Skip to main content
ന്യൂഡല്‍ഹി

yogendra yadv and prashanth bhushan

 

സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായി ആം ആദ്മി പാര്‍ട്ടി. ചൊവ്വാഴ്ച നാല് മുതിര്‍ന്ന നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ആരോപണം. സത്യം വൈകാതെ പുറത്തുവരുമെന്ന്‍ യാദവും പ്രശാന്ത് ഭൂഷണും പ്രതികരിച്ചു.

 

രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന്‍ മാര്‍ച്ച് നാലിന് ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി രണ്ട് നേതാക്കളേയും പുറത്താക്കിയിരുന്നു. ഇതിന്റെ വിശദീകരണമായാണ് മനീഷ് സിസോദിയ, ഗോപാല്‍ റായ്, പങ്കജ് ഗുപ്ത, സഞ്ജയ്‌ സിങ്ങ് എന്നീ നേതാക്കള്‍ പ്രസ്താവന പുറപ്പെടുവിച്ചത്. ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിന്റെ അടുത്തയാളുകളായി അറിയപ്പെടുന്നവരാണിവര്‍.

 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളോട് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തേണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതായി പ്രസ്താവനയില്‍ ആരോപിക്കുന്നു. പാര്‍ട്ടിയ്ക്ക് സംഭാവന നല്‍കുന്നതും ഭൂഷണ്‍ നിരുത്സാഹപ്പെടുത്തി. കേജ്രിവാളിനെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും 20-22 സീറ്റുകളില്‍ പാര്‍ട്ടി ഒതുങ്ങിയാല്‍ മാത്രമേ നേതൃമാറ്റം ഉണ്ടാകൂ എന്നും ഭൂഷണ്‍ പറഞ്ഞതായി പ്രസ്താവന ആരോപിക്കുന്നു. കേജ്രിവാളിനും പാര്‍ട്ടിയ്ക്കും എതിരായി യോഗേന്ദ്ര യാദവ് രഹസ്യമായി വാര്‍ത്തകള്‍ നല്‍കിയതായും പ്രസ്താവന പറയുന്നു.

 

മറ്റുളളവരെ ഉപയോഗിച്ച് പറഞ്ഞുകൊണ്ടിരുന്ന ആരോപണങ്ങള്‍ ഇപ്പോള്‍ മുതിര്‍ന്ന നേതാക്കളിലൂടെ തന്നെ പുറത്തുവന്നത് നന്നായെന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. പ്രസ്താവനയെ സ്വാഗതം ചെയ്ത യോഗേന്ദ്ര യാദവ് തുറന്നതും സുതാര്യവുമായ സംഭാഷണത്തിനുള്ള സാധ്യത തെളിഞ്ഞതായി പ്രതികരിച്ചു. തന്റേയും ഭൂഷണിന്റേയും മറുപടി പാര്‍ട്ടി പ്രസിദ്ധീകരിക്കുമെന്നും പ്രവര്‍ത്തകര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കുമെന്നും പ്രതീക്ഷിക്കുന്നതായി യാദവ് പറഞ്ഞു.  

 

കേജ്രിവാള്‍ പാര്‍ട്ടി ദേശീയ കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന് യാദവും ഭൂഷണും അഭിപ്രായപ്പെട്ടതായും ഇതാണ് ഇവരുടെ പുറത്താക്കലിന് വഴി തെളിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു.