ സേമിയയുടെ കൂടെ കുഴച്ചാണ് ബോളി കഴിക്കേണ്ടതെന്ന് അവർക്ക് പറഞ്ഞു കൊടുത്തു. പിന്നീട് അങ്ങനെ ചെയ്യുന്ന ഇല നോക്കി കൗതുകത്തോടെ അവരും അങ്ങനെ ആസ്വദിച്ചു കഴിച്ചു.

 

സംസ്കാരത്തിന്റെ കൊടുക്കൽ വാങ്ങലുകളാണത്. മുൻപ് തിരുവന്തപുരത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന ഒന്നായിരുന്നു ബോളി. മെല്ലെ അത് കൊല്ലത്തേക്കു സഞ്ചരിച്ചു. ഏതാനും വർഷങ്ങളായി മൂന്നാമത്തെ മധുരമെന്ന നിലയ്ക്ക് ബോളി കൊല്ലം സദ്യകളിലും പിന്നീട് വടക്കോട്ടും നീങ്ങിത്തുടങ്ങി. ഇപ്പോഴും ചില അടിസ്ഥാന മുദ്രകൾ ഓരോ പ്രദേശത്തെ സദ്യയ്ക്കും നിലനിൽക്കുന്നുണ്ട്. ആ വ്യക്തിത്വം സദ്യകൾ നിലനിർത്തിക്കൊണ്ടാണ് സാംസ്കാരിക ലയമെന്നവണ്ണം രുചിലയം നടത്തുന്നത്. ഉദാഹരണത്തിന് കൊല്ലം മുതൽ ആലപ്പുഴ വരെ സദ്യ തുടങ്ങുന്നത് ചെറുപയറിന്റെ പരിപ്പും പർപ്പടകവും നെയ്യും കൊണ്ടാണ്. ചൂട് ചോറിന്റെ മേൽ നിറയെ പരിപ്പൊഴിച്ച് അതിൻമേൽ നെയ്യും പിന്നെ അതിന്റെ മേൽ പർപ്പടവും അമർത്തിപ്പൊടിച്ചു മൂന്നും കൂടി കുഴച്ചാണ് തുടക്കം. കൊല്ലത്തിന് അടുത്തു കിടക്കുന്ന തിരുവനന്തപുരത്തും പരിപ്പുകൊണ്ടാണ് തുടക്കം. പക്ഷേ പരിപ്പിന്റെ പരിപ്പ് തുവരപ്പരിപ്പാണ്. ചിലപ്പോൾ കൊല്ലത്തുകാർക്ക് അതത്രങ്ങോട്ട് രസിച്ചില്ലെന്നിരിക്കും. തിരുവനന്തപുരത്ത് ഒരുപാട് കൊല്ലത്തുകാർ താമസിക്കുന്നതിനാലാകാം ചില തിരുവനന്തപുരം കല്യാണങ്ങളിൽ ഇപ്പോൾ ചെറുപയർ പരിപ്പ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തിന്റെ ഒരെടുക്കലും കൊല്ലത്തിന്റെ കൊടുക്കലും. കൊല്ലത്ത് മൂന്നു മധുരങ്ങൾ വിളമ്പിയിരുന്നത് ആദ്യം അരി അല്ലെങ്കിൽ ഗോതമ്പ്, പരിപ്പ് അല്ലെങ്കിൽ അട, അവസാനം വെർമ്മിസല്ലി എന്നീ പായസങ്ങളായിരുന്നു. ഇക്കൂട്ടത്തിൽ ഏത്തപ്പഴം കൊണ്ടുള്ളവയും ഉൾപ്പെട്ടിരുന്നു. അവയൊക്കെ ഇന്നും ഉണ്ട്. എന്നാൽ ഉറപ്പ് മധുരമായി അവസാനത്തെ താരമെന്നോണമാണ് ബോളി സ്ഥാനം പിടിച്ചിട്ടുള്ളത്.

 

