അവസാന നിമിഷങ്ങളിലെ ആവേശകരമായ അനിശ്ചിതത്വം നിറഞ്ഞുനിന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. ഇടയ്ക്ക് മഴ തടസ്സപ്പെടുത്തിയ കളിയില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് നിര്‍ണ്ണയിച്ച 43 ഓവറില്‍ 298 റണ്‍സ് എന്ന ലക്ഷ്യം ഒരു ബാള്‍ ശേഷിക്കെയാണ് കിവികള്‍ മറികടന്നത്.
ദക്ഷിണാഫ്രിക്ക 43 ഓവറില്‍ അഞ്ച് വിക്കറ്റിന് 281 റണ്‍സ് ആണ് നേടിയിരുന്നതെങ്കിലും അവരുടെ ഇന്നിങ്ങ്സ് മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് ലക്ഷ്യം പുതുക്കി നിശ്ചയിച്ചത്.
പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തവര് എന്ന് വിളിപ്പേരുള്ള ന്യൂസിലാന്‍ഡും നിര്‍ണ്ണായക സമയത്ത് പതറിപ്പോകുന്നവര്‍ എന്ന് വിളിപ്പേരുള്ള ദക്ഷിണാഫ്രിക്കയും തങ്ങളുടെ പ്രതിച്ഛായകള്‍ തിരുത്താന്‍ ഉറച്ചുതന്നെയാണ് കളിച്ചത്. 1975-ല്‍ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിച്ച ശേഷം ആറുതവണ ന്യൂസിലാന്‍ഡ് സെമിഫൈനലില്‍ കടന്നിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ടീം ഫൈനലില്‍ കടക്കുന്നത്. അതേസമയം, ഇനിയും ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചിട്ടില്ലാത്ത ദക്ഷിണാഫ്രിക്കയുടെ സുപ്രധാന കിരീടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും നീളും.
വ്യാഴാഴ്ച ഇന്ത്യയും ആസ്ത്രേലിയയും തമ്മില്‍ നടക്കുന്ന രണ്ടാം സെമിമത്സരത്തിലെ വിജയികളെ ന്യൂസിലാന്‍ഡ് ഫൈനലില്‍ നേരിടും.