ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഞായറാഴ്ച ഏറ്റുമുട്ടാനിരിക്കെ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ മഞ്ഞുരുകലിന് കളി ഒരിക്കല്‍ക്കൂടി അവസരമാകുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫുമായി സംസാരിച്ചതായും ലോകകപ്പ് മത്സരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു.
Spoke to President @ashrafghani, PM Sheikh Hasina, PM Nawaz Sharif & President Sirisena. Conveyed my best wishes for the Cricket World Cup.
— Narendra Modi (@narendramodi) February 13, 2015
ലോകകപ്പില്‍ മത്സരിക്കുന്ന മറ്റ് സാര്‍ക്ക് അംഗരാഷ്ടങ്ങളുടെ നേതാക്കളുമായും സംസാരിച്ചതായി മോദി അറിയിച്ചു. ബംഗ്ലാദേശ് പ്രസിഡന്റ് ഷെയ്ഖ് ഹസീന, ശ്രീലങ്ക പ്രസിഡന്റ് മൈത്രിപാല സിരിസേന, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഘനി എന്നിവരെയാണ് മോദി വിളിച്ചത്. ക്രിക്കറ്റ് ദക്ഷിണേഷ്യയിലെ ജനങ്ങളെ ബന്ധിപ്പിക്കുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു. വ്യാഴാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എല്ലാ അംഗങ്ങള്‍ക്കും മോദി ട്വിറ്ററില്‍ ആശംസകള്‍ നേര്‍ന്നിരുന്നു.
നിലവില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര സംഭാഷണങ്ങള്‍ ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുകയാണ്. കശ്മീര്‍ വിഘടനവാദി നേതാക്കളുമായി ന്യൂഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു ഇന്ത്യയുടെ നടപടി. എന്നാല്‍, ഈയിടെ ഇന്ത്യ സന്ദര്‍ശിച്ച യു.എസ് പ്രസിഡന്റ് ബരാക് ഒബാമ സംഭാഷണങ്ങള്‍ പുനരാംഭിക്കാന്‍ മോദിയോട് അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2011 ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം കാണാന്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പാക് പ്രധാനമന്ത്രിയായിരുന്ന യൂസഫ് റാസ ഗിലാനിയെ ക്ഷണിച്ചിരുന്നു. 2008-ലെ മുംബൈ ഭീകാരക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ നയതന്ത്ര സംഘര്‍ഷത്തില്‍ അയവ് വരുത്തിയ നടപടിയായിരുന്നു അത്. ഗിലാനി ക്ഷണം സ്വീകരിക്കുകയും മൊഹാലിയില്‍ നടന്ന കളി കാണാനെത്തുകയും ചെയ്തു.