എന്നാൽ എറണാകുളത്തുനിന്ന് വടക്കോട്ട് പരിപ്പ് ഇലയുടെ വലത്തേ അറ്റത്ത് തൊടുകറിപോലെ മുൻകൂട്ടി വിളമ്പിയിരിക്കും. ചോറിട്ടാൽ പുറത്തൊഴിപ്പ് സാമ്പാറാണ്. തെക്കൻ ഭാഗത്തുനിന്ന് വരുന്നവർക്ക് അത് തെല്ലൊരു അസ്കിത തന്നെ ഉണ്ടാക്കാറുണ്ട്. ശീലമായാൽ അതും രസം തന്നെ. ഇപ്പോൾ എറണാകുളം എടുത്തിരിക്കുന്നത് തിരുവനന്തപുരത്തിന്റെ ബോളിയാണ്. മിക്ക കല്യാണത്തിനും മൂന്നാം മധരുമായി തന്നെ ബോളിയും സേമിയയും വരാറുണ്ട്. ഏപ്രിൽ രണ്ടാം വാരം എറണാകുളത്തെ ഭാസ്കരീയത്തിൽ നടന്ന കല്യാണം.സദ്യ ഉഗ്രൻ. തൊടുകറികളെല്ലാം നല്ല രുചി. ഒരിനം പോലും ഇത്തിരികൂടി നന്നാമായിരുന്നു എന്നു തോന്നാവുന്നതില്ലായിരുന്നു. ചോറു കഴിഞ്ഞാൽ എറണാകുളത്തിന്റെ സ്റ്റാർ മധുരപ്പദവി പാലട പ്രഥമനാണ്. പണ്ടത്തെ ഒരു നിലവാരം ഇന്ന് എറണാകുളത്തെ പാലട പ്രഥമന് പൊതുവിൽ നഷ്ടമായിട്ടുണ്ടെന്നും കൂട്ടത്തിൽ പറയാതെ നിവൃത്തിയില്ല. ഒരുപക്ഷേ പാൽമായവും അല്ലാത്ത മായവുമൊക്കെക്കൊണ്ട് സംഭവിച്ചതായിരിക്കാം. ഈ സദ്യയിലെ ചോറ് കഴിഞ്ഞ് ആദ്യം വന്നു ഗോതമ്പു പായസം. ഉഗ്രൻ. അതിനു പിന്നാലെ വരുന്നു, ബോളി. അറിയാതെ പുരികമൊന്നുയർന്നു. രണ്ടു പായസത്തിലൊതുങ്ങുമോ എന്ന ചിന്തയായി. ധാരാളം തിരുവനന്തപുരം സദ്യ ഉണ്ടു ശീലമുള്ളതിനാൽ സേമിയയ്ക്കായി കാത്തിരുന്നു. സേമിയ വരുന്നില്ല. പകരം വരുന്നു പാലട പ്രഥമൻ. മറ്റുള്ളവർ പാലട പ്രഥമൻ ബോളിയുമായി കൂട്ടിക്കുഴച്ചു കഴിക്കുന്നു. തുടർന്ന് പാലട പ്രഥമൻ സ്വീകരിച്ചു. പാലട പ്രഥമൻ അതായി രണ്ടു നക്ക് നക്കിയതിന് ശേഷം ബോളിയും ചേർത്ത് കുഴച്ചു കഴിച്ചു. അപാരമായ രുചി. സേമിയയും ബോളിയും തമ്മിലുള്ള ചങ്ങാത്തം സൃഷ്ടിക്കുന്ന രുചിയേക്കാൾ കേമം പാലട പ്രഥമനും ബോളിയും തന്നെ.

 

ഒന്നു വെറുതേ ഇലകളിൽ കണ്ണോടിച്ചു. ശരാശരി മുപ്പുതു ശതമാനം ഭക്ഷണം എല്ലാ ഇലകളിലും വേസ്റ്റാണ്. മിക്കവരും കൊതികൊണ്ട് പായസം വാങ്ങുന്നതുപോലെ തോന്നി. കാരണം അൽപ്പാൽപ്പം രുചിച്ചിട്ട് ബാക്കി വശത്തേക്ക് തള്ളുന്നു. കാരണം പ്രമേഹക്കാരാകും നല്ലൊരു പങ്കും. ആ നിലയ്ക്ക സേമിയ ഒഴിവാക്കിക്കൊണ്ട് അതേ സമയം ബോളിക്ക് അതിനേക്കാൾ നല്ലൊരു ചങ്ങാതിയെ എണ്ണം കൂട്ടാതെ സമന്വയിപ്പിക്കാനും കഴിഞ്ഞു എന്നതാണ് പാലടയുമായുള്ള ചേർത്തുകുഴയ്ക്കൽ. അധികം ഭക്ഷണം പാഴാകത്തതുമില്ല, മറിച്ച് കൂടുതൽ രുചികരമാവുകയും ചെയ്യുന്നു. അനാവശ്യമായി പ്രമേഹ രോഗികളിൽ കൂടുതൽ മധുരം ചെല്ലുന്നതുമില്ല. ഇതൊരുഗ്രൻ പാഠത്തെ പ്രദാനം ചെയ്യുന്നു. ഇവ്വിധം രുചികരവും സർഗ്ഗാത്മകവും ആയിരിക്കണം സംസ്കാരങ്ങളുടെ കൊടുക്കൽ വാങ്ങലും സമന്വയവും. ഏതു സംസ്കാരവുമായി ബന്ധപ്പെടുമ്പോഴും ഇതിനുള്ള വാതായനങ്ങൾ എപ്പോഴും തുറന്നുകിടക്കും. അതേസമയം ഒന്ന് മറ്റൊന്നിനെ ഇല്ലാതാക്കുന്നതുമില്ല. ഒരു മേശപ്പുറത്ത് തിരുവനന്തപുരത്തേയും കൊല്ലത്തേയും എറണാകുളത്തേയും സദ്യ വിളമ്പി വയ്ക്കുകയാണെങ്കിൽ ഒറ്റനോട്ടത്തിൽ സംശയമില്ലാതെ തന്നെ അത് എവിടുത്തെയൊക്കെയാണെന്നു പറയാൻ കഴിയും. അതേ സമയം ഓരോ സദ്യയുടെയും വ്യക്തിത്വം നിലനിൽക്കുകയും ചെയ്യുന്നു.

 

മറിച്ച് തങ്ങളുടേതാണ് കേമമായ സദ്യയെന്ന് വാശി പിടിച്ച് മാറ്റം വരുത്താൻ തയ്യാറാകാതെ നിൽക്കുന്ന പക്ഷം പുതിയ സാധ്യതകളും രുചികളും നഷ്ടമാകുന്നു. ഈ ബോളി-പാലടസംയോഗത്തിന്റെ പശ്ചാത്തലത്തിൽ ഏതു മൗലികവാദത്തിന്റെയും അരുചി മനസ്സിലാക്കാവുന്നതാണ്. അത് മതത്തിന്റെ പേരിലായാലും പ്രാദേശികതയുടെ പേരിലായാലും.