Skip to main content

Panchayat Election2015 നവമ്പര്‍ രണ്ട്, അഞ്ച് തീയതികളില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കേരളത്തിന്റെ ചരിത്ര ഗതിയില്‍ നിര്‍ണ്ണായകമാകും. ഇതുവരെ നടന്നിട്ടുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മുഖ്യപങ്കുണ്ടായിരുന്നെങ്കിലും പ്രാദേശികഘടകങ്ങളാണ് ജയപരാജയങ്ങളെ ഒരു പരിധിവരെ നിര്‍ണ്ണയിച്ചിരുന്നത്. അതിന്നര്‍ഥം രാഷ്ട്രീപാര്‍ട്ടികളുടെ ശക്തി അപ്രസക്തമായിരുന്നു എന്നല്ല. എന്നാല്‍ ഇക്കുറി നടക്കുന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രലബ്ദ്ധിക്കു ശേഷം കേരളത്തില്‍ നടന്ന രാഷ്ട്രീയഗതിയുടെ ഒരധ്യായത്തിന്റെ അവസാനവും പുതിയ അധ്യായത്തിന്റെ ആരംഭവുമാകുന്നു. ഈ മാറ്റത്തിന്റെ നിമത്തപ്രതീകമാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി പറഞ്ഞുകൊണ്ടാണ് അദ്ദേഹം ബി.ജെ.പിയുമായി ചേര്‍ന്ന് മൂന്നാംമുന്നണിക്ക് കളമൊരുക്കുന്നത്.

           കേരളപ്പിറവിക്കു ശേഷം കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ഒളിഞ്ഞും തെളിഞ്ഞും തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിച്ച ജാതി-മതVellappally Natesan രാഷ്ട്രീയത്തിന്റെ ഉല്‍പ്പന്നമാണ് വെള്ളാപ്പള്ളി നടേശന്‍. മുഖ്യധാരാ രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ക്കല്ല, മറിച്ച് ചെപ്പടിവിദ്യകള്‍ക്കും തന്ത്രങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കുമാണ് സ്ഥാനമെന്ന് പല മുഖ്യധാരാ രാഷ്ട്രീയ നേതാക്കളിലൂടെയും സ്ഥാപിക്കപ്പെട്ടു. അവര്‍ വാഴ്ത്തപ്പെട്ടു. അവരുടെ രാഷ്ട്രീയ നീക്കങ്ങളും അടുവകളും മാറലുകളും രാഷ്ട്രീയ മര്യാദകളായി; മാനദണ്ഡങ്ങളായി. അവയെ രാഷ്ട്രീയത്തിന്റെ അളവുകോലായി മാധ്യമങ്ങള്‍ കണ്ട് അതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിംഗും വിലയിരുത്തലുകളും വ്യവസ്ഥാപിതമായി. മുന്‍പ് സ്വകാര്യ നേട്ടങ്ങള്‍ക്കായി രാഷ്ട്രീയത്തെ വിനിയോഗിക്കുന്നത് പുറത്തറിയുന്നത് ലജ്ജയായി കാണപ്പെട്ടിരുന്ന കാലത്തു നിന്ന് അത്തരം നീക്കങ്ങള്‍ മാനദണ്ഡമായി . അത് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും സമൂഹവും അതാണ് രാഷ്ട്രീയം എന്ന് തിരച്ചറിയുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഓരോ രാഷ്ട്രീയപാര്‍ട്ടികളിലേയും ഗ്രൂപ്പുകള്‍ ഈ രാഷ്ട്രീയ മാനദണ്ഡത്തിന്റെ ഫലമായി ഉണ്ടായതാണ്. അങ്ങനെ രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ അര്‍ബുദത്തിന്റെ പിടിയിലായി. മൂല്യവിരദ്ധനിലപാടുകള്‍ പ്രായോഗികയെന്ന പേരില്‍ വാഴ്ത്തപ്പെടുകയും ചെയ്തു.അതിനേത്തുടര്‍ന്ന്  പ്രായോഗികക്കാര്‍ എല്ലാ പാര്‍ട്ടികളിലും അധികാരത്തിലെത്തി. പുതിയ പ്രായോഗിക നേതാക്കള്‍ ഉദയം കൊള്ളുകയും വികസിക്കുകയും ചെയ്തു. അങ്ങനെ സമൂഹത്തില്‍ വൃത്തികേടുകളായി കരുതപ്പെട്ടിരുന്ന എല്ലാം വൃത്തിയുള്ളതായി മാറി. ആദരിക്കപ്പെട്ടു തുടങ്ങി.

