ചൊറിയുക, ചൊറിയുമ്പോൾ ചൊറിയുന്നവർക്ക് സുഖമുള്ള കാര്യമാണ്. ആ ചൊറിയുടെ ഹരത്തിൽ തൊലി പൊട്ടുന്നതുപോലും അറിയില്ല. അതേസമയം ചൊറിച്ചിൽ ഏവർക്കും വല്ലാത്ത ചൊറിച്ചിലുമാണ്. അന്തരീക്ഷത്തിൽ ജലാംശം തങ്ങിനിൽക്കുന്ന പ്രദേശമായ കേരളത്തിൽ കാറ്റ് കയറാത്ത വസ്ത്രം ധരിക്കുന്നവരും ഇറുകിയ ജീൻസ് ഉൾപ്പടെയുള്ള വസ്ത്രം ധരിക്കുന്നവരും നിരന്തരം നേരിടുന്ന ശല്യമാണ് ചൊറിച്ചിൽ. വാസ്തവത്തിൽ, ശരീരത്തിൽ കാറ്റ് കയറാതെയുള്ള വസ്ത്രധാരണ രീതി വ്യാപകമായതോടെ പൂപ്പൽ രോഗത്തിനുള്ള മരുന്നിന് അഭൂതപൂർവ്വമായ ചെലവും ത്വക്കുരോഗ വിദഗ്ധർക്ക് മുമ്പെങ്ങുമില്ലാത്ത തിരക്കുമാണ്. കേരളത്തിലെ കാലാവസ്ഥയിൽ ചുരിദാർ കുർത്തയും സൽവാർ കമ്മീസുപോലും ധരിക്കുന്നത് വൻ വിന വരുത്തിവെക്കുന്നുവെന്നാണ് പ്രശസ്ത ഗൈനക്കോളജിസ്റ്റായ കൊച്ചി ലക്ഷ്മി ഹോസ്പിറ്റലിലെ ഡോ. ശാന്താ വാര്യർ പറയുന്നത്. അവർ എല്ലാ ആഴ്ചയിലും നടത്തുന്ന ക്ലാസ്സുകളിൽ മുഖ്യമായും എടുത്തുപറയന്ന ഒന്ന് ചുരിദാർ വസ്ത്രധാരണത്തെക്കുറിച്ചാണ്. അവർ അത് പറയുന്നത് മുഖ്യമായും പൂപ്പൽ ചൊറിയുടെ പേരിലല്ല. മറിച്ച് ഒട്ടനവധി ഗുഹ്യരോഗങ്ങൾ സ്ത്രീകൾക്ക് ഉണ്ടാകുന്നതിനു പുറമേ വന്ധ്യതയ്ക്ക് ഈ വസ്ത്രധാരണ രീതി കാരണമാകുന്നുവെന്നാണ് അവർ പറയുന്നത്. ഇത്തരം വസ്ത്രധാരണ രീതി മൂലം കേരളത്തിലെ സ്ത്രീകൾ വൈറ്റമിൻ ഡിയുടെ അഭാവം വല്ലാതെകണ്ട് അനുഭവിക്കുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അത് ഗർഭ അലസലിലേക്കും അതിന്റെ പോരായ്മകൊണ്ട് ജനിക്കുന്ന കുട്ടികൾക്ക് പല വൈകല്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സൂര്യപ്രകാശത്തിൽ നിന്നാണ് വൈറ്റമിൻ ഡി മുഖ്യമായും ലഭ്യമാകേണ്ടത്. പുരുഷൻമാരും വൈറ്റമിൻ ഡിയുടെ അഭാവത്താൽ പല രോഗങ്ങൾക്കും അടിപ്പെടുന്നുണ്ട്. എന്തായാലും പൂപ്പൽ ചൊറി അഥവാ ഫംഗസ് ചൊറിയിലേക്ക് വരാം. പലപ്പോഴും ആശുപത്രികളിൽ കിടന്ന് ചികിത്സയ്ക്ക് എത്തുവർ ആശുപത്രി വിടുമ്പോഴേക്കും പൂപ്പൽ ചൊറിയുമായി വീട്ടിലേക്കു മടങ്ങുന്നത് സ്വാഭാവികമായിട്ടുണ്ട്. ഇതെല്ലാം കാണിക്കുന്നത് വ്യാപകമായ തോതിൽ ഈ ചൊറി വ്യാപിച്ചിരിക്കുന്നു എന്നതാണ്.
മുൻപ് നാടൻ പ്രയോഗങ്ങളും ചില എണ്ണകളും ഉപയോഗിച്ച് പൂപ്പൽ ചൊറിയെ നേരിട്ടിരുന്നു. ഇന്ന് ആ നാട്ടറിവ് പലരുടെ പക്കലുമില്ല. എല്ലാവരും അലോപ്പതി മരുന്നുകളെയാണ് ആശ്രയിക്കുന്നത്. അതാകട്ടെ തൽക്കാലം അവയെ അകറ്റും. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രത്യക്ഷപ്പെടും. ഒരിക്കൽ ഈ ചൊറിച്ചിൽ പിടിച്ചുകഴിഞ്ഞാൽ പിന്നെ ഇത് വിട്ടുമാറാതെ കൂടെക്കൂടുമെന്ന അവസ്ഥ. ഇതിന് അത്യുഗ്രൻ പരിഹാരമാണ് ഓറഞ്ചിന്റെ തൊലി. ഓറഞ്ചിന്റെ തൊലി പൊളിച്ച് അവയുടെ മുറിഞ്ഞ അറ്റം (അകവും പുറവുമല്ല) ചൊറിയുള്ള ഭാഗത്ത് തേയ്ക്കുക. നന്നായി ഉരച്ച് തന്നെ തേയ്ക്കാം. ആദ്യ തവണ തേയ്ക്കുമ്പോൾ തന്നെ ചൊറിച്ചിലിന് ശമനം ലഭിക്കും. അങ്ങനെ തേച്ചു കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം വെറും വെളളത്തിൽ കഴുകിക്കളയാം. ഒന്നു രണ്ടു ദിവസം കൊണ്ടു തന്നെ ഗണ്യമായ മാറ്റമുണ്ടാകും. ഒരാഴ്ച ഈ പ്രയോഗം നടത്തിയാൽ എത്ര ഉഗ്രൻ പൂപ്പൽ ചൊറിയാണെങ്കിലും പമ്പ കടക്കുന്നതാണ്. ഒറഞ്ച് തിന്നുകയാണെങ്കിൽ അഞ്ചു പൈസപോലും ഈ പ്രയോഗത്തിന് ചിലവാകില്ല. ചൊറിയും പോകും ഓറഞ്ചും തിന്നാം.