Skip to main content
ന്യൂഡല്‍ഹി

 

ഡല്‍ഹിയില്‍ ഈയിടെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച അപലപിച്ചു. ഇത്തരം മൗലികവാദ പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത കാട്ടില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും കൃസ്ത്യന്‍ മതവിശ്വാസികള്‍ക്ക് മോദി ഉറപ്പ് നല്‍കി.

 

കുര്യോക്കോസ് ഏലിയാസ്‌ ചാവറ, എവുപ്രാസ്യാമ്മ എന്നിവരുടെ വിശുദ്ധപദവിയോട് അനുബന്ധിച്ച് സീറോ മലബാര്‍ സഭ സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, നജ്മ ഹെപ്ത്തുള്ള എന്നിവരും പങ്കെടുത്തു.

 

ബലപ്രയോഗമോ സ്വാധീനമോ കൂടാതെ ഇഷ്ടപ്പെട്ട മതത്തില്‍ തുടരാനോ മറ്റൊരു മതം സ്വീകരിക്കാനോ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും മോദി പറഞ്ഞു. ഭൂരിപക്ഷത്തിലോ ന്യൂനപക്ഷത്തിലോ പെടുന്ന മതസംഘങ്ങളെ മറ്റ് വിഭാഗക്കാര്‍ക്കെതിരെ പരസ്യമായോ പരോക്ഷമായോ വിദ്വേഷം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മോദി വ്യക്തമാക്കി. മതവിദ്വേഷ നടപടികള്‍ ലോകമാകെ വര്‍ധിച്ചുവരികയാണെന്നും ഇത് ഒരു ആഗോള പ്രശ്നമായി മാറിയിരിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

 

വി.എച്ച്.പി നടത്തുന്ന മതപരിവര്‍ത്തന പരിപാടി ഘര്‍ വാപ്സിയുടേയും ഡല്‍ഹിയിലെ വിവിധ പള്ളികള്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഈ നിരീക്ഷണം ശ്രദ്ധേയമാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വാഗ്ദാനങ്ങള്‍ നല്‍കിയാണ്‌ വി.എച്ച്.പി ഘര്‍ വാപ്സി ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് ആരോപണം ഉണ്ടായിരുന്നു.

 

ചടങ്ങില്‍ സംസാരിച്ച സീറോ മലബാര്‍ സഭാമേധാവി കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഡല്‍ഹിയില്‍ ഡല്‍ഹിയില്‍ ഈയിടെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും മതപരിവര്‍ത്തന നിരോധന നിയമത്തിനായി ഉയരുന്ന ആവശ്യങ്ങളിലും ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യത്യസ്ത മതവിശ്വാസികള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാന്‍ ഇത്തരം നിയമം ഇടയാക്കുമെന്ന്‍ ആലഞ്ചേരി അഭിപ്രായപ്പെട്ടു. അതേസമയം, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് സഭ എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.