Skip to main content
മുംബൈ

govind pamsare

 

മഹാരാഷ്ട്രയില്‍ കൊല്‍ഹാപൂരില്‍ തിങ്കളാഴ്ച അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മുതിര്‍ന്ന സി.പി.ഐ നേതാവും അറിയപ്പെടുന്ന യുക്തിവാദിയുമായ ഗോവിന്ദ് പന്‍സാരെ (82) മരിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന്‍ അദ്ദേഹത്തെ വെള്ളിയാഴ്ച മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അര്‍ദ്ധരാത്രിയോടെ മരിച്ചു.

 

സമീപകാലത്ത് ടോള്‍ പിരിവിനെതിരെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന പന്‍സാരെയെ കാലത്ത് നടക്കാനിറങ്ങിയ സമയത്ത് അജ്ഞാതര്‍ വെടിവെക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ഉമയ്ക്കും വെടിയേറ്റെങ്കിലും അവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. അക്രമികളെ കുറിച്ച് ഇതുവരെ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും ദൃക്സാക്ഷികളുടെ സഹായത്തോടെ ഇവരുടെ രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.  

 

2013 ആഗസ്തില്‍ പൂനയില്‍ പ്രമുഖ യുക്തിവാദി നരേന്ദ്ര ധബോല്‍ക്കറെ വധിച്ചതിന് സമാനമാണ് പന്‍സാരെയുടെ വധം. ധബോല്‍ക്കറുടെ കൊലപാതകികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പന്‍സാരെയും തീവ്രവലതുപക്ഷ ഹിന്ദു ദേശീയവാദികളും തമ്മില്‍ പലതവണ കടുത്ത തര്‍ക്കങ്ങളും ഉണ്ടായിട്ടുണ്ട്.