            മുഖ്യധാരാ രാഷ്ട്രീയനേതാക്കള്‍ക്ക് അറിയാവുന്ന പ്രായോഗികതേയേക്കാള്‍ വമ്പന്‍ പ്രായോഗികതകള്‍ തനിക്ക് വശമുണ്ടെന്നുളള ആത്മവിശ്വാസമാണ് വെള്ളാപ്പള്ളിയെ എസ് എന്‍ ഡി പിയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്. മുഖ്യധാരാ രാഷ്ട്രീയനേതാക്കള്‍ മത നേതാക്കളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് വെള്ളാപ്പള്ളിക്കും ധൈര്യവും ആവേശവും പകര്‍ന്നിട്ടുണ്ടാവും. സാധാരണ പോലീസുകാരന്റെ മുന്നില്‍ പോലും ധൈര്യപൂര്‍വ്വം നില്‍ക്കാന്‍ മടിച്ചിരുന്ന മദ്യവ്യവസായിയും മരാമത്തുകൊണ്ട്രാക്ടറുമായിരുന്ന വെള്ളാപ്പള്ളിക്ക് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരെപ്പോലും  മുന്‍കൂര്‍ അനുമതി തേടിക്കൊണ്ട് തന്റെ വസതിയിലേക്കും ഓഫീസിലേക്കും വരുത്തുന്നതില്‍ വെള്ളാപ്പള്ളി വജയിച്ചു. മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ പറയുന്ന രാഷ്ട്രീയ കാരണങ്ങളേക്കാള്‍ യുക്തിഭദ്രമായി പ്രസ്താവനകളും പ്രതിപ്രസ്താവനകളും നടത്തുന്നതില്‍ വെള്ളാപ്പള്ളി വിജയിച്ചു. മൂല്യരാഹിത്യപ്രയോഗത്തില്‍ മുഖ്യധാരരാഷ്ട്രീയ നേതാക്കള്‍ക്ക് അദ്ദേഹത്തോടൊപ്പം എത്താന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി. കേരളത്തിന്‍റെ നവോത്ഥാന രാസപ്രക്രീയയില്‍ മുഖ്യപങ്ക് വഹിച്ച ഈഴവസമുദായത്തിന്റെ നേതാവായി അദ്ദേഹം ജാതി പറയുന്നതിന്റെ രാഷ്ട്രീയം ആരംഭിച്ചു. മുഖ്യധാരക്കാര്‍ പറച്ചിലില്‍ മൂല്യവും പ്രയോഗത്തില്‍ ജാതിയും മതവും ഉപയോഗിച്ചതിനാല്‍ വെള്ളാപ്പള്ളിയുടെ ജാതി പറച്ചില്‍ ജനമധ്യത്തില്‍ കൂടുതല്‍ സ്വീകര്യത നേടി. വര്‍ത്തമാനകാല രാഷ്ട്രീയം വെള്ളാപ്പള്ളിക്ക് അത് പ്രയോഗിക്കാന്‍ ഫലഭൂയിഷ്ടവുമായി. അങ്ങനെ മെല്ലെ മെല്ലെ ചോര്‍ന്നു തുടങ്ങിയ കേരളത്തിന്റെ നവോത്ഥാന സംസ്‌കാരം ചരിത്രപരമായി വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പോടെ അവസാനിക്കുന്നു.

     ഈഴവ സമുദായമാണ് നവോത്ഥാനാശയത്തെ ആവേശത്തോടെ ഏറ്റെടുത്തതെന്നുള്ളത് സമൂഹ്യശാസ്ത്രപരമായും ചരിത്രപരമായും യാഥാര്‍ഥ്യമാണ്. നവോത്ഥാനാശയത്തില്‍ ഏറ്റവും പ്രമുഖമായത് ജതി-മത ചിന്തകളില്‍ നിന്ന് പുറത്തുവന്നുകൊണ്ടുള്ള സാംസ്‌കാരിക നിലപാടായിരുന്നു. അതുകൊണ്ടാണ് ആ സമുദായാംഗങ്ങള്‍ ആ സാംസ്‌കാരിക ഘടകത്തെ പ്രതിനിധീകരിക്കുന്നുവെന്നു കണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതും. ആ സമുദായത്തിന്റെ പേരില്‍ ശ്രീനാരായണഗുരുവിന്റെ പ്രതിമയും ചിത്രവും പേറി എസ്. എന്‍ .ഡി.പിയെ ജാതി പറഞ്ഞുകൊണ്ട് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി മൂന്നാം മുന്നണിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴാണ്  ചരിത്രപരമായി നവോത്ഥാനപ്രയാണം ക്ഷയിച്ച്  മരണമടയുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുക. സ്വയം വെളിച്ചംകൊണ്ട് വളര്‍ന്ന നേതാവല്ല വെള്ളാപ്പള്ളി നടേശന്‍. വളര്‍ത്തപ്പെട്ട നേതാവാണ്. ഇപ്പോള്‍ കേരളത്തിലെ ഇരുമുന്നണിയിലേയും നേതാക്കള്‍ മതേതര, നവോത്ഥാന മൂല്യങ്ങളുടെ പേരില്‍ വെള്ളാപ്പള്ളിയെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. വെള്ളാപ്പള്ളിയും മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടി നേതാക്കളും തമ്മില്‍ മൂല്യത്തിന്റെ കാര്യത്തില്‍ എത്രമാത്രം അകലം ഉണ്ടെന്നുള്ളാതാണ്  നിക്ഷ്പക്ഷമായി ചിന്തിക്കുന്ന കേരളസമൂഹത്തിന്റെ അന്വേഷണത്തിലുള്ളത്. ഇനിയുളള വെള്ളാപ്പള്ളിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ വളം മുഖ്യധാരാ നേതാക്കളുടെ ഭാഗത്തുനിന്നുള്ള  എതിര്‍പ്പാണ്. എതിര്‍പ്പിന്റെ ശക്തിയനുസരിച്ച് വെള്ളാപ്പള്ളിയുടെ ശക്തി വര്‍ധിക്കുക തന്നെ ചെയ്യും. കാരണം മൂല്യം വെളിച്ചവും മൂല്യത്തകര്‍ച്ച അന്ധകാരവുമാണ്. വെളിച്ചത്തിന്റെ ചെറുതിരിയെങ്കിലും കത്താതെ പ്രകാശം ഉണ്ടാവില്ല. എതിര്‍പ്പിലൂടെയും അതിനെ വളമാക്കി വളരുകയും ചെയ്യുന്ന കേരളത്തില്‍ ആന്ധ്യത്തിന്റെ കട്ടി കൂടുക തന്നെ ചെയ്യും, ഒരു തിരി തെളിയും വരെ