Skip to main content

 

മാദ്ധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് നിയമസഭയിൽ ഭരണപക്ഷ അംഗം കെ. ശിവദാസൻ നായരെ പ്രതിപക്ഷാംഗം ജമീല പ്രകാശം കടിച്ചതു സംബന്ധിച്ച വാദപ്രതിവാദങ്ങളാണ്. അഹോരാത്രം ചർച്ച തന്നെ. ചർച്ച എങ്ങുമെത്തുന്നുമില്ല. ഓരോ ചർച്ചയിലും പൊന്തിവരേണ്ടതും എന്നാൽ അതിനു പകരം താഴേക്കു പൊയ്‌ക്കൊണ്ടിരിക്കുന്നതുമായ കാര്യം നിയമസഭയുടെ പ്രസക്തിയാണ്. ആ പ്രസക്തിയാണ് 2015 മാർച്ച് 13 വെള്ളിയാഴ്ച ചോദ്യം ചെയ്യപ്പെട്ടത്. അനിഷ്ടമായ സംഭവം നടന്നുവെങ്കിൽ ബന്ധപ്പെട്ടവർ ചെയ്യേണ്ടത് അതിനെ പരിഹരിച്ച് മുന്നോട്ടു പോകാനാണ്. എന്നാൽ എതിർ ദിശയിലുള്ള സമീപനമാണ് സ്പീക്കറുൾപ്പടെയുള്ളവരിൽ നിന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. തെരുവിൽ പോലും സംഭവിക്കാൻ പാടില്ലാത്ത സംഭവമാണ് നിയമസഭയിൽ മാർച്ച് 13-ന് അരങ്ങേറിയത്. അതുകൊണ്ടു തന്നെ നിയമസഭയുടെ പ്രത്യേക അവകാശങ്ങൾ പ്രസക്തമാകുന്ന അവസ്ഥ ഇല്ലാതാകുന്നു.

 

പ്രതിപക്ഷം സ്പീക്കറെ തടയാൻ ശ്രമിച്ചതും സ്പീക്കറുടെ ഡയസ് നശിപ്പിക്കുന്നതും സ്പീക്കറുടെ കസേര താഴേക്ക് തള്ളിയിടുന്നതും കേരള ജനത കണ്ടതാണ്. അതേ കണ്ണുകൊണ്ടാണ് ധനകാര്യ വകുപ്പ് മന്ത്രി കെ.എം.മാണി ബജറ്റവതരിപ്പിച്ചതിനു ശേഷം നടക്കപ്പെട്ട ലഡുവിതരണവും കണ്ടത്. കേരള ജനത മുഴുവൻ കണ്ട ആ ദൃശ്യം താൻ കണ്ടില്ലെന്ന് മണിക്കൂറുകൾക്കും ദിവസങ്ങൾക്കും ശേഷം സ്പീക്കർ എന്‍. ശക്തൻ പറയുകയുണ്ടായി. ആ ഒരൊറ്റ പ്രസ്താവനകൊണ്ട് തന്നെ ശക്തന് ശക്തമായ നടപടി സ്വീകരിക്കാനുളള ധാർമ്മികമായ നിലപാട് നഷ്ടമായി. കാരണം അദ്ദേഹം പ്രതിപക്ഷത്തിനോടല്ല ആ പ്രസ്താവന നടത്തിയത്. മറിച്ച് കേരള ജനതയോടാണ്. ജനങ്ങളോട് സംസാരിക്കുമ്പോൾ സാങ്കേതികതയുടെ ന്യായീകരണം അപര്യാപ്തമാണ്. അത് ഉത്തരവാദിത്വമില്ലായ്മയുമായിപ്പോയി. കേരള ജനതയും ലോകം മുഴുവനും കണ്ട പ്രധാനപ്പെട്ട അച്ചടക്ക രാഹിത്യം, പ്രത്യേകിച്ചും പ്രതിപക്ഷം കാട്ടിയവയൊക്കെ തലനാരിഴ കീറി കണ്ട സാഹചര്യത്തിൽ അത് കണ്ടില്ല എന്നു പറഞ്ഞത് പ്രതിപക്ഷവും ഭരണപക്ഷവും സഭയിൽ കാട്ടിയ സഭാനിന്ദയേക്കാൾ വലുതായിപ്പോയി.

 

