ജനങ്ങളെ ഏതുവിധ ചൂഷണത്തിൽ നിന്നും സംരക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. വർത്തമാന കേരളത്തിൽ സാധാരണ ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന ഒരിടമാണ് സ്വകാര്യ ആശുപത്രികൾ. എന്നാൽ സ്വകാര്യ ആശുപത്രികളുടെ മുഖ്യ ലക്ഷ്യം ചികിത്സയെക്കാളുപരി ആ മാർഗ്ഗമുപയോഗിച്ച് ജനങ്ങളെ പരമാവധി ചൂഷണം ചെയ്യുക എന്നതാണ്. അത് ഏവർക്കുമറിയാവുന്നതുമാണ്. അപ്രസക്തമായ വിഷയങ്ങൾ പ്രസക്തമാക്കുകയും പ്രസക്തമായ വിഷയങ്ങൾ ജനത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്താതെയും പോകുന്ന മാദ്ധ്യമ സംസ്കാരം സ്വകാര്യ ആശുപത്രികളുടെ ചൂഷണം തെല്ലും തത്വദീക്ഷയില്ലാതെ നടത്തുന്നതിന് കാരണമാകുന്നു.
എറണാകുളം വൈറ്റിലയിലുള്ള വെൽകെയർ ആശുപത്രി ഒരു ശരാശരി സ്വകാര്യ ആശുപത്രിയാണ്. അവിടെ സാധാരണ ജനങ്ങളുടെ മേൽ ചുമത്തുന്ന ചികിത്സാ ചെലവിന്റെ രീതി വ്യക്തമാക്കുന്നു, രക്തസമ്മർദ്ദം അഥവാ ബി.പി ചെക്ക് ചെയ്യുന്നതിന് അവർ ഈടാക്കുന്ന തുക.
കാഷ്വാലിറ്റിയിലെത്തി ബി.പി ചെക്ക് ചെയ്യുന്നത് നഴ്സുമാരാണ്. ചെക്കിംഗ് കഴിയുമ്പോൾ എത്രയാണ് ബി.പിയെന്നുള്ളത് എഴുതിത്തരില്ല. പകരം എത്രയാണെന്ന് പറയുകയേ ഉള്ളു. എഴുതിത്തരുന്നത് കൗണ്ടറിലേക്കുള്ള ഒരു ചീട്ടാണ്. അത് കൗണ്ടറിൽ കൊടുക്കുമ്പോൾ അവിടെ അമ്പതു രൂപ ഫീസായി അടയ്ക്കണം. അമ്പതു രൂപയാണോ അതോ അഞ്ചു രൂപയാണോ എന്ന സംശയത്തിൽ ചോദിക്കുമ്പോൾ കൗണ്ടറിലിരിക്കുന്നവർ നല്ല ഉച്ചത്തിൽ വടിവോട് അമ്പതു രൂപയെന്നത് ആവർത്തിക്കും. രൂപ വാങ്ങിയിട്ട് ബില്ലും തരും.
ബി.പി നോക്കുന്ന ഉപകരണത്തിന് ആയിരം രൂപയോടടുത്തേ വിലയുളളു. ഒരു നഴ്സിന്റെ ഒരു മിനിട്ടു നേരമുള്ള സേവനം. വെറും ശരാശരി നിലവാരത്തിലുള്ള കാഷ്വാലിറ്റി സൗകര്യം. അതിന് അമ്പതു രൂപ ഈടാക്കുന്നത് ഈ സംസ്ഥാനത്ത് സ്വകാര്യ ആശുപത്രിയുടെ മറവിൽ ജനങ്ങളെ എങ്ങനെ വേണമെങ്കിലും ചൂഷണം ചെയ്യാമെന്നുള്ള അന്തരീക്ഷം നിലനിൽക്കുന്നതിന്റെ തെളിവാണ്. ചില ആശുപത്രികൾ അടുത്ത കാലം വരെ ബി പി ചെക്ക് ചെയ്യുന്നതിന് ഫീസ് വാങ്ങാറില്ലായിരുന്നു. വാങ്ങുന്ന ആശുപത്രികൾ കഴിഞ്ഞ കൊല്ലം വരെ പത്തു രൂപയായിരുന്നത് ഇരുപതു രൂപയാക്കിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലം വരെ വെൽകെയർ ആശുപത്രിയിലും പത്തു രൂപയായിരുന്നു ഇതിനുള്ള ഫീസ്. അതാണ് ഇപ്പോൾ അഞ്ചിരട്ടി ഉയർത്തിയിരിക്കുന്നത്. ഐ.എം.എ പോലുള്ള സംഘടനകൾ ഈ വസ്തുതകളിലേക്കു ശ്രദ്ധ തിരിക്കാത്തതും അതു കണ്ടില്ലെന്ന് നടിക്കുന്നതുമൊക്കെ അവരുടെ സാമൂഹികമായ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നു.
സ്വകാര്യ ആശുപത്രികളിലെ ഫീസ് നിശ്ചയിക്കുന്നതിന് ഒരു ഏജൻസിയെ അടിയന്തിരമായി സൃഷ്ടിക്കേണ്ട ആവശ്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. ആശുപത്രികൾ ആരോഗ്യ വ്യവസായം എന്ന് സ്വയം തന്നെ വിശേഷിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഹോട്ടലുകളുടെ കാര്യത്തിലെന്ന പോലെ അവയ്ക്ക് സ്റ്റാർ പദവി നൽകാവുന്നതാണ്. യാഥാർഥ്യങ്ങളെ അതേപടി കാണാൻ കഴിയുക എന്നതാണ് കാലത്തിനനുസരിച്ചുള്ള പ്രതികരണം.
ആശുപത്രി മേഖലയെ ഹെൽത്ത് ഇൻഡസ്ട്രി എന്ന് വിളിക്കുന്നതിനു പകരം ട്രീറ്റ്‌മെന്റ് ഇൻഡസ്ട്രി എന്നേ അഭിസംബോധന ചെയ്യാവൂ എന്ന നിയമനിർമ്മാണവും കൊണ്ടുവരേണ്ടതാണ്. കാരണം ആരോഗ്യം ചികിത്സയിലൂടെ നേടാവുന്നതല്ല. ചികിത്സയിലൂടെ രോഗത്തെ ഭേദമാക്കാനേ കഴിയുകയുള്ളു. ഇപ്പോഴത്തെ അവസ്ഥയിൽ ആധുനിക ആശുപത്രികളിൽ ഒരു രോഗവുമായി ചെന്നാൽ ഒമ്പതു മറ്റ് രോഗങ്ങൾ പിടിപെടുമെന്നാണ് അറിയുന്നത്. ഇന്നത്തെ സാഹചര്യത്തിൽ അത്തരം ആശുപത്രികളെ ആശ്രയിക്കാതെ സമൂഹത്തിന് നിലനിൽക്കാനുള്ള ആത്മവിശ്വാസമില്ലാത്ത കാലവുമാണ്. അതിനാൽ പുതിയ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമ്പോൾ അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട വിഷയമാണ് സ്വകാര്യ ആശുപത്രികളുടെ ചൂഷണം നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ.