Skip to main content
ന്യൂഡല്‍ഹി

narendra modi

 

പശ്ചിമ ബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തതും ഹരിയാനയില്‍ കൃസ്ത്യന്‍ പള്ളി ആക്രമിച്ചതുമായ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സംഭവങ്ങളില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

 

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ 71-വയസുകാരിയായ കന്യാസ്ത്രീയെ ശനിയാഴ്ച മഠത്തില്‍ അതിക്രമിച്ച് കയറി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. എന്നാല്‍, പ്രതികളെ ആരേയും ഇതുവരെ പിടികൂടാനായിട്ടില്ല.

 

ഞായറാഴ്ച ഹരിയാനയിലെ ഹിസാറിലാണ് പള്ളി ആക്രമിക്കപ്പെട്ടത്. നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയിലെ കുരിശ് അക്രമിസംഘം എടുത്തുമാറ്റി ഹനുമാന്‍ പ്രതിമ സ്ഥാപിക്കുകയും ചെയ്തിരുന്നു.

 

കന്യാസ്ത്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് പേര്‍ കൊല്‍ക്കത്തയില്‍ തിങ്കളാഴ്ച പ്രകടനം നടത്തി. സംഭവം നടന്ന റാണാഘട്ടില്‍ സന്ദര്‍ശത്തിനെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാഹനം പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിക്കുകയും ചെയ്തു.  

 

പള്ളിയിലെ പുരോഹിതനും ചിലരും തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന തര്‍ക്കമാണ് ആക്രമത്തിന് കാരണമായതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞു. പള്ളി പണിയുന്നത് അനധികൃത കോളനിയിലാണെന്നും ഖട്ടര്‍ പറഞ്ഞിരുന്നു.