ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പുറത്ത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ 95 റണ്‍സിനാണ് ആതിഥേയരായ ആസ്ത്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. 328 റണ്‍സ് മറികടക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 46.5 ഓവറില്‍ 233 റണ്‍സിന് പുറത്തായി. ആസ്ത്രേലിയയുടെ സ്റ്റീവ് സ്മിത്ത് ആണ് മാന്‍ ഓഫ് ദ മാച്ച്.
ലോകകപ്പ് നോക്കൌട്ട് ഘട്ടത്തില്‍ ഇതുവരെ വിജയകരമായി പിന്തുടര്ന്നിട്ടില്ലാത്ത സ്കോര്‍ കീഴടക്കാന്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും 76 റണ്‍സിന്റെ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എന്നാല്‍, 23 ഓവറില്‍ 108 റണ്‍സ് ആയപ്പോഴേക്കും ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ നിലം പതിച്ചു. പിന്നീട് ക്യാപ്റ്റന്‍ എം.എസ് ധോണിയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 70 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍, 37-ാമത്തെ ഓവറില്‍ രഹാനെയുടെ ബാറ്റില്‍ പന്ത് ഉരുമ്മിയത് അമ്പയറുടെ കണ്ണില്‍ പെട്ടില്ലെങ്കിലും റിവ്യൂ ചെയ്യാനുള്ള തീരുമാനം ആസ്ത്രേലിയയ്ക്ക് ഗുണകരമാകുകയായിരുന്നു. 42-ാമത്തെ ഓവറില്‍ രവിന്ദ്ര ജഡേജ സ്മിത്തിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൌട്ടായതോടെ ധോണി ഒറ്റയ്ക്ക് ആക്രമണം തുടങ്ങിയെങ്കിലും ലക്ഷ്യം അപ്പോഴേക്കും കൈപ്പിടിയില്‍ നിന്ന് അകന്നിരുന്നു. 42-ാമത്തെ ഓവറില്‍ ലക്ഷ്യത്തിന് 98 റണ്‍സ് അകലെ ഗ്ലെന്‍ മാക്സ്വെല്ലിന്റെ നേരിട്ടുള്ള ഏറില്‍ ധോണിയും മടങ്ങിയതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്ത്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 327 റണ്‍സ് എന്ന റെക്കോഡ് സ്കോര്‍ കുറിച്ചത്. ഒരു ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആണിത്. സെഞ്ചുറി കുറിച്ച സ്റ്റീവ് സ്മിത്തിന്റേയും 81 റണ്‍സ് നേടിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റേയും 182 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ആസ്ത്രേലിയന്‍ ഇന്നിംഗ്സിന്റെ നെടുംതൂണ്. അവസാന ഓവറുകളില്‍ ഒന്‍പത് ബോളില്‍ 27 റണ്‍സ് നേടിയ മിച്ചല്‍ ജോണ്‍സണിന്റെ അപ്രതീക്ഷിത വെടിക്കെട്ടും ആസ്ത്രേലിയന്‍ സ്കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍മാര്‍ക്ക് ഈ മത്സരത്തില്‍ പക്ഷെ, റണ്‍സ് ഒഴുകുന്നത് നിയന്ത്രിക്കാനായില്ല.
ഞായറാഴ്ച മെല്‍ബണില്‍ നടക്കുന്ന ഫൈനലില്‍ ആസ്ത്രേലിയ ന്യൂസിലാന്‍ഡിനെ നേരിടും.
സ്കോര്‍: ആസ്ത്രേലിയ- 328/7. സ്റ്റീവ് സ്മിത്ത് - 105, ആരോണ്‍ ഫിഞ്ച് - 81, ഉമേഷ് യാദവ് 4-72
ഇന്ത്യ- 233. എം.എസ് ധോണി 65, ജയിംസ് ഫോക്നര്‍ 3-59, മിച്ചല്‍ സ്റ്റാര്‍ക് 2-28