ഇന്ത്യയില്‍ സ്പീക്കര്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നവർ സ്വാഭാവികമായും ഭരണപക്ഷത്തു നിന്നുള്ളവർ തന്നെ. ആ പദവിയിലിരുന്നുകൊണ്ട് സർക്കാരിനെ രക്ഷിക്കേണ്ടി വരുന്ന സന്ദർഭം വന്നാൽ കാസ്റ്റിംഗ് വോട്ട് ചെയ്യാനുള്ള സംവിധാനം പോലുമുണ്ട്. അതേ സമയം സ്പീക്കർ നിഷ്പക്ഷനായി തുടരുകയും വേണം. പരമാവധി നീതിപൂർവ്വമായ നിയമങ്ങളും നടപടികളും തീരുമാനങ്ങളും സഭയിൽ നിന്നുണ്ടാവണം എന്നതാണ്  അതിന്റെ പിന്നിലെ ഭരണഘടനാ താൽപ്പര്യവും ജനായത്ത താൽപ്പര്യവും. 1982-ൽ കെ. കരുണാകരൻ മന്ത്രിസഭ വീഴാതിരിക്കാൻ അന്നത്തെ സ്പീക്കർ എ.സി ജോസിന് കാസ്റ്റിംഗ് വോട്ട് നടത്തേണ്ടിവന്നിട്ടുണ്ട്. പക്ഷേ അപ്പോൾ പോലും ജോസിന്റെ നടപടി പക്ഷപാതിത്വ ആരോപണത്തെ നേരിട്ടില്ല. അതുകൊണ്ടു തന്നെ സ്പീക്കർ പദവിയുടെ അന്തസ്സും നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടുകയുമുണ്ടായില്ല. അതുപോലെ തന്നെയായിരുന്നു കേരള നിയമസഭയിലെ അദ്ധ്യക്ഷ പദവി അലങ്കരിച്ച സ്പീക്കർമാർ ഇതുവരെ തുടർന്നുപോന്ന സമീപനങ്ങൾ. അതായിരുന്നു കേരളനിയമസഭയുടെ പ്രത്യേകതകളിൽ ഒന്നും. ചില സ്പീക്കർമാർ തങ്ങളുടെ നിഷ്പക്ഷ നിലപാടുകൾകൊണ്ട് ഭരണപക്ഷത്തിനു കാര്യമായ തലവേദന പോലും സൃഷ്ടിച്ചിട്ടുണ്ട്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് സഭയുടെ നിഷ്പക്ഷത പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ്.

 

n sakthanഅന്തരിച്ച സ്പീക്കർ ജി. കാർത്തികേയനും ആ ആദരം നേടുന്നതിൽ ഒട്ടും പിന്നിലായിരുന്നില്ല. അദ്ദേഹം വാച്ച് ആൻഡ് വാർഡ് സ്റ്റാഫിനെ തന്റെ സുരക്ഷയിൽ നിന്നും സഭയിൽ നിന്നും പിൻവലിച്ചുകൊണ്ട് പുതിയ കീഴ്വഴക്കം സൃഷ്ടിക്കുക കൂടി ചെയ്യുകയുണ്ടായി. അദ്ദേഹത്തിനു ശേഷം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട് വന്ന ശക്തന്റെ ആദ്യ ദിനം തന്നെ സംഘർഷ പൂരിതമായിരുന്നു. അതിന് ശക്തൻ ഉത്തരവാദിയല്ല. എന്നിരുന്നാലും സഭയുടെ അന്തസ്സിന്റെ സൂക്ഷിപ്പുകാരൻ അദ്ദേഹം തന്നെയാണ്. സഭയിൽ ചർച്ചകൾ നടക്കുമ്പോഴും എന്തു സംഭാഷണം നടക്കുമ്പോഴും അത് അംഗങ്ങൾ തമ്മിലല്ല. മറിച്ച് അത് സഭാദ്ധ്യക്ഷനെയാണ് അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഭരണകക്ഷി അംഗങ്ങൾ അരോചകമായ രീതിയിൽ ലഡുവിതരണവും തീറ്റയും വായിൽ തള്ളലുമൊക്കെ നടത്തിയത് സ്പീക്കറുടെ  നേർക്കാണ്. മറിച്ച് പ്രതിപക്ഷാംഗങ്ങളുടെ  നേർക്കല്ല. അദ്ദേഹത്തിന് സാങ്കേതികമായി കാണാൻ കഴിഞ്ഞില്ലെങ്കിൽ മുഴുവൻ ദൃശ്യങ്ങളും പകർത്താൻ സംവിധാനം സഭയ്ക്കുണ്ട്. അതിനു പുറമേ സഭാനടത്തിപ്പിൽ അദ്ദേഹത്തെ സഹായിക്കുന്നതിനായി സഭാ സെക്രട്ടറിയടക്കമുള്ള സംവിധാനം അദ്ധ്യക്ഷവേദിക്കു തൊട്ടുമുന്നിലായി ഉണ്ട്. ഇതൊക്കെ വിസ്മരിച്ചുകൊണ്ടാണ് അദ്ദേഹം ലഡുവിതരണം കണ്ടില്ലെന്ന് പറഞ്ഞത്. അങ്ങിനെ പറഞ്ഞതും ആ നടപടി അരങ്ങേറിയതിലുമുള്ള അപാകതയും മനസ്സിലാക്കിയതിന്റെ പശ്ചാത്തലത്തിലാകും ലഡുവിതരണം നടത്തിയവരെ ശാസിക്കുമെന്ന് സ്പീക്കർ പിന്നീട് അറിയിച്ചിരിക്കുന്നത്. സ്പീക്കറുടെ ഈ ഈ നിലപാട് ജമീലാ പ്രകാശത്തിന്റെ കടിയേക്കാൾ കഠിനമായി സഭയ്ക്ക് ഏറ്റ മുറിവായിപ്പോയി.